ചുംബനസമരം:മാവോയിസ്റ്റ് സാന്നിദ്ധ്യത്തെപ്പറ്റി അന്വേഷണം

Monday 3 November 2014 10:12 pm IST

കോട്ടയം: സാംസ്‌കാരിക കേരളത്തിന്റെ മുഖത്ത് കരിവാരിത്തേച്ച ചുംബനസമരത്തില്‍ മാവോയിസ്റ്റുകളുടെ സജീവ സാന്നിദ്ധ്യം ഉണ്ടായിരുന്നതായി പോലീസ് കണ്ടെത്തി. ഇതുസംബന്ധിച്ച് പോലീസ് രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചു. കേവലം ഫെയ്‌സ്ബുക്ക് കൂട്ടായ്മയിലൂടെയാണ് ആളുകളെ സംഘടിപ്പിച്ചതെന്ന സംഘാടകരുടെ അവകാശവാദം പൊള്ളയാണെന്നാണ് പോലീസിന്റെ നിഗമനം. ഇത് ഒന്നോ രണ്ടോ വ്യക്തികളുടെ തലയിലുദിച്ച ആശയമല്ല. ഇത്തരം പ്രചാരണങ്ങള്‍ വഴിതെറ്റിക്കാനാണെന്നും പോലീസ് കരുതുന്നു. സംസ്ഥാനത്തെ യുവാക്കളില്‍ മാവോയിസ്റ്റ് സ്വാധീനം വ്യാപിപ്പിക്കാനുള്ള ഒരു മാര്‍ഗ്ഗമായി ചുംബനസമരത്തെ മാവോയിസ്റ്റുകള്‍ ഉപയോഗിച്ചതായി പോലീസ് സംശയിക്കുന്നു. സമരത്തിന് നേതൃത്വം കൊടുത്തവരെയും അകൂലികള്‍ക്ക് അഭയമരുളിയവരെയും പോലീസ് നിരീക്ഷിക്കും. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ അടുത്തിടെയായി മാവോയിസ്റ്റുകളുടെ സ്വാധീനം പ്രകടമാകുന്ന ലഘുലേഖകളും മറ്റും കണ്ടെത്തിയിരുന്നു. ഫെയ്‌സ്ബുക്കിലൂടെയുള്ള ആഹ്വാനത്തിനു പുറമെ സജീവമായ സംഘടനാ പ്രവര്‍ത്തനവും മറൈന്‍ഡ്രൈവിലെ ആള്‍ക്കൂട്ടത്തിനു പിന്നിലുണ്ടായിരുന്നു. സമരക്കൂട്ടായ്മയിലേക്ക് എത്തുന്നവരെപ്പറ്റി പോലീസിലെ രഹസ്യാന്വേഷണ വിഭാഗത്തിന്റെ കണക്കുകൂട്ടലുകളെപ്പോലും തെറ്റിച്ച് ആളുകള്‍ മറൈന്‍ ഡ്രൈവിലേക്ക് എത്തിയത് പോലീസിനെയും ഞെട്ടിച്ചിരിക്കുകയാണ്. ചുംബനസമരത്തില്‍ പങ്കെടുക്കാന്‍ പ്രത്യക്ഷമായെത്തിയവരേക്കാള്‍ കൂടുതല്‍ അനുകൂലികള്‍ കാഴ്ചക്കാരുടെ കൂട്ടത്തിലുണ്ടായിരുന്നുവെന്നും പോലീസിന് സൂചനയുണ്ട്. കൂട്ടായ്മയ്‌ക്കെതിരെ ശക്തമായ പ്രതിഷേധമുണ്ടായിരുന്നില്ലെങ്കില്‍ മറൈന്‍ഡ്രൈവില്‍ നൂറുകണക്കിനാളുകള്‍ പരസ്യചുംബനത്തിന് തയ്യാറാകുമായിരുന്നുവെന്നാണ് പോലീസ് കരുതുന്നത്. പുതിയ തലമുറയിലെ യുവാക്കളെ ആകര്‍ഷിക്കാനുതകുന്ന ഇത്തരം സമരമാര്‍ഗ്ഗങ്ങളെ തങ്ങളുടെ സ്വാധീനം വളര്‍ത്താന്‍ മാവോയിസ്റ്റുകള്‍ ഫലപ്രദമായി ഉപയോഗിക്കുകയാണ്. സംസ്ഥാനത്ത് അപകടകരമായ രീതിയില്‍ യുവാക്കള്‍ക്കിടയില്‍ മാവോയിസ്റ്റ് സ്വാധീനം വര്‍ദ്ധിക്കുന്നതായാണ് സൂചന. മാവോയിസ്റ്റുകളുടെ അദൃശ്യ സാന്നിദ്ധ്യത്തെപ്പറ്റി രഹസ്വാന്വേഷണ വിഭാഗത്തിനുപോലും വ്യക്തമായ ധാരണയില്ലെന്നതിന്റെ തെളിവാണ് മറൈന്‍ഡ്രൈവില്‍ കണ്ടതെന്നാണ് പോലീസിന്റെ വിലയിരുത്തല്‍. സമരത്തില്‍ പങ്കെടുക്കുന്നവരേക്കാള്‍ കൂടുതല്‍ കാഴ്ചക്കാരായിരുന്നുവെന്നും അത് കേരളീയ സമൂഹത്തിന്റെ ലൈംഗിക വൈകൃതത്തെയാണ് കാണിക്കുന്നതെന്നും പ്രചരിപ്പിക്കാനും ചുംബനക്കൂട്ടായ്മയ്ക്ക് നേതൃത്വം നല്‍കിയവര്‍ ശ്രമിക്കുന്നു. പ്രത്യക്ഷ സമരത്തില്‍ പങ്കെടുക്കാതെ ആള്‍ക്കൂട്ടത്തിനൊപ്പം നിന്ന സമരാനുകൂലികളെ തിരശീലയ്ക്ക് പിന്നില്‍ നിര്‍ത്താനാണ് ഇവരുടെ ശ്രമം. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും പഴയകാല നക്‌സലൈറ്റുകളും മറൈന്‍ഡ്രൈവില്‍ എത്തിയിരുന്നതായി പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. വടക്കന്‍ ജില്ലകളില്‍ നിന്നുള്ളവരുടെ സാന്നിദ്ധ്യവും പോലീസിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. സംസ്ഥാനത്ത് മാവോയിസ്റ്റുകളുടെ സാന്നിദ്ധ്യത്തെപ്പറ്റി കൂടുതല്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഉന്നതതല നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് സൂചനയുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.