വ്രതാനുഷ്ഠാനം

Monday 10 October 2011 7:01 pm IST

ആദ്ധ്യാത്മികവും ഭൗതികവുമായ ഉന്നതിക്ക്‌ ഒരു സാധകന്‍ ചെയ്യുന്ന അനുഷ്ഠാനങ്ങളുടെ ആചരണം അഥവാ അത്‌ ചെയ്യുന്നതിനുള്ള നിഷ്ഠ അതാണ്‌ വ്രതം എന്ന്‌ സാമാന്യേന പറയാം. ഇന്ദ്രിയങ്ങള്‍ക്കുമേല്‍ മനസ്സിനുള്ള നിയന്ത്രണം അതാണ്‌ വ്രതത്തിന്റെ പ്രാധാന്യം. മനസ്സിലുളവാകുന്ന വാസനാവിശേഷങ്ങളെ ബുദ്ധിപൂര്‍വ്വം നിയന്ത്രിച്ച്‌ സ്വകര്‍മ്മത്തിനെ ഈശ്വരോന്മുഖമാക്കുകയാണ്‌ വ്രതം എന്ന അനുഷ്ഠാനത്തിലൂടെ ഒരു ഭക്തന്‍ ചെയ്യുന്നത്‌. വിവിധതരം മാര്‍ഗ്ഗങ്ങളെ അവലംബിച്ചുകൊണ്ട്‌ വ്രതം ആചരിക്കാറുണ്ട്‌. പരദേവതകള്‍ക്ക്‌ പ്രധാന്യംകൊടുത്തുകൊണ്ടുള്ള വാരവ്രതം (ആഴ്ചവ്രതം), ദേവതകളെ തിഥിയുമായി ബന്ധപ്പെടുത്തിയെടുക്കുന്ന തിഥി വ്രതം (ഷഷ്ഠി, ഏകാദശി മുതലായവ), നക്ഷത്ര ദേവതയുമായി ബന്ധപ്പെടുത്തിയെടുക്കുന്ന നക്ഷത്രവ്രതം. വ്രതവ്യത്യാസമനുസരിച്ച്‌ അനുഷ്ഠാനങ്ങളിലും ഭേദങ്ങളുണ്ട്‌. ഏത്‌ വ്രതം അനുഷ്ഠിച്ചാലും വാക്കിലെ മിതത്വം, സാത്വികാഹാരം മിതമായി കഴിക്കല്‍, കര്‍മ്മം ഈശ്വരാഭിമുഖമാക്കി ചെയ്യല്‍ എന്നിവയ്ക്കാണ്‌ പ്രാമുഖ്യം. ആഹരശുദ്ധി, ദ്രവ്യശുദ്ധി, അന്തരീക്ഷ ശുദ്ധി, മനഃശുദ്ധി, ശരീരശുദ്ധി മന്ത്രശുദ്ധി എന്നിവയില്‍ സാധകന്‌ ശ്രദ്ധയുണ്ടാകണം.
അവരവരുടെ ശാരീരിക മാനസിക ആരോഗ്യത്തിന്‌ അനുസൃതമായ വ്രതങ്ങള്‍ കഠിനവ്രതങ്ങളായോ, ലഘുത്വമുള്ളതായോ, ആചരിക്കാവുന്നതാണ്‌. ആഹാരത്തിന്റെ കാര്യത്തില്‍ 'നിത്യാന്നം വര്‍ജ്ജയേത്‌' എന്നുമുണ്ട്‌. ദേശകാലാനുസൃതമായി സുലഭവവും നമ്മള്‍ നിത്യം ഉപയോഗിക്കുന്നതും അതുപോലെ നമുക്ക്‌ ഏറ്റവും കൂടുതല്‍ പ്രിയമുള്ളതുമായ ഭക്ഷ്യവസ്തുക്കളുടെ നിയന്ത്രണം അഥവാ മാറ്റിനിര്‍ത്തല്‍. ചിലര്‍ ജലപാനം പോലുമില്ലാതെ കഠിനവ്രതം ആചരിക്കാറുണ്ട്‌. തീര്‍ത്ഥം മാത്രം സേവിച്ച്‌ വ്രതമെടുക്കുന്നവരുമുണ്ട്‌. പഴവര്‍ഗ്ഗങ്ങളോ, പഴച്ചാറോ, സേവിക്കുന്നവരും, ഒരു നേരം മാത്രം ആഹാരം കഴിച്ച്‌ വ്രതം എടുക്കുന്നവരുമുണ്ട്‌. അഖണ്ഡമായി ഭഗവന്നാമം ജപിചച്‌ വ്രതപൂര്‍ത്തീകരണം വരുത്തുന്നതും ശ്രേഷ്ഠംതന്നെ. വ്രതാനുഷ്ഠാനത്തിലൂടെ ഒരു സാധകന്‌ ശ്വസനവ്യൂഹത്തിന്റെ ശുദ്ധീകരണം, രക്തചംക്രമണ വ്യവസ്ഥയുടെ സംതുലനം, ദഹനേന്ദ്രിയങ്ങളുടെ പ്രവര്‍ത്തനം ക്രമപ്പെടുത്തല്‍, ഏകാഗ്രത വര്‍ധിപ്പിക്കുക, ധാര്‍മ്മികമായ ജീവിത ചര്യ, സഹജീവികളോട്‌ ദയ മുതലായ ശ്രേഷ്ഠമായ ഗുണങ്ങള്‍ കൈവരുന്നു.
- സജുകൃഷ്ണന്‍