പൈപ്പ് ലൈന്‍ വീണ്ടും പൊട്ടി; ജപ്പാന്‍കുടിവെള്ള വിതരണം മുടങ്ങി

Saturday 1 November 2014 9:36 pm IST

ചേര്‍ത്തല: ജപ്പാന്‍ കുടിവെള്ള പദ്ധതിയുടെ പൈപ്പ് ലൈന്‍ വീണ്ടും പൊട്ടി. ചേര്‍ത്തലയില്‍ ശുദ്ധജല വിതരണം മുടങ്ങി. കോടികള്‍ മുടക്കിയ ജപ്പാന്‍ കുടിവെള്ള വിതരണപദ്ധതി താളംതെറ്റിയതില്‍ പ്രതിഷേധം വ്യാപകം. കെവിഎം ജങ്ഷന് സമീപം ജപ്പാന്‍കുടിവെള്ള പദ്ധതിയുടെ  600 എംഎം ജിആര്‍പി പൈപ്പ് ലൈനിലാണ് ലീക്ക് കണ്ടെത്തിയത്. തുടര്‍ന്ന് അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ വരുന്ന രണ്ട് ദിവസങ്ങളില്‍ ചേര്‍ത്തല നഗരം, കഞ്ഞിക്കുഴി, മുഹമ്മ, മാരാരിക്കുളം നോര്‍ത്ത് എന്നിവിടങ്ങളില്‍ കുടിവെള്ള വിതരണം മുടങ്ങുമെന്ന് ഹെഡ് വര്‍ക്‌സ് സബ് ഡിവിഷന്‍ അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. മറവന്‍തുരുത്തില്‍ പൈപ്പ് പൊട്ടിയതുമൂലം കഴിഞ്ഞ കുറച്ചു നാളുകളായി നിലച്ചിരുന്ന കുടിവെള്ളവിതരണം പുനരാരംഭിച്ചിട്ട് രണ്ടു ദിവസമേയായുള്ളു. ചേര്‍ത്തല താലൂക്കിലെ 18 പഞ്ചായത്തിലും സമഗ്രജലവിതരണം ലക്ഷ്യമിട്ട് 2012 മാര്‍ച്ചില്‍ കമ്മിഷന്‍ ചെയ്ത പദ്ധതി രണ്ടുവര്‍ഷം പിന്നിടുമ്പോഴും ലക്ഷ്യത്തിന്റെ 10 ശതമാനം പോലും എത്തിയില്ല. 50,000 വീടുകളില്‍ കണക്ഷന്‍ നല്‍കി ജലവിതരണം ഉറപ്പാക്കാനായിരുന്നു പദ്ധതി ലക്ഷ്യം. എന്നാല്‍ 10,000 കണക്ഷന്‍ പോലും എടുപ്പിക്കാന്‍ അധികൃതര്‍ക്കു കഴിഞ്ഞിട്ടില്ല. വലിയ പൈപ്പുകള്‍ പൊട്ടി വീടുകള്‍ വെള്ളത്തിലായാലും വെള്ളം പാഴായാലും അധികൃതര്‍ തിരിഞ്ഞു നോക്കാത്ത അവസ്ഥ പല സമയത്തും ആവര്‍ത്തിച്ചു. പല സ്ഥലങ്ങളിലും കാലപ്പഴക്കം അധികമില്ലാത്ത വാട്ടര്‍ടാങ്കുകള്‍ ഉപേക്ഷിച്ചാണ് പുതിയത് നിര്‍മിച്ചത്. പഴയവ പൊളിച്ചുനീക്കാനും ജപ്പാന്‍ കുടിവെള്ള പദ്ധതിയുടെ നടത്തിപ്പുകാര്‍ തയ്യാറായില്ല. ശുദ്ധീകരണ പ്ലാന്റിന്റെ ചുമതല സ്വകാര്യ കമ്പനിക്കു കരാര്‍ ചെയ്തതിലൂടെ  ഒരു ദിവസം ശുദ്ധീകരണം നടക്കാതിരുന്നാല്‍ കമ്പനിക്ക് ലക്ഷങ്ങള്‍ ലഭിക്കുന്നുണ്ടെന്നാണ് രഹസ്യവിവരം. ഇതിനുവേണ്ടി സമ്മര്‍ദ്ദം കൂട്ടി പമ്പിങ് നടത്തുകയാണെന്നും അങ്ങനെയാണ് പൈപ്പുകള്‍ പൊട്ടുന്നതെന്നും ആക്ഷേപം ശക്തമായിട്ടുണ്ട്. 10,000 രൂപവരെ നല്‍കിയാണ് ശുദ്ധജലം ലഭിക്കാന്‍ നാട്ടുകാര്‍ ജപ്പാന്‍ കുടിവെള്ള പദ്ധതിയെ ആശ്രയിക്കുന്നത്. എന്നാല്‍ പൈപ്പുകളിലൂടെ കാറ്റ് മാത്രമാണ് എത്തുന്നത്. ഇപ്പോള്‍ ഹൗസ് കണക്ഷന്‍ നല്‍കാന്‍ നിര്‍മാണ സാമഗ്രികള്‍ അടങ്ങുന്ന കിറ്റ് ലഭ്യമല്ലെന്നാണ് അധികൃതര്‍ പറയുന്നത്.അഴിമതിയും കെടുകാര്യസ്ഥതയും കൊടികുത്തിവാഴുന്ന ഓഫിസ് നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ തയാറാകുന്നില്ല എന്ന് വ്യാപകമായി പരാതി ഉയര്‍ന്നിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.