മഴ കനത്തു; നെല്ല് സംഭരണം അവതാളത്തിലാകും

Monday 3 November 2014 11:07 pm IST

ആലപ്പുഴ: മഴ കനത്തതോടെ കുട്ടനാട്ടിലെ നെല്ല് സംഭരണം വീണ്ടും അവതാളത്തിലാകാന്‍ സാദ്ധ്യത. കര്‍ഷകര്‍ ആശങ്കയില്‍. ഏതാണ്ട് 1,800 മെട്രിക് ടണ്‍ നെല്ലാണ് കുട്ടനാട്ടില്‍ സംഭരിക്കാനുള്ളത്. നെല്ലിന്റെ ഈര്‍പ്പത്തെ ചൊല്ലിയുള്ള തര്‍ക്കം മൂലം മുടങ്ങിയിരുന്ന നെല്ല് സംഭരണം വീണ്ടും തുടങ്ങിയ സാഹചര്യത്തിലാണ് മഴ ശക്തിപ്രാപിച്ചത്. ഇത് നെല്ല് സംഭരണത്തെ അവതാളത്തിലാക്കുമോയെന്ന ആശങ്കയിലാണ് കര്‍ഷകര്‍. പതിനേഴ് ശതമാനത്തിലേറെ നനവുള്ള നെല്ല് സംഭരിക്കില്ലെന്ന നിലപാടിലായിരുന്നു നേരത്തെ സപ്ലൈകോ അധികൃതര്‍. ഇതിനാല്‍ ഏതാനും ആഴ്ചകള്‍ നെല്ല് സംഭരണം മുടങ്ങിയിരുന്നു. മഴ മാറിയതിനാല്‍ നെല്ല് ഉണക്കിയാണ് കര്‍ഷകര്‍ സപ്ലൈകോയ്ക്ക് നെല്ല് നല്‍കിയിരുന്നത്. എന്നാല്‍ മഴ കനത്തതോടെ നെല്ലിലെ ഈര്‍പ്പം 20 ശതമാനത്തിലേറെ വര്‍ദ്ധിക്കാനാണ് സാദ്ധ്യത. ഇന്നലെ വീണ്ടും മഴ ശക്തി പ്രാപിച്ചതാണ് കര്‍ഷകര്‍ക്ക് തിരിച്ചടിയായത്. രണ്ടാംകൃഷിയില്‍ ഇതുവരെ പതിനായിരത്തോളം മെട്രിക് ടണ്‍ നെല്ലാണ് സപ്ലൈകോ സംഭരിച്ചിട്ടുള്ളത്. നെല്ലിന് ഈര്‍പ്പം വര്‍ദ്ധിക്കുകയാണെങ്കില്‍ അരിയുടെ അളവ് കുറയുമെന്നാണ് സപ്ലൈകോയുടെ വാദം. ഇതിനാല്‍ ഒരു ക്വിന്റല്‍ നെല്ല് അധികമായി 10 മുതല്‍ 20 കിലോ വരെ നെല്ല് മില്ലുകാര്‍ ഈടാക്കുകയാണ്. വന്‍ നഷ്ടമാണ് കര്‍ഷകര്‍ക്ക് ഇതിനാല്‍ സംഭവിക്കുന്നത്. മഴക്കാലത്ത് നെല്ല് ശേഖരിക്കാനും ഉണക്കാനും സൗകര്യമില്ലാത്തതാണ് കര്‍ഷകരെ വലയ്ക്കുന്നത്. പാടശേഖരങ്ങളിലും ബണ്ടുകളിലും റോഡരികുകളിലും പ്ലാസ്റ്റിക് ഷീറ്റ് നിരത്തി നെല്ല് കൂട്ടിയിടുകയാണ് പതിവ്. മഴ കനത്താല്‍ വെള്ളക്കെട്ടില്‍ നെല്ല് നനയുകയാണ് പതിവ്. ഡ്രൈയിങ് യാര്‍ഡ് പോലുള്ള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന് കര്‍ഷകര്‍ പതിറ്റാണ്ടുകളായി ആവശ്യപ്പെടുന്നുണ്ടെങ്കിലും അധികൃതര്‍ നടപടി സ്വീകരിക്കുന്നില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.