ജസ്റ്റിസുമാരായ ചലമേശ്വറും മിശ്രയും സ്ഥാനമേറ്റു

Monday 10 October 2011 9:08 pm IST

ന്യൂദല്‍ഹി: ജസ്റ്റിസ്‌ ദീപക്‌ മിശ്രയും ജസ്റ്റിസ്‌ ചെലമേശ്വറും കഴിഞ്ഞ ദിവസം സത്യപ്രതിജ്ഞ ചെയ്തതോടെ സുപ്രീംകോടതിയിലെ ജഡ്ജിമാരുടെ സംഖ്യ 28 ആയി. ദല്‍ഹിയിലേയും കേരള ഹൈക്കോടതിയിലേയും ചീഫ്‌ ജസ്റ്റിസുമാരായിരുന്ന ഇവര്‍ക്ക്‌ ഇന്ത്യന്‍ ചീഫ്‌ ജസ്റ്റിസ്‌ എസ്‌.എച്ച്‌.കപാഡിയ പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു.
1996 ജനുവരി 17 ന്‌ ഒറീസ്സ ഹൈക്കോടതിയിലെ അഡീഷണല്‍ ജഡ്ജിയായി നീതിന്യായവകുപ്പിലെ ത്തിയ ജസ്റ്റിസ്‌ ദീപക്‌ മിശ്ര കഴിഞ്ഞവര്‍ഷം മെയ്‌ 24 നാണ്‌ ദല്‍ഹി ഹൈക്കോടതി ജഡ്ജിയായത്‌. 1997 മാര്‍ച്ച്‌ 3 ന്‌ മധ്യപ്രദേശ്‌ ഹൈക്കോടതിയിലേക്ക്‌ മാറിയ അദ്ദേഹം 1997 ഡിസംബര്‍ 17 ന്‌ ഹൈക്കോടതി ജഡ്ജിയായി സ്ഥിരപ്പെട്ടു. 1953 ഒക്ടോബര്‍ 3 ന്‌ ജനിച്ച മിശ്ര 1977 ഫെബ്രുവരി 14 നാണ്‌ അഭിഭാഷകനായി എന്‍റോള്‍ ചെയ്തത്‌. ഭരണഘടനാ സിവില്‍, ക്രിമിനല്‍, റവന്യൂ എന്നീ ശാഖകളിലുള്ള കേസുകള്‍ കൈകാര്യം ചെയ്തു. 2009 ഡിസംബര്‍ 23 മുതല്‍ മെയ്‌ 24 2010 രെ പാറ്റ്ന ഹൈക്കോടതി ചീഫ്‌ ജസ്റ്റിസായിരുന്നു. അതിനുശേഷമാണ്‌ അദ്ദേഹം ദല്‍ഹി ഹൈക്കോടതി ചീഫ്‌ ജസ്റ്റിസായത്‌.
1953 ജൂണ്‍ 23 ന്‌ ആന്ധ്രാപ്രദേശിലാണ്‌ ജസ്റ്റിസ്‌ ചെലമേശ്വര്‍ ജനിച്ചത്‌. 1976 ല്‍ ആന്ധ്ര ഹൈക്കോടതിയില്‍ അഭിഭാഷകനായി എന്‍റോള്‍ ചെയ്തു. 1997 ജൂണ്‍ 23 മുതല്‍ ആന്ധ്ര ഹൈക്കോടതിയില്‍ അഡീഷണല്‍ ജഡ്ജിയായിരുന്നു. 1999 മെയ്‌ 17 ന്‌ ഹൈക്കോടതി ജഡ്ജിയായി നിയമിക്കപ്പെട്ടു. 2007 മെയ്‌ 3 ന്‌ അദ്ദേഹത്തെ ഗുവാഹത്തി ഹൈക്കോടതി ചീഫ്‌ ജസ്റ്റിസാക്കി. മാര്‍ച്ച്‌ 17 2010 ല്‍ കേരള ഹൈക്കോടതി ചീഫ്‌ ജസ്റ്റിസായി നിയമിച്ചു. ഭരണഘടന, തെരഞ്ഞെടുപ്പ്‌, സെന്‍ട്രല്‍ എക്സൈസ്‌, കസ്റ്റംസ്‌, ആദായനികുതി, ക്രിമിനല്‍ എന്നീ നിയമശാഖകളില്‍ പ്രാവീണ്യം നേടിയിട്ടുണ്ട്‌.