ജമ്മു-കശ്മീര്‍: പ്രചാരണം മോദി നയിക്കും

Monday 3 November 2014 10:23 pm IST

ശ്രീനഗര്‍: ജമ്മു കശ്മീര്‍ തെരഞ്ഞെടുപ്പില്‍ ഒറ്റക്ക് ഭൂരിപക്ഷം എന്ന ലക്ഷ്യത്തിനായി ബിജെപി ശക്തമായ പ്രവര്‍ത്തനം തുടങ്ങി. വിരമിച്ച പോലീസ്-സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, പ്രാദേശിക രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ എന്നിവരുടെ യോഗം വിവിധ തലങ്ങളില്‍ മുതിര്‍ന്ന ബിജെപി നേതാക്കളുടെ നേതൃത്വത്തില്‍ നടന്നുവരുന്നുണ്ട്. പാര്‍ട്ടിയുടെ അടിത്തറ കശ്മീരില്‍ വിപുലപ്പെടുത്തുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തെ നയിക്കുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്. ജമ്മു, കശ്മീര്‍, ലഡാക്ക് എന്നിവിടങ്ങളിലായി സംസ്ഥാനത്തെ എട്ട് തെരഞ്ഞെടുപ്പ് റാലികളെ അദ്ദേഹം അഭിസംബോധന ചെയ്യും. നവംബര്‍ 10നാണ് പ്രചാരണം ആരംഭിക്കുന്നത്. കശ്മീര്‍ താഴ്‌വരയിലാണ് ആദ്യറാലി. ജമ്മുവിലെയും ലഡാക്കിലെയും തീയതികള്‍ പിന്നീട് പ്രഖ്യാപിക്കും. ആവശ്യാനുസരണം കൂടുതല്‍ റാലികള്‍ നടത്തുമെന്ന് ബിജെപി നേതാവ് അവിനാഷ് റായ് ഖന്ന എംപി പറഞ്ഞു. പല അത്ഭുതങ്ങളും വരും ദിവസങ്ങളില്‍ പ്രതീക്ഷിക്കാം. പലപാര്‍ട്ടികളിലെയും ഉയര്‍ന്ന നേതാക്കള്‍ ബിജെപിയോട് അടുക്കുന്നുണ്ട്. നിയമസഭാമണ്ഡലങ്ങളില്‍ സ്വാധീനമുള്ള അസംതൃപ്തരായ പലരെയും പാര്‍ട്ടി സ്വാധീനിക്കുന്നുണ്ട്. പിഡിപി, കോണ്‍ഗ്രസ്, നാഷണല്‍ കോണ്‍ഫറന്‍സ് തുടങ്ങിയ പാര്‍ട്ടികളിലെ നിരവധി പേരാണ് ബിജെപിയിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. അമിത് ഷായും രാജ്‌നാഥ് സിങ്ങും പ്രധാനമന്ത്രിക്കൊപ്പം റാലിയില്‍ പങ്കെടുക്കും. അധികാരത്തിലെത്തിയാല്‍ വികസനത്തിനും യുവജനങ്ങളുടെ തൊഴിലില്ലായ്മ പരിഹരിക്കുന്നതിനുമാണ് മുന്‍ഗണന നല്‍കുകയെന്ന് ജമ്മു എംപിയും ബിജെപിയുടെ സംസ്ഥാനത്തെ തലവനുമായ ജുഗല്‍ കിഷോര്‍ ശര്‍മ്മ പറഞ്ഞു. 87നിയമസഭാസീറ്റുകളില്‍ 44 എണ്ണം നേടുകയാണ് ബിജെപിയുടെ ലക്ഷ്യം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.