ഭഗവാന്റെ കാര്യത്തിനാണ് പ്രാധാന്യം നല്‍കേണ്ടതെന്ന് അമിക്കസ് ക്യൂറി

Monday 3 November 2014 11:00 pm IST

തിരുവനന്തപുരം: ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ മറ്റെല്ലാ പ്രശ്‌നങ്ങളേക്കാളും ഭഗവാന്റെ കാര്യത്തിനാണ് പ്രാധാന്യം നല്‍കേണ്ടതെന്ന് അമിക്കസ് ക്യൂറി ഗോപാല്‍ സുബ്രഹ്മണ്യം ഓര്‍മ്മിപ്പിച്ചു. നല്ല രീതിയിലുള്ള നടത്തിപ്പിന് ഭരണ സമിതി അഗങ്ങളടക്കമുള്ളവര്‍ ഒന്നിച്ച് പോകണം. ക്ഷേത്ര ഭരണ സമിതിയിലെ പ്രധാനികള്‍ തമ്മിലും രാജകുടുംബവുമായി ഇടയ്ക്കുണ്ടായ പ്രശ്‌നങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ നിര്‍ദ്ദേശം. ക്ഷേത്രത്തിലെത്തിയ ഗോപാല്‍ സുബ്രഹ്മണ്യം ഭരണസമിതി അംഗങ്ങളുമായും ക്ഷേത്ര പുനരുദ്ധാരണ കമ്മറ്റി അംഗങ്ങളുമായും ചര്‍ച്ച നടത്തിയിരുന്നു. ക്ഷേത്ര ഭരണസമിതി അധ്യക്ഷ അഡിഷണല്‍ ജില്ലാ ജഡ്ജ് കെ.പി. ഇന്ദിര, ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ കെ.എന്‍. സതീഷ് എന്നിവരുമായും ചര്‍ച്ച നടത്തി. ചൊവ്വാഴ്ച ക്ഷേത്രതന്ത്രി സതീശന്‍ നമ്പൂതിരി അടക്കമുള്ളവരുമായും ഗോപാല്‍ സുബ്രഹ്മണ്യം കൂടിക്കാഴ്ച നടത്തും. ആചാരങ്ങളുമായി ബന്ധപ്പെട്ടും ക്ഷേത്രത്തിലെ നവീകരണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടുമാണിത്. ശ്രീകോവിലിന്റെ ചോര്‍ച്ച പരിഹരിക്കുക, തിരുവമ്പാടി ക്ഷേത്രത്തിലെ അഷ്ടബന്ധ കലശം എന്നിവ ഉടനെ നടത്തുക. ക്ഷേത്ര ഭരണ സമിതി അംഗങ്ങള്‍ക്കിടയിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാനും അമിക്കസ് ക്യൂറി നിര്‍ദ്ദേശിച്ചതായി അറിയുന്നു. അധ്യക്ഷയും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറും തമ്മില്‍ ചില അസ്വാരസ്യങ്ങള്‍ നിലനിന്നിരുന്നു. രാജകുടുംബ സ്ഥാനി ദര്‍ശനം നടത്തുന്ന സമയത്ത് ആചാരങ്ങള്‍ മറികടന്ന് അകത്തേക്ക് ഭക്തരെ കയറ്റി നിര്‍ത്തിയത് പരാതികള്‍ക്കിടയാക്കിയിരുന്നു. ക്ഷേത്ര തന്ത്രി ഇടപെട്ട് ആചാരങ്ങള്‍ തെറ്റിക്കരുതെന്നും ക്ഷേത്രസ്ഥാനിയെ അവഹേളിക്കുന്ന തരത്തിലുള്ള നടപടികള്‍ ഉണ്ടാകരുതെന്നും ആവശ്യപ്പെട്ടു. സംഭവം വിവാദമായതോടെ ഭരണസമിതി അധ്യക്ഷ ക്ഷേത്രത്തിലെ രണ്ട് ജീവനക്കാര്‍ക്ക് മെമ്മോ നല്‍കിയിരുന്നു. എന്നാല്‍ ജഡ്ജ് നിര്‍ദ്ദേശിച്ച സമയ പരിധി കഴിഞ്ഞിട്ടും ഇവര്‍ മറുപടി പോലും നല്‍കിയില്ല. രാജകുടുംബാംഗങ്ങളെ അവഹേളിക്കുന്ന തരത്തിലുള്ള നടപടികള്‍ ഒഴിവാക്കണമെന്നും അമിക്കസ് ക്യൂറി നിര്‍ദ്ദേശിച്ചതായി അറിയുന്നു. ചൊവ്വാഴ്ച ഗോപാല്‍ സുബ്രഹ്മണ്യം മടങ്ങും. 11 ന് സുപ്രീം കോടതി കേസ് പരിഗണിക്കുന്നുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.