ചെയില്‍ഡ്‌ വെല്‍ഫെയര്‍ കമ്മറ്റിയുടെ ഉത്തരവ്‌ ഹൈക്കോടതി സ്റ്റേചെയ്തു

Tuesday 28 June 2011 12:24 pm IST

ആലുവ:ജനസേവ ബോയ്സ്‌ ഹോമില്‍ സംരക്ഷിച്ചുവരുന്ന എട്ട്‌ മണിപ്പൂരി കുട്ടികളെ വിട്ടുകൊടുക്കണമെന്ന ചെയില്‍ഡ്‌ വെല്‍ഫെയര്‍ കമ്മറ്റിയുടെ ഉത്തരവ്‌ ഹൈക്കോടതി സ്റ്റേ ചെയ്തു. കഴിഞ്ഞ ശനിയാഴ്ചയാണ്‌ കുട്ടികളെ തങ്ങള്‍ക്ക്‌ വിട്ടുതരണമെന്ന അവകാശവാദവുമായി എറണാകുളം നെട്ടൂര്‍ ഖദീജത്തുല്‍ ഖുബ്‌റ ഓര്‍ഫനേജ്‌ അധികൃതര്‍ ജനസേവ ശിശുഭവനില്‍ എത്തിയത്‌. മത പഠനത്തിനായി ഈ കുട്ടികളെ തങ്ങളുടെ സ്ഥാപനത്തില്‍ ചേര്‍ക്കാന്‍ കൊണ്ടുപോകുകയാണെന്നും ചെയില്‍ഡ്‌ വെല്‍ഫെയര്‍ കമ്മറ്റിയില്‍ നിന്നും ഉത്തരവ്‌ ലഭിച്ചിട്ടുണ്ടെന്നും ഇവര്‍ വാദിച്ചു. എന്നാല്‍ ഈ കുട്ടികളെ ചെയില്‍ഡ്‌ വെല്‍ഫെയര്‍ കമ്മറ്റി മുമ്പാകെ ഹാജരാക്കാനോ അവരെ വിട്ടുകൊടുക്കണമെന്നോ കാണിച്ച്‌ സിഡബ്ല്യുസിയില്‍ നിന്ന്‌ ജനസേവശിശുഭവന്‌ രേഖാമൂലം അറിയിപ്പൊന്നും ലഭിക്കാത്തതിനാല്‍ ജനസേവ ഇംഗ്ലീഷ്‌ മീഡിയം സ്കൂളില്‍ പഠിച്ചുകൊണ്ടിരിക്കുന്ന ഈ കുട്ടികളെ വീണ്ടും ഏജന്റുമാര്‍ക്ക്‌ വിട്ടുകൊടുക്കുവാന്‍ ജനസേവ ചെയര്‍മാന്‍ ജോസ്‌ മാവേലി തയ്യാറായില്ല. <br/>പകരം കുട്ടികളുടെ ഭാവി സുരക്ഷിതമാക്കുന്നതിനുവേണ്ടി അദ്ദേഹം ജനസേവ ലീഗല്‍ അഡ്വൈസര്‍മാരയ അഡ്വബി.എസ്‌.സ്വാതികുമാര്‍, അഡ്വ.പി.എ.അനിത എന്നിവര്‍ മുഖേന ഹൈക്കോടതിയെ സമീപിയ്ക്കുകയായിരുന്നു. ഹര്‍ജിയില്‍ വാദംകേട്ട ഹൈക്കോടതി ജഡ്ജി ആന്റണി ഡൊമനിക്ക്‌ ചെയില്‍ഡ്‌ വെല്‍ഫെയര്‍ കമ്മറ്റിയുടെ ഉത്തരവ്‌ സ്റ്റേ ചെയ്യുകയും ജനസേവക്ക്‌ അനുകൂലമായ വിധി പ്രസ്താവിയ്ക്കുകയും ചെയ്തു.<br/> 2011 ഫെബ്രുവരി 27നാണ്‌ ഗുവാഹതി എക്പ്രസ്സില്‍ മണിപ്പൂരില്‍നിന്നുള്ള 8 കുട്ടികളെ രണ്ട്‌ ഏജന്റുമാര്‍ ആലുവ റെയില്‍വേസ്റ്റേഷനില്‍ എത്തിച്ചത്‌. കുട്ടികളുടെ ദയനീയസ്ഥിതികണ്ട്‌ സംശയം തോന്നിയ നാട്ടുകാര്‍ വിവരം പോലീസില്‍ അറിയിച്ചതിനെ തുടര്‍ന്ന്‌ പോലീസ്‌ എജന്റുമാരെ പിടികൂടുകയും എട്ടുകുട്ടികളേയും താല്‍ക്കാലിക സംരക്ഷണത്തിനായി ജനസേവ ശിശുഭവനിലെത്തിയ്ക്കുകയും ചെയ്തിരുന്നു. പിന്നീട്‌ ചെയില്‍ഡ്‌ വെല്‍ഫെയര്‍ കമ്മറ്റിയുടെ ഉത്തരവുപ്രകാരം ജൂറിഷ്‌ (6),നൗവ്ബി (4), അസറുദ്ദീന്‍ (4), റാഹിഷ്‌(4), ജുറീഷ്‌ (6),ആദംഖാന്‍ (6), നവാസ്ഖാന്‍ (7), ജാമോദിന്‍ (6) എന്നീ 8 കുട്ടികളേയും ജനസേവ ശിശുഭവനില്‍ സംരക്ഷിച്ചുവരികയായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.