ബാര്‍ കോഴ : പ്രതിപക്ഷത്ത് ഭിന്നതയെന്ന് രമേശ് ചെന്നിത്തല

Monday 3 November 2014 1:07 pm IST

തിരുവനന്തപുരം: ബാര്‍ കോഴ അന്വേഷണം സംബന്ധിച്ച് പ്രതിപക്ഷത്ത് ഭിന്നതയെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ഏത് തരത്തിലുള്ള അന്വേഷണം വേണമെന്ന കാര്യത്തില്‍ ആശയക്കുഴപ്പവും അനിശ്ചിതത്വവും പ്രതിപക്ഷത്തിന്റെ ഭാഗത്താണ്. പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദനും സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനും തമ്മിലാണ് അഭിപ്രായവ്യത്യാസം. ഏത് അന്വേഷണം വേണമെന്ന് ആദ്യം അവര്‍ തീരുമാനിക്കട്ടെയെന്നും അദ്ദേഹം മാദ്ധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. കോഴ വിവാദത്തില്‍ നീതിപൂര്‍വമായ അന്വേഷണമാണ് നടക്കുന്നത്. പ്രാഥമികാന്വേഷണം തീരാന്‍ മൂന്നുമാസമെങ്കിലും സമയമെടുക്കും. വിഎസിന്റെ ആവശ്യത്തിലാണ് അന്വേഷണമെന്നും ചെന്നിത്തല തിരുവനന്തപുരത്ത് പറഞ്ഞു. അതേസമയം ഗൂഢാലോചന അന്വേഷിക്കുമോയെന്ന ചോദ്യത്തോട് ചെന്നിത്തല പ്രതികരിച്ചില്ല. ചുംബന സമരത്തിന്റെ കാര്യത്തില്‍ പോലീസിന് വീഴ്ച വന്നിട്ടില്ലെന്നും ആഭ്യന്തര മന്ത്രി പറഞ്ഞു. ക്രമസമാധാനം പാലിക്കുന്നതില്‍ യാതൊരു പാളിച്ചയും വന്നിട്ടില്ല. അനിഷ്ട സംഭവങ്ങളൊന്നും കൊച്ചിയില്‍ ഉണ്ടായിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു. ചുംബന സമരത്തിനു നേരെയുണ്ടായ അക്രമം പൊലീസിന്റെ പിന്തുണയോടെയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ആരോപിച്ചിരുന്നു. പ്രതിഷേധം പ്രകടിപ്പിക്കാനുള്ള അവകാശം ജനാധിപത്യപരമായി അനുവദിക്കപ്പെട്ട നാടാണ് നമ്മുടേത്. സാധാരണയില്‍ നിന്ന് വ്യത്യസ്തമായ പ്രതിഷേധ രീതികളാകുമ്പോള്‍ യോജിപ്പുള്ളവരും വിയോജിപ്പുള്ളവരും ഉണ്ടാകാം. അങ്ങനെ അനുകൂലിക്കാനും പ്രതികൂലിക്കാനുമുള്ള സ്വാതന്ത്ര്യവും നമ്മുടെ നാട്ടിലുണ്ടെന്നും പിണറായി ഫേസ്ബുക്കില്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.