പെട്രോള്‍, ഡീസല്‍ വില വീണ്ടും വെട്ടിക്കുറച്ചു

Saturday 1 November 2014 2:19 am IST

ന്യൂദല്‍ഹി: പെട്രോള്‍, ഡീസല്‍ വില വീണ്ടും കുത്തനെ വെട്ടിക്കുറച്ചു. പെട്രോളിന് 2.41 രൂപയും ഡീസലിന് 2.25 രൂപയുമാണ് കുറച്ചത്. പുതിയ വില ഇന്നലെ അര്‍ധരാത്രി മുതല്‍ നിലവില്‍വന്നു. അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വില താഴ്ന്നതാണ് വില വെട്ടിക്കുറയ്ക്കാന്‍ ഒരു കാരണം. നരേന്ദ്ര മോദി സര്‍ക്കാര്‍ വന്നശേഷം പലതവണകളായി പെട്രോള്‍ വില ഒമ്പതു രൂപയിലേറെയും ഡീസല്‍ വില ആറു രൂപയോളവും കുറച്ചുകഴിഞ്ഞു. ഇതോടെ പെട്രോള്‍ വില കഴിഞ്ഞ പതിനാറ് മാസത്തിനിടെയിലെ ഏറ്റവും കുറഞ്ഞ നിലയിലെത്തി. ആഗസ്തിനുശേഷം പെട്രോള്‍ വില കുറയ്ക്കുന്നത് ഇത് ആറാം തവണയാണ്; ഡീസല്‍ വിലയില്‍ ഇളവ് വരുത്തുന്നത് രണ്ടാംവട്ടവും. ഒക്‌ടോബര്‍ 18ന് ഡീസല്‍ വില നിയന്ത്രണം നീക്കിയശേഷം അന്നു തന്നെ 3.27 രൂപ കുറച്ചിരുന്നു. അതിനു മുന്‍പ് 2009 ലാണ് ഡീസല്‍ വില അവസാനമായി കുറച്ചത്. അന്ന് രണ്ടു രൂപ കുറച്ച് 30.86 രൂപയില്‍ എത്തിച്ചിരുന്നു. പെട്രോള്‍ വിലയില്‍ ഇതിനകം ആകെ പത്തു ശതമാനത്തോളം കുറവുണ്ടായിട്ടുണ്ട്. ഇപ്പോള്‍ ദല്‍ഹിയില്‍ പെട്രോള്‍ വില 64.25 രൂപയും ഡീസല്‍ വില. 53.35 രൂപയുമായി. മുംബൈയിലെ പെട്രോള്‍ വില  71.91 രൂപയും ഡീസല്‍ വില  61.04 രൂപയുമാണ്. സബ്‌സിഡിയില്ലാത്ത പാചക വാതക വിലയും ഈ മാസം  18.50 രൂപ കുറച്ചിരുന്നു. പെട്രോള്‍, ഡീസല്‍, പാചക വാതകം എന്നിവയുടെ വില കേന്ദ്രസര്‍ക്കാര്‍ ക്രമാനുഗതമായി താഴ്ത്തി വരുമ്പോള്‍ സംസ്ഥാനം ആരോരുമറിയാതെ ഇവയുടെ വില്‍പ്പന നികുതി കൂട്ടുകയായിരുന്നു. ബാറുകള്‍ പൂട്ടിയതു മൂലമുണ്ടായ പ്രതിസന്ധി മറികടക്കാനുള്ള പുതിയ മാര്‍ഗമായും ഇന്ധന നികുതി വര്‍ധനവിനെ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ കണക്കാക്കുന്നുണ്ട്. 2009ന് ശേഷം ഡീസലിന് മൂന്നര രൂപയോളം കുറച്ചതിനു തൊട്ടുപിന്നാലെ സംസ്ഥാനം ഇവയുടെ നികുതി വര്‍ധിപ്പിച്ചിരുന്നു. ജനങ്ങള്‍ക്ക് ആശ്വാസം നല്‍കുന്ന പുതിയ വിലക്കുറവ്  നിലവില്‍ വന്നെങ്കിലും ഇതു പൂര്‍ണമായി ലഭിക്കാത്തവിധത്തില്‍ നികുതി വര്‍ധിപ്പിക്കാനുള്ള നീക്കം സംസ്ഥാനത്തിന്റെ ഭാഗത്തുനിന്നും ആരംഭിച്ചിട്ടുണ്ട്.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.