ട്രെയിനിലെ കൊല : പ്രതിയെ റിമാന്‍ഡ് ചെയ്തു

Saturday 1 November 2014 10:54 pm IST

കണ്ണൂര്‍: കണ്ണൂരില്‍ ട്രെയിനില്‍ സ്ത്രീയെ തീകൊളുത്തി കൊലപ്പെടുത്തി കൊന്ന കേസിലെ പ്രതിയെ കണ്ണൂര്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. തേനി കാമാക്ഷിപുരം അംബേദ്കര്‍ കോളനിയിലെ സുരേഷ് കണ്ണനെയാണ് റിമാന്‍ഡ് ചെയ്തത്. ഇന്നലെ കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനിലെത്തിച്ച പ്രതിയെ പ്രാഥമിക തെളിവെടുപ്പിന് ശേഷമാണ് കോടതിയില്‍ ഹാജരാക്കിയത്. കണ്ണൂര്‍ എസ്പി ഉണ്ണിരാജന്റെ നേതൃത്വത്തിലാണ് പ്രതിയെ ചോദ്യം ചെയ്തത്. കഴിഞ്ഞ ഒക്‌ടോബര്‍ 20 നാണ് കണ്ണൂര്‍-എറണാകുളം എക്‌സിക്യൂട്ടീവ് എക്‌സ്പ്രസ്സില്‍ വെച്ച് കൊണ്ടോട്ടി സ്വദേശിയായ ഫാത്തിമയെ തീകൊളുത്തി കൊന്നത്. സ്റ്റേഷനിലെ താല്‍ക്കാലിക ജീവനക്കാരന്‍ എം.ഗോവിന്ദന്‍ നല്‍കിയ സൂചനയുടെ അടിസ്ഥാനത്തില്‍ പ്രതിയുടെ രേഖാചിത്രം പോലീസ് പുറത്ത് വിട്ടിരുന്നു. കഴിഞ്ഞ ദിവസം തൃശ്ശൂരില്‍ വെച്ചാണ് പ്രതി പോലീസ് പിടിയിലായത്. എന്നാല്‍ സുരേഷ് കണ്ണനെയല്ല താന്‍ കണ്ടതെന്ന ദൃക്‌സാക്ഷി ഗോവിന്ദന്റെ മൊഴി അന്വേഷണ ഉദ്യോഗസ്ഥരില്‍ ആശയക്കുഴപ്പം സൃഷ്ടിച്ചിട്ടുണ്ട്. കൊല്ലപ്പെട്ട ഫാത്തിമയും പ്രതിയും വാക് തര്‍ക്കത്തിലേര്‍പ്പെടുന്നത് താന്‍ കണ്ടിരുന്നുവെന്ന് ഇയാള്‍ പോലീസിനോട് വ്യക്തമാക്കിയിരുന്നു. ഇവര്‍ തമ്മില്‍ മലയാളത്തിലാണ് സംസാരിച്ചതെന്നും ഗോവിന്ദന്‍ പറയുന്നു. എന്നാല്‍ സുരേഷ് കണ്ണന്‍ മലയാളിയല്ലെന്നത് പോലീസിനെ കുഴക്കുന്നുണ്ട്. റിമാന്‍ഡില്‍ കഴിയുന്ന കണ്ണനെ കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ തെളിവെടുപ്പ് നടത്തുമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.