മുല്ലപ്പെരിയാര്‍: ജലനിരപ്പ് 137 അടി കഴിഞ്ഞു; ഉന്നതാധികാര സമിതിയോഗം ഇന്ന്

Monday 3 November 2014 10:53 am IST

ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് 137 അടി കഴിഞ്ഞതോടെ ഒരുലക്ഷത്തോളം പേര്‍ ആശങ്കയിലായി. 1979-ല്‍ മുല്ലപ്പെരിയാര്‍ ജലനിരപ്പ് 136 അടിയായി നിജപ്പെടുത്തിയതിനുശേഷം ആദ്യമായാണ് ജലനിരപ്പ് 137 അടി കവിയുന്നത്. ജലനിരപ്പ് 137 അടിയില്‍ കവിഞ്ഞതോടെ ഇടുക്കി ജില്ലാ ഭരണകൂടം ജില്ലയില്‍ ജാഗ്രതാ നിര്‍ദേശം നല്‍കി. പീരുമേട് താലൂക്കിലും, പെരിയാര്‍, വഞ്ചിമല, ഉപ്പുതറ, അയ്യപ്പന്‍കോവില്‍, ഏലപ്പാറ എന്നീ വില്ലേജുകളിലും കണ്‍ട്രോള്‍ റൂം തുറന്നു. വില്ലേജ് ഓഫീസ് ജീവനക്കാരോട് എന്ത് പ്രതിസന്ധികളുണ്ടായാലും നേരിടാന്‍ സജ്ജമായിരിക്കാനാണ് നിര്‍ദ്ദേശം. പോലീസിനും അഗ്നിശമനസേനയ്ക്കും നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. ഡാമിലെ ജലനിരപ്പുയരുന്നുണ്ടെങ്കിലും പെരിയാറില്‍ ജലനിരപ്പ് അപകടകരമല്ലെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. മുന്‍പ് 136 അടിവെള്ള മെത്തുന്ന സാഹചര്യം വരുമ്പോള്‍ ഡാമില്‍ നിന്നും കവിഞ്ഞൊഴുകുന്ന ജലം പെരിയാറിലെത്തുമായിരുന്നു. സുപ്രീംകോടതി നിര്‍ദ്ദേശിച്ച മുല്ലപ്പെരിയാര്‍ ഉന്നതാധികാര സമിതി യോഗം ഇന്ന് കുമളിയില്‍ നടക്കും. കേരള ചീഫ് സെക്രട്ടറി ഡാമിലെ വെള്ളത്തിന്റെ തോത് 130 അടിയായി താഴ്ത്തുന്നത് സംബന്ധിച്ച് തമിഴ്‌നാട് പ്രതിനിധികളുമായി ചര്‍ച്ച നടത്തും. ശനിയാഴ്ച ചീഫ് സെക്രട്ടറി ഡാം സന്ദര്‍ശിച്ചിരുന്നു. എന്നാല്‍ ഇന്നലെ മുതല്‍ തമിഴ്‌നാട് വെള്ളം കൊണ്ടുപോയിതുടങ്ങി. ഇതിനുശേഷവും ജലനിരപ്പ് 136 അടിയായി തുടരുന്നതാണ് ആശങ്ക ഉണ്ടാക്കിയിരിക്കുന്നത്. വള്ളക്കടവ് ഗവ. ട്രൈബല്‍ സ്‌കൂളില്‍ സ്ഥാപിച്ച അപകട മുന്നറിയിപ്പ് സംവിധാനം ക്രമീകരിച്ചത് പ്രവര്‍ത്തനരഹിതമായി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.