രണ്ടാം കൃഷി: നെല്ലു സംഭരണം ഊര്‍ജിതമാക്കുമെന്ന് കളക്ടര്‍

Sunday 2 November 2014 9:28 pm IST

ആലപ്പുഴ: രണ്ടാം കൃഷി വിളവെടുപ്പിനോടനുബന്ധിച്ച് സപ്ലൈകോ നടത്തുന്ന നെല്ലു സംഭരണം ഊര്‍ജിതമാക്കുമെന്ന് കളക്ടര്‍ എന്‍. പത്മകുമാര്‍ അറിയിച്ചു. നെല്ലു സംഭരണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് കൂടിയ പാടശേഖരസമിതി ഭാരവാഹികളുടെയും മില്ലുടമകളുടെയും കൃഷി-സപ്ലൈകോ ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് തീരുമാനം. മഴ മൂലം നെല്ലില്‍ ഈര്‍പ്പക്കൂടുതല്‍ കണ്ടതിനെത്തുടര്‍ന്ന് സംഭരണം നടക്കാതിരുന്ന സ്ഥലങ്ങളില്‍ കര്‍ഷകരും മില്ലുടമകളും ധാരണയുടെ അടിസ്ഥാനത്തില്‍ കിഴിവു നല്‍കി നെല്ലു സംഭരിക്കും. നെല്ല് ഉയര്‍ന്ന നിലവാരത്തിലാക്കി നല്‍കാന്‍ കര്‍ഷകര്‍ ശ്രദ്ധിക്കണം. നെല്ലില്‍ പതിരിന്റെയും ഘനമങ്കിന്റെയും കലര്‍പ്പ് അധികമായി കണ്ടാല്‍ ജില്ലാ വിത്തുപരിശോധന ലാബില്‍ പരിശോധിച്ച് പഞ്ചായത്തുതലസമിതിയുടെ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭരിക്കും. പാഡി മാര്‍ക്കറ്റിങ് ഓഫീസര്‍, കൃഷി ഓഫീസര്‍, ഗ്രാമപഞ്ചായത്തംഗം, പാടശേഖരസമിതി സെക്രട്ടറി, മില്ലിന്റെ പ്രതിനിധി എന്നിവരടങ്ങിയതാണ് സമിതി. നിശ്ചിത ഉത്പാദനക്ഷമത കൈവരിക്കാത്ത പാടശേഖരങ്ങളിലെ കര്‍ഷകര്‍ക്കും ഗുണനിലവാരമില്ലാത്ത നെല്ല് ലഭിച്ച കര്‍ഷകര്‍ക്കും ക്രൈസിസ് മാനേജ്‌മെന്റ്, വിള ഇന്‍ഷുറന്‍സ് മുഖേന ആനുകൂല്യങ്ങള്‍ നല്‍കാന്‍ നടപടിയെടുക്കും. ഒക്‌ടോബര്‍ ആദ്യവാരത്തില്‍ സംഭരണം ആരംഭിച്ചതായും 9,500 മെട്രിക് ടണ്‍ നെല്ലു സംഭരിച്ചതായും സപ്ലൈകോ അറിയിച്ചു. 1,800 മെട്രിക് ടണ്‍ നെല്ല് സംഭരിക്കാനുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.