സിപിഐയിലെ പേയ്‌മെന്റ് സീറ്റ് വിവാദം: അമിക്കസ്‌ക്യൂറി അന്വേഷിക്കും

Saturday 1 November 2014 1:39 am IST

തിരുവനന്തപുരം: ലോകസഭാ തെരഞ്ഞെടുപ്പില്‍ സിപിഐയിലുണ്ടായ പേയ്‌മെന്റ് സീറ്റ് വിവാദം അമിക്കസ് ക്യൂറി അന്വേഷിക്കും. ഹൈക്കോടതി അഭിഭാഷകന്‍ അഡ്വ.ജെ. ഹരികുമാറിനെ അമിക്കസ് ക്യൂറിയായി ലോകായുക്ത നിയമിച്ചു. കേസിലെ നിയമവശങ്ങളില്‍ അമിക്കസ് ക്യൂറി കോടതിയെ സഹായിക്കും. ലോകസഭാ തെരഞ്ഞെടുപ്പില്‍ ഇടതുസ്ഥാനാര്‍ഥിയാകാന്‍ ഡോ. ബെന്നറ്റ് എബ്രഹാം സിപിഐ നേതാക്കള്‍ക്ക് കോഴ നല്‍കി എന്ന ആരോപണത്തെ തുടര്‍ന്ന് സമര്‍പ്പിച്ച ഹര്‍ജിയിലാണ് കേസെടുത്ത് അന്വേഷിക്കാന്‍ ഈമാസം 20ന് ലോകായുക്ത ഉത്തരവിട്ടത്. വേണ്ടിവന്നാല്‍ പാര്‍ട്ടി ഓഫിസില്‍നിന്ന് മിനിട്‌സ് പിടിച്ചെടുക്കാനും അന്വേഷണ ഉദ്യോഗസ്ഥനായ പോലിസ് അക്കാദമി ഡയറക്ടര്‍ ഐ.ജി സുരേഷ് രാജ് പുരോഹിതിന് നിര്‍ദേശം നല്‍കിയിരുന്നു. ചിറയിന്‍കീഴ് മുരുക്കുംപുഴ സ്വദേശി ഷംനാദാണ് ഹര്‍ജി നല്‍കിയത്. അതേസമയം വിധിക്കെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍രവീന്ദ്രന്‍ നല്‍കിയ പുനപരിശോധനാ ഹര്‍ജി പരിഗണിച്ച് രേഖകള്‍ പിടിച്ചെടുക്കുന്നത് കോടതി അടുത്തമാസം 30വരെ സ്‌റ്റേ ചെയ്തിട്ടുണ്ട്. ലോകായുക്ത ജസ്റ്റിസ് പയസ് കുര്യാക്കോസ്, ഉപലോകായുക്ത ജസ്റ്റിസ് കെ.ബി. ബാലചന്ദ്രന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റേതാണ് ഉത്തരവ്. പാര്‍ട്ടി സംസ്ഥാന കൗണ്‍സില്‍ യോഗത്തിന്റെ മിനിട്‌സും കോഴവിവാദം അന്വേഷിച്ച പാര്‍ട്ടി അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടും പിടിച്ചെടുക്കാന്‍ ലോകായുക്തക്ക് അധികാരമില്ലെന്ന് കാണിച്ചാണ് പന്ന്യന്‍ പുന:പരിശോധനാ ഹര്‍ജി നല്‍കിയത്. ബെന്നറ്റിന്റെ സ്ഥാനാര്‍ഥിത്വവും മൂന്നംഗ അന്വേഷണ കമ്മീഷനുമെല്ലാം പാര്‍ട്ടിയുടെ ആഭ്യന്തരകാര്യമാണെന്നു ഹര്‍ജിയില്‍ വിശദീകരിക്കുന്നു. കേസ് അടുത്തമാസം പതിനാലിനു വീണ്ടും പരിഗണിക്കും. പാര്‍ട്ടി നടത്തിയ അന്വേഷണത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര എക്‌സിക്യൂട്ടീവ് അംഗം സി. ദിവാകരന്‍, സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം അഡ്വ.പി. രാമചന്ദ്രന്‍നായര്‍, തിരുവനന്തപുരം ജില്ലാ സെക്രട്ടറി വെഞ്ഞാറമൂട് ശശി എന്നിവര്‍ക്കെതിരെ പാര്‍ട്ടി നേതൃത്വം അച്ചടക്ക നടപടി സ്വീകരിച്ചിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.