ദാവൂദിന്റെ മകന്റെ വിവാഹസല്‍ക്കാരത്തില്‍ ഐഎസ്‌ഐ ഉദ്യോഗസ്ഥര്‍ പങ്കെടുത്തു

Monday 10 October 2011 9:14 pm IST

ന്യൂദല്‍ഹി: ഇന്ത്യയുടെ പിടികിട്ടാപ്പുള്ളിയും അധോലോക നായകനും മുംബൈ സ്ഫോടനക്കേസിലെ പ്രതിയുമായ ദാവൂദ്‌ ഇബ്രാഹിം പാക്കിസ്ഥാനിലുണ്ടെന്നുള്ളതിന്‌ പുതിയ തെളിവുകള്‍ രാജ്യത്തിന്‌ ലഭിച്ചു.
ഇന്ത്യയുടെ സുരക്ഷ രഹസ്യാന്വേഷണ ഏജന്‍സികള്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട്‌ പ്രകാരം കഴിഞ്ഞമാസം ഇബ്രാഹിമിന്റെ മകന്റെ വിവാഹ സല്‍ക്കാരത്തില്‍ പാക്കിസ്ഥാന്റെ ചാരസംഘടനയായ ഐഎസ്‌ഐയിലെ ഉദ്യോഗസ്ഥരും പങ്കെടുത്തിരുന്നതായി അറിവ്‌ ലഭിച്ചു. ദാവൂദ്‌ ഇബ്രാഹിമിന്റെ മകനായ മൊയി നവാസിന്റെ സല്‍ക്കാരം കറാച്ചിയിലെ വൈതൗസെന്ന വസതിയില്‍ സപ്തംബര്‍ 25നാണ്‌ നടന്നത്‌. ഈ ചടങ്ങില്‍ പാക്കിസ്ഥാന്‍ രഹസ്യാന്വേഷണസംഘടനയിലെ പ്രത്യേക വിഭാഗങ്ങളായ ജോയിന്റ്‌ ഇന്റലിജന്റ്സ്‌ ബ്യൂറോയില്‍നിന്നും എക്സ്റ്റേണല്‍ ഇന്റലിജന്‍സ്‌ ബ്യൂറോയില്‍നിന്നുമുള്ള ഉദ്യോഗസ്ഥര്‍ പങ്കെടുത്തിരുന്നു.
ഐഎസ്‌ഐയിലെ ദാവൂദിനെ കൈകാര്യം ചെയ്യുന്ന വ്യക്തിയായി കരുതപ്പെടുന്ന ബ്രിഗേഡിയര്‍ റഷീദ്‌ ഹുസൈന്‍ സാഹിദും കേണല്‍ അഷ്‌വാക്ക്‌ അഹമ്മദും മേജര്‍ സാദിക്‌ ഖാനും കേണല്‍ റഹ്മാന്‍ റഷീദും ലഫ്‌. റഷീദുള്ള ഖാനും ലഫ്‌ കേണല്‍ ഷുജ്‌ ഉള്‍ പാഷയും ലഫ്‌. കേണല്‍ അസിദുര്‍ റഹ്മാനും പങ്കെടുത്തതായി അറിയുന്നു.
പാക്കിസ്ഥാന്‍ സൈന്യത്തിലെയും രഹസ്യാന്വേഷണ വിഭാഗത്തിലെയും മറ്റ്‌ പലരും സല്‍ക്കാരത്തില്‍ പങ്കെടുത്തുവെങ്കിലും അവര്‍ സാധാരണ വേഷങ്ങളായിരുന്നതിനാല്‍ തിരിച്ചറിയാന്‍ കഴിഞ്ഞില്ലെന്ന്‌ ഒരു ഇന്ത്യന്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥന്‍ ഒരു ഇംഗ്ലീഷ്‌ ദിനപത്രത്തെ അറിയിച്ചു.