തിരുവനന്തപുരം: 35-ാമതു നാഷണല്‍ ഗെയിംസിനായി പ്രശസ്ത ഗായകന് ഹരിഹരന് തീംസോംഗ് ഒരുക്കുന്നു. പതിയെ തുടങ്ങി കേള്‍വിക്കാരില്‍ സ്പോര്‍ട്സ്മാന്‍ സ്പിരിറ്റും യുവത്വത്തിന്റെ ഹര്ഷോന്മാദവും നിറച്ച് ആവേശത്തിന്റെ ഉച്ചസ്ഥായിയില്‍ എത്തിക്കുന്ന തരത്തിലാണ് സംഗീതം ചിട്ടപ്പെടുത്തുന്നത്.
യുവജനങ്ങളെ ഏറെ പ്രതീക്ഷകളോടെയാണു രാഷ്ട്രമൊന്നാകെ കാണുന്നതെന്നും മനസ്സര്‍പ്പിച്ചു കളിക്കുകവഴി ജീവിതത്തെ ഉയരങ്ങളിലെത്തിക്കാമെന്നും ആഹ്വാനം ചെയ്യുന്ന ഗാനം കളത്തില്‍ തോല്‍വിയും ജയവുമല്ല മുഖ്യമെന്നും ഓര്‍മ്മപ്പെടുത്തുന്നു. ദേശീയോദ്ഗ്രഥനവും കായികക്ഷമതയുമാണു ഗാനത്തിന്റെ കാതല്‍.
യുവജനങ്ങള്‍ക്കു പ്രിയങ്കരനായ ജാവേദ് അക്തറാണു 3 മിനിറ്റ് ദൈര്‍ഘ്യമുള്ള തീംസോംഗ് രചിച്ചിരിക്കുന്നത്. യേശുദാസ്, ശ്രേയ ഘോഷല്‍, സലിംമര്ച്ചന്റ്, ശ്രുതിഹാസന് എന്നിവര്‍ക്കൊപ്പം ഹരിഹരനും പാടുന്നു.
യൂട്യൂബ് അടക്കമുള്ള നവമാധ്യമങ്ങളിലൂടെ ഗാനം നാടെങ്ങും അലയടിക്കും. ഇതിനായി വ്യത്യസ്ത സമയദൈര്‍ഘ്യത്തില്‍ ഒറിജിനല്‍ ഗാനത്തിന്റെ തനിമയും ആവേശവും നിലനിര്‍ത്തി തീംസോംഗിന്റെ വകഭേദങ്ങളുണ്ടാകും.
ഗാനത്തിന്റെ പകര്‍പ്പവകാശം ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷനില്‍ നിക്ഷിപ്തമായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: