ജന്മനക്ഷത്രദിനത്തില്‍ അനുഷ്ഠിക്കേണ്ട കര്‍മ്മങ്ങള്‍

Monday 3 November 2014 8:00 pm IST

പൊതുവായി പറഞ്ഞാല്‍ ഒരു വ്യക്തി ജനിച്ച സമയത്തെ നക്ഷത്രമാണ് ആ വ്യക്തിയുടെ ജന്മനക്ഷത്രം. 360 ഡിഗ്രിവരുന്ന രാശിചക്രത്തെ 27 ആയി വിഭജിച്ചതില്‍ ഒരു ഭാഗമാണ് ഒരു നക്ഷത്രം. ഓരോ മേഖലയിലെയും പ്രധാന നക്ഷത്രത്തിന്റെ പേരാണ് ആ മേഖലയ്ക്കു നല്‍കിയിരിക്കുന്നത്. ആ മേഖലയില്‍ ചന്ദ്രന്‍ സഞ്ചരിക്കുന്ന സമയമാണ് ആ നക്ഷത്രമായി കണക്കിലെടുക്കുക. ജനനസമയത്ത് ചന്ദ്രന്‍ ചോതി നക്ഷത്രത്തിന്റെ മേഖലയിലാണെങ്കില്‍ ആ വ്യക്തി ചോതി നക്ഷത്രജാതനാകുന്നു. ഏകദേശം 27 ദിവസങ്ങള്‍ കൊണ്ടാണ് രാശിചക്രത്തില്‍ ഒരുദിവസം പൂര്‍ത്തിയാക്കുന്നത്. ഒരുദിവസം ഒരു നക്ഷത്രത്തില്‍ എന്ന കണക്കില്‍ 27 ദിവസംകൊണ്ട് 27 നക്ഷത്രങ്ങളിലൂടെ ചന്ദ്രന്‍ സഞ്ചരിക്കുന്നു. അങ്ങനെ 27 ദിവസത്തിലൊരിക്കല്‍ ഒരു വ്യക്തിയുടെ നക്ഷത്രത്തില്‍കൂടി ചന്ദ്രന്‍ സഞ്ചരിക്കുന്ന സമയമാണ് ആ വ്യക്തിയുടെ നക്ഷത്രം. ചന്ദ്രനും നക്ഷത്രങ്ങള്‍ക്കും ഭാരതീയ ജ്യോതിഷത്തില്‍ അതീവ പ്രാധാന്യമാണുള്ളത്. ഒരു വ്യക്തിയുടെ ദശകാലനിര്‍ണയം ഇവയെ അടിസ്ഥാനമാക്കിയാണ്. ജനനസമയത്തെ നക്ഷത്ര, ചന്ദ്രസ്വഭാവമനുസരിച്ചാണ് ഒരു വ്യക്തിയുടെ ജീവിതം, അവന്റെ മാനസികവും ശാരീരികവുമായ തലങ്ങള്‍, യോഗഫലങ്ങള്‍, ഭാഗ്യനിര്‍ഭാഗ്യങ്ങള്‍ തുടങ്ങിയവയെല്ലാം പ്രധാനമായും രൂപപ്പെടുന്നത്. അതുകൊണ്ടുതന്നെ താന്‍ ജനിച്ച നക്ഷത്രമേഖലയില്‍ ചന്ദ്രന്‍ വീണ്ടുമെത്തുന്ന ജന്മനക്ഷത്രദിവസത്തിന് അനുഷ്ഠാനപരമായും ഗ്രഹദോഷപരിഹാര കര്‍മ്മങ്ങളുടെ മേഖലയിലും അതിയായ പ്രാധാന്യമുണ്ട്. ദശാകാലത്തിന്റെ അടിസ്ഥാനം തന്നെ നക്ഷത്രവും ചന്ദ്രനുമാണെന്നിരിക്കെ, വ്യക്തി ജനിച്ച നക്ഷത്രമേഖലയില്‍ ചന്ദ്രന്‍ എത്തുന്ന ദിവസത്തെ ഊര്‍ജ്ജ സ്വഭാവത്തിന് ആ വ്യക്തിയുമായി ഒരു താദാത്മ്യം കാണുമെന്നത് യുക്തിസഹമാണ്. അതുകൊണ്ടുതന്നെ ആ ദിനത്തില്‍ പ്രസ്തുത വ്യക്തി അനുഷ്ഠിക്കുന്ന ഗ്രഹദോഷ പരിഹാരകര്‍മ്മങ്ങള്‍ക്ക് കൂടുതല്‍ ഫലദാനശേഷി കൈവരുന്നു. മാസംതോറും വരുന്ന ജന്മനക്ഷത്രത്തില്‍ ശാന്തികര്‍മ്മങ്ങളും പൗഷ്ടിക കര്‍മ്മങ്ങളും ചെയ്യണമെന്ന് പറയുന്നതിന്റെ അടിസ്ഥാനം ഇതുതന്നെ. ആണ്ടുപിറന്നാളാകട്ടെ, ജനിച്ച നക്ഷത്രത്തില്‍ ചന്ദ്രന്‍ എത്തുന്ന ദിവസത്തോടൊപ്പം സൂര്യന്‍ ജനനസമയത്തെ സൂര്യസ്ഥിത രാശിയില്‍ത്തന്നെ വീണ്ടും എത്തുന്ന ദിവസവുമാണ്. അതുകൊണ്ടുതന്നെ അതിന് കൂടുതല്‍ പ്രാധാന്യം നാം കല്‍പിക്കുന്നു. ഇങ്ങനെ 60 വര്‍ഷം കഴിയുമ്പോള്‍ ഏറെക്കുറെ എല്ലാ ഗ്രഹങ്ങളും വ്യക്തിയുടെ ജനനസമയത്തെ ഗ്രഹനിലയിലെത്തുന്നു. അതാണ് ഷഷ്ടിപൂര്‍ത്തിയുടെ പ്രാധാന്യം. പതിവായി ജന്മനക്ഷത്രം തോറും വിധിപ്രകാരമുള്ള അനുഷ്ഠാനങ്ങള്‍ നടത്തികൊണ്ടുപോയാല്‍ അത് ഗ്രഹപ്പിഴകള്‍ ബാധിക്കാതിരിക്കാനുള്ള ഏറ്റവും നല്ല കര്‍മ്മം തന്നെയാണ്. സാമാന്യമായി ഗണപതിഹോമം, ഭഗവതിസേവ എന്നിവ ജന്മനാള്‍തോറും നടത്തുന്നതുകൊണ്ടുതന്നെ പൊതുവായ ദോഷങ്ങള്‍ പരിഹരിക്കപ്പെടുന്നതായാണ് അനുഭവം. ദശാനാഥനായ ഗ്രഹത്തിനുള്ള പൂജകൂടി ജന്മനാള്‍തോറും നടത്തുന്നതും ഉത്തമം തന്നെ. ജന്മനക്ഷത്രദിവസം അതികാലത്തുണരുക, പ്രഭാതസ്‌നാനം സാത്ത്വിക ജീവിതരീതി, അഹിംസ, വ്രതശുദ്ധി തുടങ്ങിയവ ശീലിക്കേണ്ടതാണ്. എണ്ണതേച്ചുകുളി, ക്ഷൗരം, മൈഥുനം, ശ്രാദ്ധം, ചികിത്സ, യാത്രാരംഭം, വിവാഹം, ശസ്ത്രക്രിയ, ഉപനയനം, സീമന്തം, വാഹനാരോഹണം, പ്രേതക്രിയകള്‍, സാഹസകര്‍മ്മങ്ങള്‍, യുദ്ധം, മാംസ മദ്യാദിസേവ, ഔഷധസേവ തുടങ്ങിയവയൊന്നും ജന്മനക്ഷത്രദിവസം പാടില്ല എന്നാണ് വിധി. ക്ഷേത്രദര്‍ശനം, പുണ്യകര്‍മ്മങ്ങള്‍, പൂജാദികാര്യങ്ങള്‍, പുതുവസ്ത്രാഭരണാദി ധാരണം, പുത്തരിയൂണ് തുടങ്ങിയവ ജന്മനക്ഷത്രത്തില്‍ അനുവദിക്കപ്പെട്ടിട്ടുണ്ട്. ആണ്ടുപിറന്നാളിന് ദാനം ഒരു പ്രധാന കര്‍മ്മമാണ്. അതില്‍ അന്നദാനം തന്നെ ഏറ്റവും വിശിഷ്ടം. ഉദയസമയം മുതല്‍ 6 നാഴികയെങ്കിലും നക്ഷത്രമുള്ള ദിവസമാണ് ജന്മനക്ഷത്രമായി കണക്കാക്കുക. ജന്മനക്ഷത്രം 6 നാഴികയില്‍ കുറവാണെങ്കില്‍ തലേദിവസം ജന്മനാളായി എടുക്കണം. ഓരോ ആഴ്ച ദിവസങ്ങളില്‍ പിറന്നാള്‍ വന്നാല്‍ അതിന് പ്രത്യേക ഫലം പറയുന്നുണ്ട്. ഞായറാഴ്ച- ദൂരയാത്ര, തിങ്കളാഴ്ച-മൃഷ്ടാന്ന ഭോജനം, ചൊവ്വാഴ്ച- മഹാവ്യാധി, ബുധനാഴ്ച- വിദ്യാലാഭം, വ്യാഴാഴ്ച- വിശേഷവസ്ത്രലാഭം, വെള്ളിയാഴ്ച-സൗഭാഗ്യം, ശനിയാഴ്ച- മാതാപിതാക്കള്‍ക്ക് അരിഷ്ട. ഇതില്‍ ദോഷഫലങ്ങള്‍ പരിഹരിക്കുന്നതിനായി പിറന്നാള്‍ ദിവസം ആഴ്ചയുടെ അധിപനായ ഗ്രഹത്തെകൂടി പൂജിക്കുക. ഞായറാണെങ്കില്‍ സൂര്യനെയും, തിങ്കളെങ്കില്‍ ചന്ദ്രനെയും, ചൊവ്വയെങ്കില്‍ കുജനെയും, ബുധനെങ്കില്‍ ബുധനെയും, വ്യഴമെങ്കില്‍ ഗുരുവിനെയും വെള്ളിയെങ്കില്‍ ശുക്രനെയും ശനിയെങ്കില്‍ ശനിയെയും പൂജിക്കുന്നത് ഉത്തമമാണ്. ജന്മനക്ഷത്രദിവസം നക്ഷത്രത്തിന്റെ മൃഗം, പക്ഷി എന്നിവയ്ക്ക് ആഹാരം കൊടുക്കുന്നതും വൃക്ഷം നട്ട് വളര്‍ത്തുകയും പരിപാലിക്കുകയും ചെയ്യുന്നതും ഐശ്വര്യവും ആയുസ്സുംകൈവരുന്നതിന് ഫലപ്രദം. ഈ ദിവസം നക്ഷത്രാധിപനെ ഭജിക്കുന്നതും ദോഷശാന്തിക്ക് ഉത്തമമാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.