മുഖസന്ധ്യവേല: കോപ്പുതൂക്കല്‍ ഇന്ന്

Monday 3 November 2014 10:46 pm IST

വൈക്കം : വൈക്കം മഹാദേവക്ഷേത്രത്തിലെ അഷ്ടമി ഉത്സവത്തിനു മുന്നോടിയായിട്ടുള്ള മുഖസന്ധ്യയുടെ കോപ്പുതൂക്കല്‍ ഇന്ന് നടക്കും. രാവിലെ 7.15നും 8.15നും മദ്ധ്യേയുള്ള മുഹൂര്‍ത്തത്തിലാണ് ചടങ്ങ് നടക്കുന്നത്. മുഖസന്ധ്യ വേലയ്ക്കുള്ള ചന്ദനമുട്ടിയും മഞ്ഞളും അളന്നു തൂക്കി ദേവസ്വം അധികൃതര്‍ ക്ഷേത്രകാര്യക്കാരനു കൈമാറുന്ന ചടങ്ങാണ് കോപ്പുതൂക്കല്‍. 5, 6, 7, 8 തീയതികളിലാണ് മുഖസന്ധ്യവേല നടക്കുന്നത്. രാവിലെ ദേവസ്വം അധികാരികള്‍ വൈക്കത്തപ്പനെ തൊഴുത് തൂണുമേല്‍ ഗണപതിക്ക് നാളികേരം ഉടച്ച ശേഷമാണ് ചടങ്ങ് നടത്തുന്നത്. തൂശനിലയില്‍ പൂവന്‍കുല വച്ച് നിലവിളക്ക് തെളിച്ച് സുഗന്ധ ദ്രവ്യങ്ങള്‍ പൂജിച്ചശേഷം ഡപ്യൂട്ടി കമ്മീഷണര്‍ ജി. അനില്‍കുമാര്‍ ചടങ്ങ് നടത്തും. മുഖസന്ധ്യവേല ദിവസങ്ങളില്‍ പ്രഭാത ശ്രീബലിക്കും അത്താഴ ശ്രീബലിക്കും ശേഷം ആനപ്പുറത്ത് എഴുന്നള്ളത്ത് നടക്കും. മൂന്ന് പ്രദക്ഷിണം വയ്ക്കുന്ന എഴുന്നള്ളത്തുകള്‍ക്ക് ഓരോന്നിനും വ്യത്യസ്തവാദ്യങ്ങളാണ് ഉപയോഗിക്കുന്നത്. മുഖസന്ധ്യവേലക്കുശേഷം വ്യത്യസ്ത സമൂഹങ്ങളുടെ സമൂഹസന്ധ്യ വേലകള്‍ നടക്കും. ക്ഷേത്രത്തില്‍ നടക്കുന്ന പുള്ളിസന്ധ്യവേല ഇന്ന് സമാപിക്കും. വൈകിട്ട് അഭിഷേക പൂജകള്‍ക്ക് ശേഷം വാദ്യഘോഷങ്ങളോടുകൂടിയുള്ള സന്ധ്യവേലയുടെ ഭാഗമായുള്ള എഴുന്നള്ളത്തുകള്‍ നടക്കും. പതിവു ശീവേലി എഴുന്നള്ളത്തിനുപകരമായി ആനപ്പുറത്തുള്ള എഴുന്നള്ളത്തുകളാണ് സന്ധ്യവേല ദിവസങ്ങളില്‍ നടക്കുന്നത്. അഖണ്ഡനാമജപം, മണ്ഡപത്തില്‍ വാരമിരിക്കല്‍, അഭിഷേകങ്ങള്‍, പ്രാതല്‍, വിളക്ക് എന്നിവ സന്ധ്യവേല ദിവസങ്ങളിലെ പ്രധാന വിശേഷങ്ങളാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.