ഡോ. പല്‍പ്പു അനാചാരങ്ങള്‍ക്കെതിരെ പോരാടിയ സാമൂഹ്യ പരിഷ്‌കര്‍ത്താവ് : ഗവര്‍ണര്‍

Sunday 2 November 2014 10:31 pm IST

ഡോ. പല്‍പ്പു ഫൗണ്ടേഷന്‍ തിരുവനന്തപുരത്ത് സംഘടിപ്പിച്ച ഡോ. പല്‍പ്പുവിന്റെ 151-ാം ജന്മദിനാഘോഷത്തിന്റെ ഉദ്ഘാടനം ഗവര്‍ണര്‍ ജസ്റ്റിസ്. പി. സദാശിവം നിര്‍വ്വഹിക്കുന്നു. ഡോ. ഓമനാ ഗംഗാധരന്‍, മന്ത്രി അടൂര്‍ പ്രകാശ്, വി.എം. സുധീരന്‍, ഡോ. എം.ആര്‍. തമ്പാന്‍, റ്റി. ശരത്ചന്ദ്രപ്രസാദ്, അമ്പലത്തറ ചന്ദ്രബാബു തുടങ്ങിയവര്‍ സമീപം

തിരുവനന്തപുരം : ജാതീയതയും തൊട്ടുകൂടായ്മയും നിലനിന്നിരുന്ന കാലഘട്ടത്തില്‍ സാമൂഹിക അനാചാരങ്ങള്‍ക്കെതിരെയും അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കും വേണ്ടി വിട്ടുവീഴ്ചയില്ലാതെ പോരാടിയ സാമൂഹിക പരിഷ്‌ക്കര്‍ത്താവാണ് ഡോ. പി. പല്‍പ്പുവെന്ന് ഗവര്‍ണര്‍ പി. സദാശിവം. ഡോ.പി. പല്‍പ്പു ഫൗണ്ടേഷന്‍ സംഘടിപ്പിച്ച പല്‍പ്പുവിന്റെ 151-ാം ജന്മവാര്‍ഷികാഘോഷത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം.

സ്വാമി വിവേകാനന്ദന്റെ ഉപദേശവും ശ്രീ നാരായണ ഗുരുദേവന്റെ ആദര്‍ശങ്ങളും ഉള്‍ക്കൊണ്ട് സാമൂഹിക നവോത്ഥാനത്തിനായി സ്വജീവിതവും സമ്പത്തും ഉഴിഞ്ഞുവച്ച മഹാത്മാവാണ് ഡോ. പല്‍പ്പു. പല്‍പ്പുവിന്റെ ജീവിതം യുവതലമുറയ്ക്ക് പാഠമാകണമെന്നും അദ്ദേഹം പറഞ്ഞു.

ഡോ. പല്‍പ്പു മെമ്മോറിയല്‍ അവാര്‍ഡ് കെപിസിസി പ്രസിഡന്റ് വി.എം. സുധീരന് ഗവര്‍ണര്‍ സമ്മാനിച്ചു. പൊതു ജീവിതത്തില്‍ പലപ്പോഴും ജന താല്‍പര്യങ്ങള്‍ മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുമ്പോള്‍ വിമര്‍ശനങ്ങളും കല്ലേറുമുണ്ടാവുമെന്നും സമൂഹം ആ പ്രവര്‍ത്തനങ്ങളോട് ആഭിമുഖ്യം പുലര്‍ത്തുകയും അംഗീകരിക്കുകയും ചെയ്യുന്നത് അത്തരം പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുകൊണ്ടുപോവാന്‍ സഹായകരമാകുമെന്നും സുധീരന്‍ പറഞ്ഞു. നീതി നിഷേധത്തിനെതിരെ പോരാടി വിപ്ലവാത്മകരമായ മാറ്റങ്ങള്‍ കൊണ്ടുവന്ന സാമൂഹ പരിഷ്‌ക്കര്‍ത്താക്കളില്‍ പല്‍പ്പുവിന് പ്രഥമ സ്ഥാനമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. ഡോ. പല്‍പ്പുവിന് ഒരു സ്മാരകം നിര്‍മ്മിക്കാന്‍ വേണ്ട നടപടികള്‍ കൈക്കൊള്ളണമെന്നും സുധീരന്‍ പറഞ്ഞു.

റവന്യു മന്ത്രി അടൂര്‍ പ്രകാശ് അധ്യക്ഷത വഹിച്ചു. ഡോ. പല്‍പ്പുവിന് സ്മാരകം പണിയുന്നത് പരിഗണിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ വിഎസ്എസ്‌സി ഡയറക്ടര്‍ എം. ചന്ദ്രദത്തന്‍, ഡോ. ജി. വേലായുധന്‍, വിദ്യാഭ്യാസ പ്രവര്‍ത്തകന്‍ ഡോ. വി.കെ. ജയകുമാര്‍ എന്നിവരെ ആദരിച്ചു. ലണ്ടന്‍ ന്യൂഹാം മുന്‍ സിവിക് മേയര്‍ ഡോ. ഓമന ഗംഗാധരന്‍, ഭാഷാ ഇന്‍സ്റ്റിട്യൂട്ട് ഡയറക്ടര്‍ ഡോ. എം.ആര്‍. തമ്പാന്‍, അമ്പലത്തറ ചന്ദ്രബാബു എന്നിവര്‍ പങ്കെടുത്തു. മാംഗ്ലൂര്‍ യേനപ്പായ് സര്‍വ്വകലാശാല വി.സി ഡോ. പി. ചന്ദ്രമോഹന്‍ സ്വാഗതവും റ്റി. ശരത്ചന്ദ്രപ്രസാദ് നന്ദിയും പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.