കുട്ടനാട്ടില്‍ സിപിഎം സമ്മേളനങ്ങള്‍ വിഭാഗീയതയില്‍ മുങ്ങി

Monday 3 November 2014 9:22 pm IST

ആലപ്പുഴ: കുട്ടനാട്ടില്‍ സിപിഎം സമ്മേളനങ്ങളില്‍ മുന്‍കാലങ്ങളിലേത് പോലെ വിഭാഗീയതയും തമ്മിലടിയും രൂക്ഷമായി. ബ്രാഞ്ച് സമ്മേളനങ്ങളില്‍ ആരംഭിച്ച വിഭാഗീയമായ ഏറ്റുമുട്ടലുകളും അഴിമതി ആരോപണങ്ങളും ലോക്കല്‍ സമ്മേളനങ്ങള്‍ ആരംഭിച്ചതോടെ കൂടുതല്‍ ശക്തമായിരിക്കുകയാണ്. സമ്മേളന നിരീക്ഷകരായി എത്തുന്ന ഉപരി കമ്മറ്റികളിലെ നേതാക്കളുടെ നിര്‍ദേശങ്ങള്‍ പോലും ലംഘിച്ചാണ് സഖാക്കള്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടുന്നത്. ഇതുവരെ നടന്ന മൂന്ന് ലോക്കല്‍ സമ്മേളനങ്ങളിലും ഇതുതന്നെയായിരുന്നു അവസ്ഥ. മുട്ടാറില്‍ കടുത്ത വിഭാഗീയതയെ തുടര്‍ന്ന് സമ്മേളനം നിര്‍ത്തിവയ്‌ക്കേണ്ടിവന്നു. 13 അംഗ കമ്മറ്റിയെ തെരഞ്ഞെടുക്കാന്‍ പതിനാറുപേര്‍ മത്സര രംഗത്ത് വന്നതാണ് പ്രതിസന്ധി സൃഷ്ടിച്ചത്. നിരീക്ഷനായി എത്തിയ ജില്ലാ സെക്രട്ടറിയേറ്റ് അംഗം ഡി. ലക്ഷ്മണന്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും മൂന്നുപേര്‍ പിന്മാറാന്‍ തയാറായില്ല. ഇതോടെയാണ് സമ്മേളനം നിര്‍ത്തിവച്ചത്. വെളിയനാട്ടും നീലംപേരൂരിലും നിലവിലുണ്ടായിരുന്ന സെക്രട്ടറിമാരെ ഒഴിവാക്കി പുതിയ സെക്രട്ടറിമാരെ തെരഞ്ഞെടുത്തതും വിഭാഗീയമായാണ്. പ്രാദേശിക നേതാക്കള്‍ക്കെതിരെ കടുത്ത വിമര്‍ശനമാണ് ഇരുസമ്മേളനങ്ങളിലും ഉയര്‍ന്നത്. നേതൃത്വത്തിന്റെ ഇടപെടലില്‍ മത്സരം ഒഴിവാക്കാനായെങ്കിലും അണികള്‍ ഇരുചേരികളായി ഇവിടെ തിരിഞ്ഞിരിക്കുകയാണ്. അടുത്തദിവസം നടക്കുന്ന രാമങ്കരി ലോക്കല്‍ സമ്മേളനത്തിലും ഇതിന്റെ തനിയാവര്‍ത്തനമാണ് നടക്കാന്‍ സാദ്ധ്യത. നിലവില്‍ പിണരായി പക്ഷത്തിനാണ് രാമങ്കരിയില്‍ ആധിപത്യം. ഇത്തവണ വിഎസ് പക്ഷം എങ്ങനെയും കമ്മറ്റി പിടിച്ചെടുക്കാനുള്ള ശ്രമത്തിലാണ്. എതിര്‍ പ്രസ്ഥാനങ്ങളിലെ പ്രവര്‍ത്തകരെ കായികമായി അക്രമിക്കുകയും അതുവഴി പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്ന ലോക്കല്‍ കമ്മറ്റി നേതൃത്വത്തിനെതിരെ അണികള്‍ക്കിടയില്‍ വ്യാപക പ്രതിഷേധമുണ്ട്. ഇത് മുതലെടുക്കാനാണ് വിഎസ് പക്ഷത്തിന്റെ ശ്രമം. ഇന്നലെ തുടങ്ങിയ പുളിങ്കുന്ന് ലോക്കല്‍ സമ്മേളനത്തില്‍ വിഎസ് പക്ഷക്കാരായ ചില നേതാക്കള്‍ക്കെതിരെ അതിരൂക്ഷമായ അഴിമതി ആരോപണങ്ങളാണുയര്‍ന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.