അനാശാസ്യപ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാരിന്റെ പിന്തുണ;യുവമോര്‍ച്ച

Saturday 1 November 2014 10:36 pm IST

കോഴിക്കോട്: അനാശാസ്യ നടപടികള്‍ക്ക് സഹായവും പിന്തുണയും നല്‍കുന്ന സമീപനമാണ് സര്‍ക്കാരും പോലീസും നിര്‍വഹിക്കുന്നതെന്ന് യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ. പി. സുധീര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കോഴിക്കോട് ഡൗണ്‍ ടൗണ്‍ റസ്റ്റോറന്റില്‍ നടന്ന അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ദൂരവ്യാപകമായ മാനങ്ങളുണ്ട്. ഐസ്‌ക്രീം പാര്‍ലര്‍ പെണ്‍വാണിഭത്തിന് സമാനമായ കാര്യങ്ങളാണ് റസ്റ്റോറന്റിന്റെ മറവില്‍ നടന്നത്. പ്രായപൂര്‍ത്തിയെത്താത്ത പെണ്‍കുട്ടുകളെയടക്കം പ്രലോഭിപ്പിച്ച് റസ്റ്റോറണ്ടിലെത്തിച്ച് ചൂഷണം ചെയ്തു. സിസിടിവി ക്യാമറയിലെ ദൃശ്യങ്ങള്‍ പിടിച്ചെടുത്ത് അന്വേഷിക്കാന്‍ പോലീസ് തയാറാകണം. കട നടത്തിപ്പുകാരുടെ ക്രിമിനല്‍ ബന്ധം അന്വേഷിക്കുന്നതിന് പകരം യുവമോര്‍ച്ച പ്രവര്‍ത്തകരെ വേട്ടയാടുകയാണ് പോലീസ് ചെയ്യുന്നത്. മാഹി ജ്വല്ലറി കവര്‍ച്ചക്കേസിലെ പ്രതികളില്‍ ചിലരാണ് കടയുടമകള്‍. കടയുടെ മറവില്‍ നടന്ന അനാശാസ്യ നടപടികള്‍ റിക്കാര്‍ഡു ചെയ്ത് ദുരുപയോഗിച്ചിട്ടുണ്ടോ എന്നും അന്വേഷണ വിധേയമാക്കണം. നഗരം കേന്ദ്രീകരിച്ച് നടക്കുന്ന ഇത്തരം അനാശാസ്യ കേന്ദ്രങ്ങളെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്നും ഡൗണ്‍ടൗണ്‍ റസ്റ്റോറിന്റ് അടച്ചുപൂട്ടണമെന്നും ആവശ്യപ്പെട്ട് യുവമോര്‍ച്ചയുടെ ആഭിമുഖ്യത്തില്‍ നാളെ ജനകീയ കൂട്ടായ്മ നടക്കും. രാഷ്ട്രീയ നേതാക്കളും ഒരു വിഭാഗം മാധ്യമങ്ങളും യുവമോര്‍ച്ച നടത്തിയ പ്രതിഷേധത്തെ തെറ്റായി വ്യാഖ്യാനിക്കുകയും പെരുപ്പിച്ചു കാണിക്കുകയുമായിരുന്നു. പ്രശ്‌നത്തിന്റെ അടിസ്ഥാനകാരണം മറച്ചുവെക്കാന്‍ വന്‍ ഗൂഢാലോചന നടന്നു. വന്‍ രാഷ്ട്രീയ സമ്മര്‍ദ്ദമാണ് ഇതിന് പിന്നില്‍ നടന്നത്. പൊതുസമൂഹത്തിന് മുന്നില്‍ യുവമോര്‍ച്ച, പ്രവര്‍ത്തകരെ അക്രമികളാക്കി ചിത്രീകരിക്കാന്‍ ശ്രമിച്ചവര്‍ അരാജകപാര്‍ട്ടികള്‍ക്ക് കൂട്ടുനില്‍ക്കുകയാണ് ചെയ്തത്. നഗരത്തിലെ അനാശാസ്യ കേന്ദ്രങ്ങള്‍ അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് നാളെ കോഴിക്കോട്ട് കിഡ്‌സണ്‍ കോര്‍ണറില്‍ ജനകീയ കൂട്ടായ്മ നടക്കും. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. വാര്‍ത്താ സമ്മേളനത്തില്‍ യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി കെ.ടി.വിപിന്‍ ജില്ലാ പ്രസിഡന്റ് ആര്‍. മഞ്ജുനാഥ് എന്നിവര്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.