മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മനുഷ്യാവകാശ കമ്മീഷനംഗം സന്ദര്‍ശനം നടത്തി

Friday 31 October 2014 9:55 pm IST

അമ്പലപ്പുഴ: മനുഷ്യാവകാശ കമ്മീഷനംഗം എ. നടരാജന്‍ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സന്ദര്‍ശനം നടത്തി. വെള്ളിയാഴ്ച ഉച്ചയോടെയാണ് കമ്മീഷനംഗം സന്ദര്‍ശനം നടത്തിയത്. വിവിധ വാര്‍ഡുകളിലും മറ്റും പരിശോധന നടത്തിയ അദ്ദേഹം ആശുപത്രിയിലെ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ തികഞ്ഞ അതൃപ്തി രേഖപ്പെടുത്തി. അടിയന്തരമായി ശുചീകരണ പ്രവര്‍ത്തനം കുറ്റമറ്റതാക്കണമെന്നും നിര്‍മാണം പൂര്‍ത്തീകരിച്ച പുതിയ ബ്ലോക്കുകള്‍ രോഗികള്‍ക്ക് ഉടന്‍ തുറന്നുകൊടുക്കണമെന്നും കമ്മീഷനംഗം ആശുപത്രിഅധികൃതരോട് നിര്‍ദേശിച്ചു. അതിനിടെ മനുഷ്യാവകാശ കമ്മീഷന്‍ സന്ദര്‍ശനം നടത്തിയ ദുവസം തന്നെ ആശുപത്രിയില്‍ എക്‌സ്-റേ പരിശോധനയും അവതാളത്തിലായി. ഒരു മാസത്തിന് മുമ്പ് ഇവിടെ ഫിലിം തീര്‍ന്നതിനാല്‍ ഡിജിറ്റല്‍ എക്‌സ്-റേ പരിശോധനയാണ് നടത്തിവന്നിരുന്നത്. ഇത് വെള്ളിയാഴ്ച തീര്‍ന്നതോടെ ആശുപത്രിയില്‍ എക്‌സ്-റേ പരിശോധന പൂര്‍ണമായും നിലച്ചു. വയര്‍, നെഞ്ച്, കാല്‍ തുടങ്ങിയ പ്രധാന ഭാഗങ്ങളുടെ പരിശോധന ഇതുമൂലം നടക്കില്ല. പ്രതിദിനം ഇരുന്നൂറ്റി അമ്പതോളം രോഗികളാണ് ആശുപത്രിയില്‍ എക്‌സ്-റേ പരിശോധനക്ക് വിധേയമാകുന്നത്. വാഹനാപകടങ്ങളും മറ്റും വര്‍ധിക്കുമ്പോള്‍ തിരക്ക് വര്‍ധിക്കും. ഡിജിറ്റല്‍ എക്‌സ്-റേയ്ക്ക് 70 രൂപയാണ് രോഗിയില്‍നിന്ന് ഈടാക്കുന്നത്. ഒരു രോഗിക്ക് ഒന്നില്‍കൂടുതല്‍ എക്‌സ്-റേ എടുക്കണമെങ്കില്‍ ഓരോന്നിനും എഴുപതു രൂപാവീതം അടക്കണം. സ്വകാര്യ ലാബുകളില്‍ ഇതിന് 250 രൂപവരെയാണ് ഈടാക്കുന്നത്. ആശുപത്രി അധികൃതരുടെ അലംഭാവം മൂലം പാവപ്പെട്ട നൂറ് കണക്കിന് രോഗികളാണ് ദുരിതത്തിലായിരിക്കുന്നത്. ഫിലിം തീര്‍ന്ന വിവരം ആഴ്ചകള്‍ക്ക് മുമ്പുതന്നെ ജീവനക്കാര്‍ ആശുപത്രി അധികൃതരെ അറിയിച്ചിരുന്നെങ്കിലും ഇത് പരിഹരിക്കാന്‍ യാതൊരു നടപടിയും കൈക്കൊണ്ടില്ല. രോഗികളില്‍നിന്ന് എക്‌സ്-റേ പരിശോധനയുടെ പേര് പറഞ്ഞ് പ്രതിദിനം ആയിരക്കണക്കിന് രൂപാ ആശുപത്രി വികസന സമിതി ഈടാക്കുന്നുണ്ടെങ്കിലും ഇതൊന്നും രോഗികളുടെ ആവശ്യത്തിനായി ചെലവഴിക്കാറില്ല. അടിയന്തരമായി ഫിലിം ലഭ്യമാക്കി എക്‌സ്-റേ പരിശോധന പുനഃസ്ഥാപിക്കണമെന്ന് ആവശ്യമുയരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.