കോട്ടയം: ശ്രേഷ്ഠഭാഷാദിന-ഭരണഭാഷാവാരാഘോഷത്തിന്റെ ഭാഗമായി തിരുവഞ്ചൂര്‍ ജുവനൈല്‍ ഹോമില്‍ ആരംഭിച്ച കയ്യൊപ്പ് സര്ഗരചനാക്യമ്പ് കുട്ടികള്‍ക്ക് ആവേശമായി. കഥയും കവിതയും ചൊല്ലി ആരംഭിച്ച ക്യാമ്പില്‍ വിശിഷ്ടാതിഥിയായെത്തിയ ചലച്ചിത്രതാരം ഗിന്നസ് പക്രു (അജയന്) കുട്ടികളില്‍ ആവേശം നിറച്ചു.
ആരും ശ്രദ്ധിക്കാതെ പോകുന്ന ജുവനൈല്‍ ഹോമിലെ കുരുന്നുകള്ക്കിടയിലേയ്ക്ക് സര്ഗരചനാക്യാമ്പ് പോലുള്ള ആശയവുമായി സര്‍ക്കാര്‍ എത്തിച്ചേരുന്നതിനെ സ്വാഗതം ചെയ്ത പക്രു കേരളത്തിലെ എല്ലാ ജുവനൈല്‍ ഹോമുകളിലും ഇത്തരം പരിപാടികള്‍ സംഘടിപ്പിക്കണമെന്നും അഭിപ്രായപ്പെട്ടു. ജുവനൈല്‍ ഹോമിലെ കുട്ടികളുടെ വികാസത്തിനായുള്ള ഇത്തരം പരിപാടികളുടെ ബ്രാന്‍ഡ് അംബാസിഡറാകാന്‍ സന്നദ്ധത പ്രകടിപ്പിച്ച അദ്ദേഹം മറ്റുകലാകാരന്മാരെ കൂടി എത്തിക്കാനും സന്നദ്ധത പ്രകടിപ്പിച്ചു.
ലളിതമായി നടന്ന പരിപാടിയുടെ ഉദ്ഘാടനം അസി. കളക്ടര്‍ തേജ് ലോഹിത് റെഡ്ഡി നര്‍വഹിച്ചു. ജില്ലാ പ്രൊബേഷന്‍ ഓഫീസര്‍ വി.ജെ. ബിനോയ് അധ്യക്ഷനായിരുന്നു. പ്രശസ്ത ബാലസാഹിത്യകാരന്‍ കിളിരൂര്‍ രാധാകൃഷ്ണന് മുഖ്യപ്രഭാഷണം നിര്‍വഹിച്ചു. ക്യാമ്പിന് നേതൃത്വം നല്‍കാനെത്തിയ സാംസ്കാരിക പ്രവര്‍ത്തകനും കവിയുമായ എം.ജി. ബാബുജി, കഥാകൃത്ത് കിളിരൂര്‍ ബാബു എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. പബ്ലിക് റിലേഷന്‍സ് വകുപ്പ് അസിസ്റ്റന്റ് എഡിറ്റര്‍ സിനി കെ. തോമസ് സ്വാഗതവും ജൂവനൈല്‍ ഹോം സൂപ്രണ്ട് മെര്‍ലി ജോസ് നന്ദിയും പറഞ്ഞു.
കുട്ടികളുടെ മനസ്സിനെ ആകര്‍ഷിക്കുന്ന രീതിയിലാണ് ഉദ്ഘാടനച്ചടങ്ങു മുതലുള്ള പരിപാടികള്‍ ആസൂത്രണം ചെയ്തത്. ഉദ്ഘാടനത്തിന് ശേഷം കഥാ-കവിതാസ്വാദനത്തില് കുട്ടികളുമായി ആശയവിനിമയം നടത്തി പ്രവര്‍ത്തി പരിചയം ആരംഭിച്ചു. പരസ്പരം ചര്‍ച്ച ചെയ്ത് കേട്ടുപഴകിയ കഥയും കവിതയും എഴുതിത്തുടങ്ങിയ കുട്ടികള്‍ സാവധാനം സ്വന്തം സൃഷ്ടികളിലേയ്ക്കും അനുഭവങ്ങളിലേയ്ക്കും തിരിഞ്ഞു. പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് ആനിക്കാട് പ്രസന്നന് ചിത്രരചനയില്‍ കുട്ടികള്‍ക്ക് പരിശീലനം നല്കി.
മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദനും സ്കൂളും വീടുമെല്ലാം ചിത്രരചനയ്ക്ക് വിഷയങ്ങളായി. പൊതുവായ നിര്‍ദ്ദേശങ്ങള്‍ക്കുശേഷം ഓരോ കുട്ടിയ്ക്കും പ്രത്യേക ശ്രദ്ധ കൊടുത്ത് സൃഷ്ടികള്‍ മികച്ചതാക്കാനും വിഷയ വൈവിധ്യം പുലര്‍ത്താനും നിര്‍ദ്ദേശം കൊടുത്താണ് ഒന്നാം ദിവസത്തെ ക്യാമ്പ് പുരോഗമിച്ചത്.
ജീവിതസാഹചര്യങ്ങള്‍മൂലം മുറിവേറ്റ കുരുന്നു മനസ്സുകള്‍ക്ക് സാന്ത്വനവും പ്രോത്സാഹനവും നല്കി അവരുടെ സര്‍ഗ്ഗവാസനകളെ പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ നേതൃത്വത്തില്‍ ജവഹര്‍ ബാലഭവനും പബ്ലിക് ലൈബ്രറിയും കൈകോര്‍ത്ത് രചനാക്യാമ്പ് സംഘടിപ്പിക്കുന്നത്. ക്യാമ്പിന്റെ രണ്ടാംദിവസം കുട്ടികളുടെ കഥകളും കവിതകളും ചിത്രങ്ങളും അടങ്ങിയ കൈയ്യെഴുത്തുമാസിക തയ്യാറാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: