രാജപക്സെയുടെ ചോരയ്ക്കായി

Monday 10 October 2011 9:23 pm IST

സഹസ്രാബ്ദങ്ങളായി ഭാരതവുമായി ചേര്‍ന്ന്‌ ജീവിച്ചിരുന്ന ശ്രീലങ്കന്‍ ജനതയുടെ ആത്മാഭിമാനത്തെ മുറിവേല്‍പ്പിച്ചുകൊണ്ട്‌ പ്രസിഡന്റ്‌ രാജപക്സെയെ യുദ്ധക്കുറ്റവാളിയായി അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയില്‍ വിചാരണ ചെയ്യണമെന്നും അതിന്‌ സമ്മര്‍ദ്ദം ചെലുത്താന്‍ ഭാരത സര്‍ക്കാര്‍ ശ്രീലങ്കയ്ക്കെതിരെ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തണമെന്നും തമിഴ്‌നാട്‌ നിയമസഭ കേന്ദ്ര സര്‍ക്കാരിനോട്‌ ഏകകണ്ഠേന ആവശ്യപ്പെട്ടിരിക്കുന്നു. ഇത്‌ ഭാരതത്തിലങ്ങോളമിങ്ങോളം ക്രൈസ്തവ തീവ്രവാദികള്‍ നടത്തുന്ന വിഘടനവാദ പ്രവര്‍ത്തനങ്ങള്‍ക്ക്‌ ആവേശം പകരുന്ന രാഷ്ട്രീയ നീക്കമാണ്‌. അമേരിക്കയും യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളും സംയുക്തമായി ഏഷ്യയില്‍ നടപ്പിലാക്കി വരുന്ന ക്രൈസ്തവവല്‍ക്കരണത്തിന്റെ ഭാഗമായി എല്‍ടിടിഇയെ മുന്നില്‍നിര്‍ത്തി ശ്രീലങ്കയില്‍ കഴിഞ്ഞ മുപ്പത്‌ വര്‍ഷത്തിലധികമായി നടത്തിയ ആഭ്യന്തര കലാപം അടിച്ചമര്‍ത്തിയ രാജപക്സെയുടെ നടപടി ഏഷ്യയ്ക്ക്‌ പൊതുവിലും ഭാരതത്തിന്‌ പ്രത്യേകിച്ചും ശക്തി പകരുന്നതായിരുന്നു.
അമേരിക്ക, കാനഡ, ഓസ്ട്രേലിയ, സൗത്ത്‌ ആഫ്രിക്ക, യൂറോപ്യന്‍ യൂണിയന്‍ എന്നീ രാജ്യങ്ങളുടെ നേതൃത്വത്തില്‍ യുഎന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍, യുഎന്‍ ഹ്യൂമന്‍ റൈറ്റ്‌ കമ്മീഷണര്‍ നവനീതന്‍ പിള്ള എന്നിവരുടെ ഒത്താശയോടെ രാജപക്സെ ഭരണകൂടത്തെ ക്രിസ്ത്യന്‍ സുവിശേഷകര്‍ക്ക്‌ മേല്‍കയ്യുള്ള അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയില്‍ വിചാരണ ചെയ്യാന്‍ ക്രൈസ്തവ സാമ്രാജ്യം നീക്കങ്ങള്‍ നടത്തുകയാണ്‌. അവരോടൊപ്പം നിന്ന്‌ വിചാരണ ആവശ്യപ്പെടുന്ന ജയലളിത, തമിഴര്‍ക്കെതിരെ കഴിഞ്ഞ രണ്ട്‌ നൂറ്റാണ്ടായി ക്രൈസ്തവ സാമ്രാജ്യം നടത്തിയ ആക്രമണങ്ങള്‍ക്കുനേരെ കണ്ണടക്കുകയാണ്‌.
സുഡാന്റെ വിഭജനത്തിന്‌ സമ്മര്‍ദ്ദം ചെലുത്താനായി അന്താരാഷ്ട്ര കോടതി യുദ്ധക്കുറ്റവാളി ആയി പ്രഖ്യാപിച്ച സുഡാന്‍ പ്രസിഡന്റ്‌ ബഷീര്‍ അടുത്തകാലത്ത്‌ അഭിപ്രായപ്പെട്ടത്‌ അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയെന്നത്‌ ആഗോള ക്രൈസ്തവ രാഷ്ട്രീയക്കാരുടെ കശാപ്പുശാലയാണെന്നാണ്‌.
ഒരേസമയം തമിഴ്‌-സിംഹള രാഷ്ട്രീയ നേതൃത്വത്തിനുമേല്‍ പിടിമുറുക്കിയ ക്രൈസ്തവ നേതൃത്വം കഴിഞ്ഞ മുപ്പത്‌ വര്‍ഷം പരസ്പ്പരം ശത്രുത ആളിക്കത്തിച്ച്‌ എഴുപതിനായിരത്തിലധികം ശ്രീലങ്കക്കാരെ കൊന്നു. പതിനായിരക്കണക്കിന്‌ കോടി രൂപയുടെ അടിസ്ഥാന സൗകര്യങ്ങള്‍ തകര്‍ത്തു. ശ്രീലങ്കന്‍ ജനസംഖ്യയില്‍ 81 ശതമാനം സിംഹളരാണ്‌. 11 ശതമാനം തമിഴരും 8 ശതമാനം മുസ്ലീങ്ങളും ആണ്‌. ആഭ്യന്തര കലാപം തുടങ്ങുന്നത്‌ തമിഴരില്‍ ഏഴ്‌ ശതമാനം വരുന്ന ക്രിസ്ത്യാനികളുടെ നേതൃത്വത്തിലാണ്‌. ഇപ്പോള്‍ തമിഴരില്‍ ക്രിസ്ത്യന്‍ പ്രാതിനിധ്യം 15 ശതമാനത്തിലധികമാണ്‌.
ശ്രീലങ്കയില്‍ ബുദ്ധന്മാര്‍ ഹിന്ദുക്ഷേത്രങ്ങളിലും ഹിന്ദുക്കള്‍ ബുദ്ധക്ഷേത്രങ്ങളിലും ആരാധന നടത്തുന്നത്‌ തികച്ചും സാധാരണമാണ്‌. എല്‍ടിടിഇയെ അടിച്ചമര്‍ത്തിയ ബുദ്ധമത വിശ്വാസിയായ രാജപക്സെ ഗുരുവായൂരിലും തിരുപ്പതിയിലും എത്തി വഴിപാടുകള്‍ നടത്തിയിരുന്നു. കഴിഞ്ഞ ശബരിമല സീസണില്‍ ഇരുപതിനായിരത്തിലധികം അയ്യപ്പന്മാരാണ്‌ ശ്രീലങ്കയില്‍നിന്ന്‌ ശബരിമലയിലെത്തിയത്‌. തമിഴ്‌ മേഖലയിലൂടെ പദയാത്ര നടത്തി ശബരിമലയിലെത്തുന്ന അയ്യപ്പന്മാരെ യാത്ര അയയ്ക്കാന്‍ രാജപക്സെ നേരിട്ടെത്തിയിരുന്നു. പ്രഭാകരനുശേഷം തമിഴ്‌ ഈഴത്തിനായുള്ള പ്രവര്‍ത്തനം കൂടുതല്‍ ജാഗ്രതയോടും അച്ചടക്കത്തോടും അമേരിക്കന്‍ നിയന്ത്രണത്തില്‍ സുവിശേഷകര്‍ നടപ്പിലാക്കി വരുന്നു. കത്തോലിക്ക പുരോഹിതനും മുന്‍ ജാഫ്ന ജനറലും ആയിരുന്ന എസ്‌.ജെ.ഇമ്മാനുവല്‍ ജര്‍മനിയില്‍നിന്ന്‌ നേതൃത്വം നല്‍കുന്ന സംഘടനയാണ്‌ ഗ്ലോബല്‍ തമിഴ്‌ ഫോറം. എല്‍ടിടിഇയുടേതായി യൂറോപ്യന്‍ രാജ്യങ്ങളിലുണ്ടായിരുന്ന ആറ്‌ ബില്യണ്‍ യുഎസ്‌ ഡോളര്‍ വരുന്ന സമ്പത്ത്‌ ഇപ്പോള്‍ ഗ്ലോബല്‍ തമിഴ്‌ ഫോറത്തിന്റെ പക്കലാണ്‌. അവരുടെ ലണ്ടനിലുള്ള സെക്രട്ടറിയേറ്റിന്റെ ചുമതല വഹിക്കുന്നത്‌ ബ്രിട്ടീഷ്‌ ലേബര്‍ പാര്‍ട്ടിയുടെ മുന്‍ പാര്‍ലമെന്റേറിയന്‍ ജോണ്‍ റിയാന്‍ ആണ്‌. അമേരിക്കന്‍ പൗരനായ വി.രുദ്രകുമാര്‍ പ്രധാനമന്ത്രിയും കത്തോലിക്ക പുരോഹിതനും കാനഡയിലെ ടൊറൊന്റോ യൂണിവേഴ്സിറ്റിയിലെ ദൈവശാസ്ത്ര പ്രൊഫസര്‍ ചന്ദ്രകാന്തന്‍, ആംനസ്റ്റി ഇന്റര്‍നാഷണല്‍ മുന്‍ തലവന്‍ ഫ്രാന്‍സിസ്‌ ബോയിലി എന്നിവര്‍ മന്ത്രിമാരുമായ ട്രാന്‍സ്നാഷണല്‍ ഗവണ്‍മെന്റ്‌ ഓഫ്‌ തമിഴ്‌ ഈഴം അമേരിക്ക കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്നു.
എല്‍ടിടിഇ നേതാവ്‌ പ്രഭാകരനെ കൊന്നുകൊണ്ട്‌ ശ്രീലങ്കന്‍ സര്‍ക്കാര്‍ നേടിയ യുദ്ധ വിജയം തീവ്രവാദത്തിനെതിരെയുള്ള വിജയമായി 2009 മേയ്‌ 26-27 തീയതികളില്‍ നടന്ന പൊതുസഭ 12 നെതിരെ 26 വോട്ടോടെ അംഗീകരിച്ചിരുന്നു. അതിനുശേഷം ക്രൈസ്തവ സാമ്രാജ്യത്തിന്റെ താല്‍പ്പര്യപ്രകാരം യുഎന്‍ സെക്രട്ടറി ജനറല്‍ യുഎന്നിന്റെ ഔദ്യോഗിക അംഗീകാരമില്ലാതെ മൂന്നംഗ വിദഗ്ദ്ധ സമിതിയെ യുദ്ധത്തിനിടയിലുണ്ടായ അതിക്രമങ്ങളെക്കുറിച്ച്‌ അന്വേഷിക്കാന്‍ നിയോഗിച്ചു. ലോകത്തെ തന്നെ സുവിശേഷ വ്യവസായത്തിന്റെ തലസ്ഥാനമാണ്‌ സൗത്ത്‌ കൊറിയ. അവരുടെ നേതാവായ യുഎന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ അനധികൃതമായി ശ്രീലങ്കന്‍ പ്രശ്നത്തില്‍ ഇടപെടുകയായിരുന്നു. വിദഗ്ദ്ധ സമിതിയുടെ പേരില്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട്‌ എല്‍ടിടിഇയേയും ശ്രീലങ്കന്‍ സര്‍ക്കാരിനെയും തുല്യനിലയില്‍ കണ്ട്‌ രണ്ടുകൂട്ടരേയും കുറ്റവിചാരണ ചെയ്യണമെന്നാവശ്യപ്പെടുന്നു. ശ്രീലങ്കന്‍ സര്‍ക്കാര്‍ ഈ റിപ്പോര്‍ട്ട്‌ തികച്ചും വ്യക്തിപരമായതാണെന്നു പറഞ്ഞുകൊണ്ട്‌ തള്ളിക്കളഞ്ഞെങ്കിലും യുഎന്‍ഹ്യൂമന്‍ റൈറ്റ്‌ ഹായ്‌ കമ്മീഷണര്‍ നവനീതന്‍ പിള്ള ശ്രീലങ്കയെ ആക്രമിക്കാന്‍ ആ റിപ്പോര്‍ട്ട്‌ ഉപയോഗിക്കാന്‍ ശ്രമിക്കുകയാണ്‌. 2011 സപ്തംബര്‍ 11 ന്‌ ജെയിനെവയില്‍ നടന്ന 18-ാ‍മത്‌ യുഎന്‍ ഹ്യൂമന്‍ റൈറ്റ്‌ കമ്മീഷന്റെ യോഗത്തില്‍ ആ റിപ്പോര്‍ട്ട്‌ ചര്‍ച്ചയ്ക്കെടുക്കാന്‍ പിള്ള ശ്രമിച്ചെങ്കിലും ചൈന വിറ്റോ ചെയ്തതിനാല്‍ അത്‌ നടന്നില്ല.
യുഎന്നിനെ കൂടാതെ അന്താരാഷ്ട്ര ക്രൈസ്തവ നേതൃത്വം അവരുടെ ശമ്പളം പറ്റുന്ന എന്‍ജിഒകളുടെ ഒരു വ്യൂഹത്തെ തന്നെ ശ്രീലങ്കയ്ക്കെതിരെ രംഗത്ത്‌ ഇറക്കിയിട്ടുണ്ട്‌. ട്രാന്‍സ്പെരന്‍സി ഇന്റര്‍നാഷണല്‍ എന്ന എന്‍ജിഒ 2002 ലാണ്‌ ശ്രീലങ്കയിലെത്തിയത്‌. 2009 ജൂണ്‍വരെ നോര്‍വെ, സ്വീഡന്‍, യുഎസ്‌എ എന്നിവിടങ്ങളില്‍നിന്നു മാത്രം 180 ദശലക്ഷം രൂപ ഇവര്‍ കൈപ്പറ്റിയതായി ശ്രീലങ്കന്‍ ഔദ്യോഗിക മാധ്യമങ്ങള്‍ വെളിപ്പെടുത്തിയിരുന്നു. ശ്രീലങ്കന്‍ സര്‍ക്കാരിന്റെ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം നടത്തിയ മറ്റൊരു അന്വേഷണത്തില്‍ നാഷണല്‍ പീസ്‌ കൗണ്‍സില്‍, സെന്റര്‍ഫോര്‍ പോളിസി ആള്‍ട്ടര്‍നേറ്റീവ്‌, ട്രാന്‍സ്പെരന്‍സി ഇന്റര്‍നാഷണല്‍ എന്നീ സംഘടനകള്‍ ശ്രീലങ്കന്‍ സര്‍ക്കാരിനെതിരെയുള്ള പ്രചാരണത്തിനായി മാത്രം എട്ട്‌ അമേരിക്കന്‍ എന്‍ജിഒകളില്‍നിന്ന്‌ 72 ദശലക്ഷം ഡോളര്‍ 2008 നും 2010 നും ഇടയില്‍ കൈപ്പറ്റിയിട്ടുണ്ട്‌. എല്‍ടിടിഇയ്ക്ക്‌ വേണ്ടി പ്രചാരണവേല നടത്തിയിരുന്ന ആംനസ്റ്റി ഇന്റര്‍നാഷണലിന്റെ മേധാവിയും ബംഗ്ലാദേശുകാരിയുമായ ഇറിന്‍ ഖാന്‍ (കൃലില സവമി)അവരുടെ ഡെപ്യൂട്ടിയും യഥാക്രമം 5.3 ലക്ഷം പൗണ്ടും 3.25 ലക്ഷം പൗണ്ടും പ്രതിമാസ ശമ്പളം വാങ്ങിയിരുന്നതായി ബ്രിട്ടീഷ്‌ പ്രസ്‌ മുന്‍ സെക്രട്ടറി വെളിപ്പെടുത്തിയിരുന്നു. മറ്റൊരു മുന്‍ ആംനസ്റ്റി ഇന്റര്‍നാഷണല്‍ മേധാവി ഫ്രാന്‍സിസ്‌ ബോയിലി ഇപ്പോള്‍ ട്രാന്‍സ്നാഷണല്‍ ഗവണ്‍മെന്റ്‌ ഓഫ്‌ തമിഴ്‌ ഈഴത്തിന്റെ മന്ത്രിസഭാംഗമാണ്‌. വിദേശ പണം വാങ്ങി ശ്രീലങ്കയ്ക്കെതിരെ പ്രചാരണം നടത്തുന്ന നാഷണല്‍ പീസ്‌ കൗണ്‍സില്‍ എന്ന എന്‍ജിഒയുടെ മേധാവി ജോണ്‍ പെരേരയാണ്‌ രാജീവ്‌ ഗാന്ധിയുടെ കാലത്ത്‌ ഇന്ത്യ ശ്രീലങ്കയില്‍ ഇടപെടണമെന്നാവശ്യപ്പെട്ടുകൊണ്ട്‌ നടന്ന പ്രചാരണത്തിന്‌ നേതൃത്വം നല്‍കിയത്‌. എല്‍ടിടിഇ തീവ്രവാദി സംഘടനയായി പ്രഖ്യാപിച്ചതിനുശേഷവും അമേരിക്കന്‍ സ്റ്റേറ്റ്‌ ഡിപ്പാര്‍ട്ടുമെന്റ്‌ എല്‍ടിടിഇയുടെ പോഷക സംഘടനയായ തമിഴ്‌ റീഹാബിലിറ്റേഷന്‍ ഓര്‍ഗനൈസേഷന്‌ വന്‍ സാമ്പത്തിക സഹായം നല്‍കിവന്നിരുന്നതായി വിക്കിലീക്സ്‌ വെളിപ്പെടുത്തിയിരുന്നു. ശ്രീലങ്കന്‍ സര്‍ക്കാരില്‍ സ്വാധീനം ചെലുത്താന്‍ 1956 മുതല്‍ വര്‍ഷംതോറും ശരാശരി 40 മില്യണ്‍ യുഎസ്‌ ഡോളര്‍ എന്ന നിരക്കില്‍ സാമ്പത്തിക സഹായം നല്‍കിയിരുന്ന അമേരിക്ക ആഭ്യന്തര കലാപം രൂക്ഷമായപ്പോള്‍ 1998 ല്‍ സാമ്പത്തിക സഹായം വെട്ടിക്കുറയ്ക്കുകയും തുടര്‍ന്ന്‌ നാമമാത്രമാക്കുകയും ചെയ്തു. കാരണം പറഞ്ഞത്‌ ശ്രീലങ്ക മനുഷ്യാവകാശ ലംഘനം നടത്തുന്നു എന്നാണ്‌. തുടര്‍ന്ന്‌ ചൈന വന്‍ സാമ്പത്തിക സഹായം നല്‍കി ശ്രീലങ്കയെ സഹായിച്ചു.
ശ്രീലങ്കന്‍ ജനതയിപ്പോള്‍ സമാധാനവും ശാന്തിയും അനുഭവിക്കുകയാണ്‌. ശ്രീലങ്കന്‍ സര്‍ക്കാര്‍ അനുരഞ്ജനത്തിലൂടെയും പരസ്പ്പര ധാരണയിലൂടേയും സമാധാന പൂര്‍ണമായ ശ്രീലങ്കയ്ക്കായി തിരക്കിട്ട്‌ യത്നിക്കുകയാണ്‌. പ്രശ്നങ്ങളെക്കുറിച്ച്‌ പഠിക്കാനും പരിഹാരം നിര്‍ദ്ദേശിക്കാനും വിദഗ്ദ്ധരുടെ ഒരു സമിതിയെ നിയോഗിച്ചിട്ടുണ്ട്‌. ആ സമിതി രാജ്യവ്യാപകമായി തെളിവെടുപ്പ്‌ നടത്തിക്കൊണ്ടിരിക്കുന്നു. രണ്ട്‌ ലക്ഷത്തി തൊണ്ണൂറ്റിനാലായിരം പേരെ പുനരധിവസിപ്പിച്ചു കഴിഞ്ഞു. മൂവായിരത്തോളം പേര്‍ മാത്രമെ ക്യാമ്പുകളില്‍ അവശേഷിക്കുന്നുള്ളൂ. അറസ്റ്റ്‌ ചെയ്യപ്പെട്ട 11700 എല്‍ടിടിഇ പുലികളില്‍ 7969 പേരെ തടവില്‍നിന്ന്‌ മോചിപ്പിച്ചു. 400 പെണ്‍പുലികള്‍ക്ക്‌ ആദ്യവര്‍ഷംതന്നെ ചെറുതൊഴില്‍ നല്‍കി പുനരധിവസിപ്പിച്ചു. എങ്കിലും സൗത്ത്‌ ആഫ്രിക്കന്‍ ക്രിസ്ത്യന്‍ തമിഴ്‌ വംശജയും യുഎന്‍ ഹ്യൂമന്‍ റൈറ്റ്‌ ഹൈക്കമ്മീഷനും അന്താരാഷ്ട്ര ക്രിമിനല്‍ കോടതി മുന്‍ ജഡ്ജിയുമായ നവനീതന്‍ പിള്ള ശ്രീലങ്കന്‍ ഭരണകൂടത്തെ കുറ്റവിചാരണ ചെയ്യാന്‍ വന്‍ പ്രചാരണം തുടരുകയാണ്‌. ശ്രീലങ്കയ്ക്കുവേണ്ടി മുതലക്കണ്ണീര്‍ ഒഴുക്കുന്ന പിള്ളയും അവരുടെ സ്പോണ്‍സര്‍മാരായ ക്രൈസ്തവ രാജ്യങ്ങളും അമേരിക്കന്‍ അധിനിവേശത്തെത്തുടര്‍ന്ന്‌ ഇറാക്കികള്‍ അനുഭവിച്ചുവരുന്ന നരകയാതന കണ്ടില്ലെന്നു നടിക്കുകയാണ്‌. 43 ശതമാനം ഇറാക്കികളും കൊടും പട്ടിണിയിലാണ്‌. 13 വയസ്സില്‍ താഴെയുള്ള അന്‍പതിനായിരത്തിലധികം പെണ്‍കുട്ടികള്‍ പട്ടിണിയുടെ പിടിയില്‍നിന്ന്‌ രക്ഷനേടി വിദേശരാജ്യങ്ങളില്‍ വേശ്യാവൃത്തിയില്‍ ഏര്‍പ്പെട്ടിരിക്കുന്നു. എട്ട്‌ ലക്ഷം കുട്ടികള്‍ സ്കൂള്‍ ഉപേക്ഷിച്ച്‌ തെരുവില്‍ തെണ്ടികളായി അലയുന്നു. 70 ശതമാനം ഇറാക്കികള്‍ക്കും ശുദ്ധവായു ലഭ്യമല്ല. ഈ പീഡനത്തിന്റെ ഇടയിലൂടെ ക്രിസ്ത്യന്‍ സുവിശേഷകര്‍ കൊയ്ത്ത്‌ നടത്തുകയാണ്‌. 2003 ല്‍ വിരലിലെണ്ണാവുന്ന എന്‍ജിഒകള്‍ മാത്രമുണ്ടായിരുന്ന ഇറാക്കില്‍ ഇന്ന്‌ 11,000 ത്തിലധികം എന്‍ജിഒ കള്‍ പ്രവര്‍ത്തിക്കുന്നു. ഇറാക്കില്‍ ക്രൈസ്തവ അജണ്ട നടപ്പിലാക്കുന്നത്‌ ഈ എന്‍ജിഒകളാണ്‌.
അന്താരാഷ്ട്ര ക്രൈസ്തവ നേതൃത്വത്തിന്‌ വഴങ്ങി നില്‍ക്കുന്ന ദല്‍ഹി ഭരണകൂടം തമിഴ്‌ ഈഴത്തിനെ പരസ്യമായി തള്ളിപ്പറയാനും തമിഴ്‌ ഈഴത്തിനെതിരെ ശക്തമായ നിലപാടെടുക്കാനും വൈമനസ്യം കാട്ടുകയാണ്‌. ഈ നടപടി ശ്രീലങ്കയെ പാക്കിസ്ഥാനോടൊപ്പം ചൈനയുടെ ചേരിയിലെത്തിക്കുകയാണ്‌. യുഎന്‍ അസംബ്ലിയില്‍ ചൈന ശ്രീലങ്കയ്ക്കനുകൂലമായി വീറ്റോ അധികാരം ഉപയോഗിച്ചുകൊണ്ട്‌ പറഞ്ഞത്‌ "കഴിഞ്ഞ അഞ്ഞൂറുവര്‍ഷത്തിലധികമായി കോളനിഭരണം ശ്രീലങ്കയെ വളരെയേറെ പീഡിപ്പിച്ചു. ഞങ്ങളും കോളനി ഭരണത്തിന്റെ ദുരന്തങ്ങള്‍ അനുഭവിച്ചവരാണ്‌. അതുകൊണ്ടുതന്നെ ശ്രീലങ്കയുടെ ആഭ്യന്തര പ്രശ്നത്തില്‍ പുറത്തുനിന്നുള്ളവര്‍ ഇടപെടരുത്‌. ശ്രീലങ്കയ്ക്ക്‌ അവരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സമയവും അവസരവും നല്‍കണം എന്നാണ്‌. നീണ്ട ഒരു കാലയളവിന്‌ ശേഷമാണ്‌ ചൈന ശ്രീലങ്കയുടെ കാര്യത്തില്‍ ഇത്രയും വ്യാപകമായി ഇടപെടുന്നത്‌! എല്‍ടിടിഇക്കെതിരെ നടന്ന യുദ്ധത്തില്‍ ചൈന വന്‍തോതില്‍ ആയുധങ്ങള്‍ ശ്രീലങ്കയ്ക്കു നല്‍കി അന്താരാഷ്ട്ര വേദികളില്‍ ചൈന ശ്രീലങ്കയെ സംരക്ഷിച്ചുവരുന്നു. റഷ്യയും അവരോടൊപ്പം നില്‍ക്കുന്നു. ചൈനയുടെ നിര്‍ദ്ദേശപ്രകാരം പാക്കിസ്ഥാനും പാക്കിസ്ഥാനോടൊപ്പം മുസ്ലീം രാജ്യങ്ങളും ശ്രീലങ്കയ്ക്കനുകൂലമായി തീരുമാനങ്ങളെടുക്കുന്നു. അതിനു പ്രത്യുപകാരമായി വന്‍ സൗജന്യങ്ങളാണ്‌ ശ്രീലങ്ക ചൈനയ്ക്ക്‌ നല്‍കിയത്‌. ശ്രീലങ്കയുടെ തെക്കു-കിഴക്ക്‌ ഇന്ത്യന്‍ മഹാസമുദ്രത്തേയും പസഫിക്‌ സമുദ്രത്തെയും ബന്ധിപ്പിക്കുന്ന കിഴക്ക്‌ പടിഞ്ഞാറ്‌ കപ്പല്‍ ചാനലിന്റെ നിയന്ത്രണം ചൈനയ്ക്ക്‌ ലഭിക്കുന്ന തരത്തില്‍ ഹംബാന്‍ടോട്ട കണ്ടയ്നര്‍ പോര്‍ട്ടിന്റെ (ഒമായമി്മേ രീി‍മേശിലൃ ു‍ീ‍ൃ‍ി‍) നിര്‍മാണം ചൈനയ്ക്ക്‌ നല്‍കി. രാജപക്സെയുടെ സ്വന്തം നാട്ടില്‍ മറ്റൊരു തുറമുഖവും രണ്ട്‌ താപവൈദ്യുതനിലയങ്ങളും ചൈന നിര്‍മിക്കുന്നുണ്ട്‌. സ്കൂളുകളില്‍ ചൈനീസ്‌ ഭാഷ പഠിപ്പിക്കാനുള്ള അവസരം സര്‍ക്കാര്‍ നടപ്പിലാക്കി വരുന്നു. ചൈനയേയും ചൈനീസ്‌ ഭാഷയേയും പ്രകീര്‍ത്തിച്ചുകൊണ്ട്‌ ശ്രീലങ്കന്‍ രാഷ്ട്രീയനേതാക്കള്‍ തുടര്‍ച്ചയായി പരസ്യപ്രസ്താവനകള്‍ നടത്തിവരുന്നു. ഇത്‌ ശ്രീലങ്കയുടെ ഭാവിജീവിതത്തിലുണ്ടാകാന്‍ പോകുന്ന പ്രത്യാഘാതങ്ങള്‍ വളരെ വരുതായിരിക്കും. ഇന്ത്യയിലെ വടക്ക്‌-കിഴക്കന്‍ മേഖലയില്‍ സംഭവിച്ചതുപോലെ ചൈനീസ്‌-ക്രൈസ്തവ കൂട്ടുകെട്ട്‌ ശ്രീലങ്കയെ സാംസ്കാരികമായി ഇല്ലാതാക്കാന്‍ ശ്രമിച്ചേക്കാം. അത്‌ ഭാരതത്തില്‍ ആ കൂട്ടുകെട്ട്‌ നടത്തുന്ന വിഘടനവാദ പ്രവര്‍ത്തനങ്ങള്‍ക്ക്‌ ആക്കം കൂട്ടൂക തന്നെ ചെയ്യും.
ക്രൈസ്തവ സാമ്രാജ്യവും ചൈനയും ശ്രീലങ്കയില്‍ വളരെവേഗം പരസ്പ്പര ധാരണയിലെത്തിയേക്കും. എല്‍ടിടിഇ നേതൃത്വവും മാവോയിസ്റ്റുകളും ഭാരതത്തിലെ വടക്ക്‌ കിഴക്കന്‍ സംസ്ഥാനങ്ങള്‍ നിയന്ത്രിക്കുന്ന എന്‍എസ്സിഎന്‍ ക്രിസ്ത്യന്‍ തീവ്രവാദികളുമായി വര്‍ഷങ്ങളായി ഒത്തൊരുമിച്ച്‌ പ്രവര്‍ത്തിച്ചുവരുന്നുണ്ട്‌. ഇവരുടെ ഭാരതവിരുദ്ധ സിദ്ധാന്തങ്ങളുടെ പിടിയില്‍നിന്ന്‌ ശ്രീലങ്കന്‍ ജനതയെ മോചിപ്പിക്കാന്‍ ഭാരതം ദീര്‍ഘകാല പദ്ധതികള്‍ സമയബന്ധിതമായി നടപ്പിലാക്കണം. തമിഴ്‌ ഈഴത്തെ പരസ്യമായി എതിര്‍ക്കാന്‍ ദേശീയ പാര്‍ട്ടികള്‍ തയ്യാറാകണം. അതിന്‌ തമിഴ്‌നാട്ടിലേയും ശ്രീലങ്കയിലേയും സാധാരണ ജനങ്ങള്‍ക്ക്‌ യഥാര്‍ത്ഥ ശത്രുക്കളുടെ ചിത്രം കാണിച്ചുകൊടുക്കാന്‍ ഭാരതത്തിലെ ദേശീയ പ്രസ്ഥാനങ്ങള്‍ മുന്നോട്ട്‌ വരണം.
മനോമോഹന്‍

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.