കൃഷ്ണന്‍കുട്ടിക്ക് പുതിയ പാര്‍ട്ടി:പിണറായിയുമായി ഇന്ന് കൂടിക്കാഴ്ച

Monday 3 November 2014 10:19 pm IST

കോട്ടയം: ജെഎസ്എസും സിഎംപിയും സോഷ്യലിസ്റ്റ് ജനതാദളില്‍ നിന്നും യുഡിഎഫ് വിട്ട് ഇടതുമുന്നണിയില്‍ ചേക്കേറിയ മുന്‍ എംഎല്‍എ കെ. കൃഷ്ണന്‍കുട്ടിയുടെ നേതൃത്വത്തിലുള്ള വിഭാഗവും ചേര്‍ന്ന് പുതിയൊരു രാഷ്ട്രീയപാര്‍ട്ടിക്ക് രൂപം നല്‍കുന്നു. ഈ പാര്‍ട്ടി എല്‍ഡിഎഫിലെ ഘടകകക്ഷിയാകും. ഇത് സംബന്ധിച്ച് തിരുവനന്തപുരത്ത് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനെ കണ്ട് കൃഷ്ണന്‍കുട്ടി ചര്‍ച്ച നടത്തും. പിണറായിയും കൃഷ്ണന്‍കുട്ടിയും ആദ്യവട്ട ചര്‍ച്ച പാലക്കാട് നടത്തിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായിട്ടാണ് ഇന്നത്തെ കൂടിക്കാഴ്ച. ഇത് എല്‍ഡിഎഫിന് കൂടുതല്‍ ഗുണം ചെയ്യുമെന്നാണ് സിപിഎമ്മിന്റെ വിലയിരുത്തല്‍. ജെഎസ്എസും കൃഷ്ണന്‍കുട്ടിയും പുതിയ പാര്‍ട്ടിയായി എല്‍ഡിഎഫില്‍ വരുന്നതിനെ വി.എസ്. അച്യുതാനന്ദനും എതിര്‍ക്കാന്‍ സാധ്യതയില്ല. ഇതിന്റെ ഭാഗമായി ജനതാദളിലെ ഒരു വിഭാഗം പാര്‍ട്ടി വിടാന്‍ ഒരുങ്ങുകയാണ്. ലയനവുമായി ബന്ധപ്പെട്ട് ജില്ലാ പ്രസിഡന്റ് ഉള്‍പ്പെടെയുള്ള സ്ഥാനങ്ങള്‍ തങ്ങളുടെ വിഭാഗത്തിന് ലഭിച്ചില്ലെന്ന പരാതി ഏറെനാളായി കൃഷ്ണന്‍കുട്ടി ഉയര്‍ത്തിയിരുന്നു. ജനതാദളിന് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ നല്‍കിയ കോവളം, തിരുവല്ല, വടകര, അങ്കമാലി, മലപ്പുറം സീറ്റുകളായിരുന്നു. കൃഷ്ണന്‍കുട്ടിയുടെ സ്വന്തം മണ്ഡലമായ ചിറ്റൂരില്‍ നിന്നും മത്സരിക്കാന്‍ സാധ്യത കുറവായതിനാലാണ് പുതിയ രാഷ്ട്രീയപാര്‍ട്ടി രൂപീകരിച്ച് കൂടുതല്‍ കരുത്ത് നേടി മത്സരരംഗത്ത് ഇറങ്ങാന്‍ ശ്രമിക്കുന്നത്. സിപിഎമ്മിനോടൊപ്പമാണെങ്കിലും കാര്യമായ പരിഗണന ലഭിക്കാത്ത അവസ്ഥയിലാണ് ഗൗരിയമ്മയും, തന്റെ രാഷ്ട്രീയ അസ്ഥിത്വം നിലനിര്‍ത്താന്‍ പുതിയപാര്‍ട്ടിയിലൂടെ സാധിക്കുമെന്നും ഗൗരിയമ്മ കരുതുന്നു. ഇതാണ് പുതിയ പാര്‍ട്ടിയോട് ഗൗരിയമ്മയ്ക്കുള്ള താല്‍പര്യം. പിണറായിയുമായി ചര്‍ച്ച നടത്തിയശേഷം കൃഷ്ണന്‍കുട്ടി ഇത് സംബന്ധിച്ച വിവരങ്ങള്‍ ഗൗരിയമ്മയെയും കെ.ആര്‍. അരവിന്ദാക്ഷനെയും അറിയിക്കും. തുടര്‍ന്ന് പഞ്ചായത്ത് തെരഞ്ഞെടുപ്പിന് മുന്നോടിയായി രാഷ്ട്രീയപാര്‍ട്ടി രൂപീകരണവും മുന്നണി പ്രവേശവും ഉണ്ടാവും. നവംബര്‍ ഒന്നിന് ഗൗരിയമ്മയുടെ ജെഎസ്എസും സിഎംപിയും ആലപ്പുഴയില്‍ നടത്തിയ കര്‍ഷക കണ്‍വന്‍ഷനില്‍ കൃഷ്ണന്‍കുട്ടിയും പങ്കെടുത്തിരുന്നു. ഇവിടെ വച്ചാണ് മൂന്ന് നേതാക്കളും പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരണം സംബന്ധിച്ച് ചര്‍ച്ച നടത്തിയത്. തുടര്‍ന്ന് കൃഷ്ണന്‍കുട്ടി വിഭാഗത്തിന്റെ രഹസ്യയോഗവും ആലപ്പുഴയില്‍ നടന്നിരുന്നു. പുതിയ പാര്‍ട്ടി രൂപീകരണത്തിലൂടെ എല്‍ഡിഎഫില്‍ മാന്യമായ സ്ഥാനം മൂന്ന് നേതാക്കള്‍ക്കും ലഭിക്കുമെന്ന് പിണറായി വിജയന്‍ ഉറപ്പുനല്‍കിയതായാണ് സൂചന. സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം വരുന്ന ത്രിതലപഞ്ചായത്ത് തെരഞ്ഞെടുപ്പ് നിര്‍ണ്ണായകമാണ്. പാര്‍ട്ടിയുടെ ഇന്നത്തെ അവസ്ഥയില്‍ ത്രിതലപഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഭരണവിരുദ്ധവികാരത്തെ പൂര്‍ണ്ണമായും എല്‍ഡിഎഫിന് അനുകൂലമാക്കാന്‍ കഴിയില്ലെന്നാണ് പാര്‍ട്ടി വിലയിരുത്തല്‍. തങ്ങളുടെ അണികളില്‍ തന്നെ നരേന്ദ്രമോദിയോടുള്ള ആരാധന കൂടി വരുന്നതായി അടുത്തിടെ പാര്‍ട്ടി ലോക്കല്‍ കമ്മറ്റി യോഗങ്ങളില്‍ നിന്നും വ്യക്തമായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.