തൊഴിലുറപ്പ്‌ പദ്ധതിയുടെ മറവില്‍ കണ്ടലുകള്‍ വെട്ടിനശിപ്പിച്ചു

Monday 10 October 2011 10:34 pm IST

കുമ്പളം: തൊഴിലുറപ്പ്‌ പദ്ധതിയുടെ പേരില്‍ കുമ്പളം പഞ്ചായത്തില്‍ കണ്ടല്‍ക്കാടുകള്‍ വെട്ടിനശിപ്പിച്ചതായി നാട്ടുകാരുടെ പരാതി. പഞ്ചായത്തിലെ പനങ്ങാട്‌ ചാളത്തോട്‌ കൂമ്പയില്‍ ഭാഗത്താണ്‌ പഞ്ചായത്തിന്റെ മൗനാനുവാദത്തോടെ കണ്ടലുകള്‍ വെട്ടിനശിപ്പിച്ചത്‌. പ്രദേശത്തെ പഞ്ചായത്ത്‌ അംഗം ഷെര്‍ളിയുടെ മേല്‍നോട്ടത്തിലാണ്‌ കായലോരത്തെ കണ്ടല്‍ച്ചെടികള്‍ വെട്ടിമാറ്റിയതെന്നാണ്‌ പ്രദേശവാസികള്‍ പറയുന്നത്‌.
പഞ്ചായത്തില്‍ തൊഴിലുറപ്പുപദ്ധതി നടപ്പിലാക്കുന്നതിന്റെ മറവിലാണ്‌ സ്വകാര്യ ഭൂമാഫിയകള്‍ വാങ്ങിക്കൂട്ടിയ ഏക്കറുകണക്കിന്‌ സ്ഥലത്തെ കണ്ടലുകള്‍ തൊഴിലാളികളെ ഇറക്കി ഇന്നലെ രാവിലെ മുതല്‍ വെട്ടിത്തുടങ്ങിയിരിക്കുന്നത്‌. ഇതിനെതിരെ നാട്ടുകാര്‍ എതിര്‍പ്പുമായി രംഗത്തുവന്നെങ്കിലും പഞ്ചായത്ത്‌ അംഗവും മറ്റും പണിനിര്‍ത്തിവെക്കാന്‍ കൂട്ടാക്കിയില്ല എന്നും പരാതി ഉയര്‍ന്നിട്ടുണ്ട്‌. പനങ്ങാട്‌ പ്രദേശത്തെ പരിസ്ഥിതി പ്രാധാന്യമുള്ള കണ്ടല്‍ക്കാടുകള്‍ സംരക്ഷിത മേഖലയായി പ്രഖ്യാപിച്ചിട്ടുള്ളതാണ്‌. എന്നാല്‍, കായല്‍തീരങ്ങളില്‍ ചുരുങ്ങിയ വിലക്ക്‌ ഭൂമി വാങ്ങിയ കോണ്‍ഗ്രസ്‌ ബന്ധമുള്ള ചില ഭൂമാഫിയകളാണ്‌ കായല്‍ കയ്യേറ്റത്തിനും കണ്ടല്‍ നശീകരണത്തിനും നേതൃത്വം നല്‍കുന്നത്‌ എന്നാണ്‌ പ്രദേശവാസികള്‍ ആരോപിക്കുന്നത്‌. പഞ്ചായത്ത്‌ പ്രസിഡന്റിന്റെ നേതൃത്വത്തില്‍ ഭരണസമിതി ഇതിന്‌ ഒത്താശ ചെയ്യുന്നതായും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്‌.
കുമ്പളം പഞ്ചായത്തിലെ തന്നെ പരിസ്ഥിതി ദുര്‍ബല പ്രദേശത്തെ വിവിധ ബ്ലോക്കുകളിലായി തണ്ണീര്‍ത്തടങ്ങളും നെല്‍വയലുകളും നിയമവിരുദ്ധമായി മണ്ണിട്ടുനികത്തുന്നതായും പരാതിയുണ്ട്‌. പഞ്ചായത്തിലെ 15, 16, 17 ബ്ലോക്കുകളിലായി അനധികൃത ഭൂമി നികത്തല്‍ നടന്നതായി വില്ലേജ്‌ ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ രേഖയില്‍ പറയുന്നു. മിക്കവയ്ക്കും 'സ്റ്റോപ്പ്‌ മെമ്മോ' നല്‍കിയതായും വിവരം ആര്‍ഡിഒക്കും മറ്റും റിപ്പോര്‍ട്ട്‌ ചെയ്തതായും വില്ലേജ്‌ ഓഫീസര്‍ അറിയിച്ചു. മരട്‌ നഗരസഭയിലെ നെട്ടൂരിന്റെ പടിഞ്ഞാറന്‍ മേഖലകളില്‍ അനധികൃത ഭൂമി നികത്തല്‍ വീണ്ടും സജീവമായതായും പരാതി ഉയര്‍ന്നിട്ടുണ്ട്‌.