സിഖ് വിരുദ്ധ കലാപം ഭാരതത്തിന്റെ ആത്മാവില്‍ തുളച്ചുകയറിയ കഠാര: പ്രധാനമന്ത്രി

Saturday 1 November 2014 2:32 am IST

ന്യൂദല്‍ഹി: ഭാരതത്തിന്റെ ആത്മാവില്‍ തുളച്ചുകയറിയ കഠാരയാണ് 19984ലെ സിഖ് വിരുദ്ധ കലാപമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കുമായി ജീവിച്ചുമരിച്ച സര്‍ദാര്‍ വല്ലഭ ഭായ് പട്ടേലിന്റെ ജന്മദിനത്തില്‍ നടന്ന  ഇന്ദിരാഗാന്ധി വധവും സിഖുവിരുദ്ധ കലാപവും രാജ്യത്തെ ആഴത്തില്‍ മുറിവേല്‍പ്പിച്ചു. നമ്മുടെ സ്വന്തം ആളുകളാണ് കലാപത്തില്‍ കൊല്ലപ്പെട്ടത്. സര്‍ദാര്‍ പട്ടേല്‍ ജന്മവാര്‍ഷികദിനത്തില്‍ രാജ്യതലസ്ഥാനത്തു നടന്ന 'റണ്‍ ഫോര്‍ യൂണിറ്റി' കൂട്ടയോട്ടം ഫഌഗ് ഓഫ് ചെയ്തു സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. രാഷ്ട്രീയത്തേയും ദേശീയ കാഴ്ചപ്പാടുകളേയും രണ്ടാക്കി കാണാതെ ജീവിച്ച വ്യക്തിയായിരുന്നു സര്‍ദാര്‍ പട്ടേല്‍. അദ്ദേഹമില്ലായിരുന്നെങ്കില്‍ മഹാത്മാ ഗാന്ധി ഒരിക്കലും പൂര്‍ണ്ണനാവുമായിരുന്നില്ല. ഇരുവരും തമ്മില്‍ അഭേദ്യമായ ബന്ധമാണുണ്ടായിരുന്നത്. കര്‍ഷകരെ സ്വാതന്ത്ര്യസമരത്തില്‍ അണിനിരത്തിയത് ഇരുവരും ചേര്‍ന്നയാരിന്നു. ആധുനികഭാരതത്തിന്റെ സ്രഷ്ടാവാണ് സര്‍ദാര്‍ പട്ടേല്‍. എന്നാല്‍ നാം അദ്ദേഹത്തെ വേണ്ടവിധത്തില്‍ ആദരിക്കാന്‍ തയ്യാറായിട്ടില്ല. രാജ്യത്തിന്റെ അഖണ്ഡത ഊട്ടിയുറപ്പിക്കുന്നതിനുവേണ്ട നടപടികള്‍ സ്വീകരിച്ചതു പട്ടേലായിരുന്നു, നരേന്ദ്രമോദി സ്മരിച്ചു. നൂറ്റാണ്ടുകള്‍ കഴിഞ്ഞാലും സര്‍ദാര്‍ പട്ടേലിന്റെ സംഭാവനകള്‍ ഭാരതത്തിന് ഒരിക്കലും മറക്കാനാവില്ല. 550 ചെറുനാട്ടുരാജ്യങ്ങളെ ഒന്നാക്കി ശക്തമായ രാജ്യമാക്കി മാറ്റിയത് അദ്ദേഹമാണ്. എന്നാല്‍ രാജ്യത്തിന്റെ ഐക്യത്തിനായി ജീവിതം ഉഴിഞ്ഞുവെച്ച അദ്ദേഹത്തിനെതിരെ വിമര്‍ശനങ്ങളും എതിര്‍പ്പുകളുമുയര്‍ന്നിരുന്നു. ദേശഭക്തിയും കാഴ്ചപ്പാടും കഴിവും ഉപയോഗിച്ചാണ് പട്ടേല്‍ രാജ്യത്തെ ഒന്നാക്കിയത്. രാജ്യത്തെ പലതാക്കി ഭിന്നിപ്പിക്കാനുള്ള ബ്രിട്ടീഷുകാരുടെ തന്ത്രത്തെ തകര്‍ത്തതും ആ മഹാന്‍ തന്നെ. ഏതെങ്കിലുമൊരു നേതാവിന്റെ പ്രാധാന്യം ഇല്ലാതാക്കുന്നതിനായിട്ടല്ല സര്‍ദാറിന്റെ ജന്മദിനാഘോഷങ്ങള്‍ നടത്തുന്നതെന്ന് മോദി വ്യക്തമാക്കി. ഭാരതത്തിന്റെ പാരമ്പര്യം നാനാത്വത്തില്‍ ഏകത്വമെന്നുള്ളതാണ്. തത്വശാസ്ത്രങ്ങള്‍ തമ്മില്‍ പല അഭിപ്രായ ഭിന്നതകളുണ്ടായാലും രാജ്യത്തിന്റെ അഖണ്ഡതയെ ആര്‍ക്കും ഇല്ലാതാക്കാന്‍ കഴിയാത്തത് അതുകൊണ്ടാണ്. ജാതി-മത-രാഷ്ട്രീയ വത്യാസങ്ങള്‍ക്കതീതമായി ഉയരേണ്ട സമയം അതിക്രമിച്ചതായും നരേന്ദ്രമോദി കൂട്ടിച്ചേര്‍ത്തു. വിജയ് ചൗക്കില്‍ നടന്ന ചടങ്ങില്‍ പ്രധാനമന്ത്രി ഐക്യപ്രതിജ്ഞ ചൊല്ലിനല്‍കി. തുടര്‍ന്ന് കൂട്ടയോട്ടത്തിന്റെ ഫഌഗ് ഓഫ് പ്രധാനമന്ത്രി നിര്‍വഹിച്ചു. വിവിധ രംഗങ്ങളിലെ പ്രമുഖവ്യക്തിത്വങ്ങള്‍ പ്രധാനമന്ത്രിക്കൊപ്പം ഇന്ത്യാഗേറ്റ് വരെ നടന്ന റണ്‍ ഫോര്‍ യൂണിറ്റി കൂട്ടയോട്ടത്തില്‍ പങ്കെടുത്തു. നഗരവികസന മന്ത്രി വെങ്കയ്യ നായിഡു സ്വാഗതം പറഞ്ഞു. കായികതാരങ്ങളായ സുശീല്‍കുമാര്‍, വിജേന്ദര്‍ സിങ്, വീരേന്ദ്രസേവാഗ്, ഗൗതം ഗംഭീര്‍ എന്നിവര്‍ക്കൊപ്പം വിദേശകാര്യമന്ത്രി സുഷമാ സ്വരാജ്, പ്രതിരോധമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി തുടങ്ങിയവരും കൂട്ടയോട്ടത്തില്‍ പങ്കെടുത്തു. പട്ടേല്‍ചൗക്കിലെ സര്‍ദാര്‍ പട്ടേല്‍ പ്രതിമയില്‍ പ്രധാനമന്ത്രി ഹാരാര്‍പ്പണം നടത്തി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.