കള്ളപ്പണത്തെക്കുറിച്ച്‌ ധവളപത്രം വേണം: അദ്വാനി

Monday 10 October 2011 11:04 pm IST

ന്യൂദല്‍ഹി: കള്ളപ്പണത്തെക്കുറിച്ച്‌ ധവളപത്രം ഇറക്കണമെന്ന്‌ മുതിര്‍ന്ന ബിജെപി നേതാവ്‌ കേന്ദ്രത്തോട്‌ ആവശ്യപ്പെട്ടു. നേതൃത്വത്തിന്റെ അഭാവമാണ്‌ യുപിഎ സര്‍ക്കാരിനെതിരെയുള്ള ജനരോഷത്തിന്‌ പ്രധാന കാരണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
രാഷ്ട്രീയത്തിലും സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളിലും യുപിഎ ധാര്‍മികമായി അധഃപതിച്ചിരിക്കയാണെന്ന്‌ അദ്ദേഹം കുറ്റപ്പെടുത്തി. ജയപ്രകാശ്‌ നാരായന്റെ ജന്മസ്ഥലമായ ബീഹാറിലെ സീതാബ്‌ ദിയാറയില്‍നിന്ന്‌ ഇന്നാരംഭിക്കുന്ന ജനചേതനാ യാത്രക്കുള്ള ഒരുക്കങ്ങള്‍ക്കിടെ വാര്‍ത്താ ലേഖകരോട്‌ സംസാരിക്കുകയായിരുന്നു അദ്വാനി. സല്‍ഭരണത്തിന്റെ ആവശ്യകത ഉയര്‍ത്തിക്കാട്ടുന്ന യാത്രയില്‍ അഴിമതി, കള്ളപ്പണം തുടങ്ങിയ വിഷയങ്ങള്‍ തുറന്നുകാട്ടും. ഈ പ്രശ്നങ്ങള്‍ക്കെതിരെ ബോധവല്‍ക്കരണം നടത്തുന്നതില്‍ പൊതുസമൂഹം വഹിക്കുന്ന പങ്കിനെ അദ്ദേഹം പ്രകീര്‍ത്തിച്ചു. പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെക്കുറിച്ചുള്ള ചോദ്യത്തോട്‌ പ്രതികരിക്കവെ ഇത്തരം കാര്യങ്ങളിലെല്ലാം തെരഞ്ഞെടുപ്പിന്‌ ശേഷമായിരിക്കും തീരുമാനമെന്ന്‌ അദ്ദേഹം വ്യക്തമാക്കി.
ജനചേതനാ യാത്ര നയിച്ചെത്തുന്ന എല്‍.കെ. അദ്വാനി കേരളത്തില്‍ ആറ്‌ സ്ഥലങ്ങളില്‍ പ്രസംഗിക്കും. തിരുവനന്തപുരം, കൊട്ടാരക്കര, പന്തളം, കോട്ടയം, ചേര്‍ത്തല, എറണാകുളം എന്നിവിടങ്ങളിലാണ്‌ അദ്വാനി ജനങ്ങളെ അഭിസംബോധന ചെയ്യുന്നത്‌. ജനചേതനയാ യാത്രയ്ക്ക്‌ മുന്നോടിയായി ഇന്ന്‌ കേരളത്തില്‍ ബിജെപി വിളംബരദിനമായി ആചരിക്കും. പ്രഭാതഭേരികളും പ്രകടനങ്ങളുമാണ്‌ വിളംബരദിനത്തില്‍ നടക്കുന്നത്‌.
28 ന്‌ തമിഴ്‌നാട്ടിലെ തെങ്കാശിയില്‍നിന്ന്‌ ഉച്ചകഴിഞ്ഞ്‌ കൊല്ലം ആര്യങ്കാവിലെത്തുന്ന രഥയാത്രയെ സംസ്ഥാന നേതാക്കള്‍ ചേര്‍ന്ന്‌ സ്വീകരിക്കും. തുടര്‍ന്ന്‌ വൈകിട്ട്‌ 6 മണിക്ക്‌ തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനിയില്‍ നടക്കുന്ന പൊതുസമ്മേളനത്തില്‍ അദ്വാനി പ്രസംഗിക്കും. 29 ന്‌ രാവിലെ 9 മണിക്ക്‌ മാധ്യമപ്രവര്‍ത്തകരുമായി നടക്കുന്ന അഭിമുഖത്തിന്‌ ശേഷം 11 മണിക്ക്‌ കൊട്ടാരക്കരയിലാണ്‌ അദ്വാനിയുടെ ആദ്യ പരിപാടി. തുടര്‍ന്ന്‌ 12.30 ന്‌ പന്തളത്ത്‌ പ്രസംഗിക്കും. പന്തളത്ത്‌ ഭക്ഷണത്തിന്‌ ശേഷം 3 മണിയോടെ കോട്ടയത്തെത്തുന്ന അദ്ദേഹം തിരുനക്കരയില്‍ പ്രത്യേകം തയ്യാറാക്കുന്ന വേദിയില്‍ പ്രസംഗിക്കും. തുടര്‍ന്ന്‌ 4.30 ന്‌ ചേര്‍ത്തലയിലും പങ്കെടുക്കും. വൈകിട്ട്‌ 6 മണിക്ക്‌ എറണാകുളം മറൈന്‍ഡ്രൈവിലാണ്‌ സമാപനപരിപാടി.
പതിനായിരക്കണക്കിന്‌ പ്രവര്‍ത്തകരെയാണ്‌ പൊതുയോഗങ്ങളില്‍ പങ്കെടുപ്പിക്കുന്നത്‌. 30 ന്‌ രാവിലെ എറണാകുളത്ത്‌ മാധ്യമപ്രവര്‍ത്തകരെ കാണുന്ന എല്‍.കെ. അദ്വാനി തുടര്‍ന്ന്‌ ബാംഗ്ലൂരിലേക്ക്‌ വിമാനമാര്‍ഗം പോകും. 30 ന്‌ വൈകിട്ട്‌ ബാംഗ്ലൂരില്‍ നടക്കുന്ന പരിപാടിയില്‍ അദ്ദേഹം പ്രസംഗിക്കും. രഥയാത്രാ സംഘം കൊച്ചിയില്‍നിന്ന്‌ മംഗലാപുരത്തേക്ക്‌ റോഡുമാര്‍ഗം എത്തിച്ചേരും.
31 ന്‌ രാവിലെ വീണ്ടും മംഗലാപുരത്തുനിന്നും ജനചേതനായാത്രയില്‍ അദ്വാനി പങ്കുചേരും. ജനചേതനായാത്രയുടെ സംസ്ഥാനത്തെ നടത്തിപ്പു ചുമതല സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണനാണ്‌. സി. ശിവന്‍കുട്ടി (തിരുവനന്തപുരം), സംസ്ഥാന സെക്രട്ടറി കെ.എസ്‌. രാജന്‍ (കൊല്ലം), സംസ്ഥാന വക്താവ്‌ ജോര്‍ജ്ജ്‌ കുര്യന്‍ (പത്തനംതിട്ട), സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ പ്രതാപചന്ദ്രവര്‍മ്മ (കോട്ടയം), എ.എന്‍. രാധാകൃഷ്ണന്‍ (എറണാകുളം) എന്നിവരാണ്‌ വിവിധ ജില്ലകളിലെ പരിപാടികളുടെ ചുമതല നിര്‍വ്വഹിക്കുന്നത്‌. ജനസംഘം സ്ഥാപനദിനമായ ഒക്ടോബര്‍ 21 ന്‌ സംസ്ഥാനത്ത്‌ ബിജെപി പതാകദിനമായും ആചരിക്കും.