സിപിഎം ജില്ലാ സമ്മേളനം കാരായിമാരുടെ നേതൃത്വത്തില്‍

Tuesday 4 November 2014 11:19 am IST

കൊച്ചി: സിപിഎം എറണാകുളം ജില്ലാ സമ്മേളനം കൊലക്കേസില്‍ പ്രതികളായ കാരായി രാജന്റെയും, കാരായി ചന്ദ്രശേഖരന്റെയും നേതൃത്വത്തില്‍ തൃപ്പൂണിത്തുറയില്‍ നടക്കും. സംഘാടക സമിതിയില്‍ കണ്ണൂര്‍ സ്വദേശികളായ രാജനും, ചന്ദ്രശേഖരനും മുഖ്യ സംഘാടകരാണ്. കണ്ണൂരിലെ ഫസല്‍ വധവുമായി ബന്ധപ്പെട്ട് സിബിഐ അറസ്റ്റ് ചെയ്ത് ജയിലിലായിരുന്നു കാരായി രാജനും ചന്ദ്രശേഖരനും. ഉപാധികളോടെയാണ് സിബിഐ കോടതി ജാമ്യം അനുവദിച്ചത്. ഇരുവര്‍ക്കും കണ്ണൂരില്‍ പ്രവേശിക്കാനോ, എറണാകുളം ജില്ല വിട്ട് പോകുന്നതിനോ അനുമതിയില്ല. ഇതേ തുടര്‍ന്ന് എറണാകുളം ജില്ലാ കേന്ദ്രികരിച്ച് പ്രവര്‍ത്തനം തുടങ്ങിയ ഇവരില്‍ രാജനെ ജില്ലാകമ്മറ്റിയിലേക്കും, ചന്ദ്രശേഖരനെ തൃപ്പൂണിത്തുറ ഏരിയ കമ്മിറ്റിയിലേക്കും എടുത്തിരുന്നു. കടുത്ത പിണറായി പക്ഷക്കാരാണ് ഇരുവരും. വിഎസ് പക്ഷത്ത് എക്കാലത്തും ഉറച്ച്‌നിന്നിരുന്ന ജില്ലാകമ്മറ്റി അടുത്തിടെ പിണറായി പക്ഷം പിടിച്ചെടുത്തിരുന്നു. ജില്ലാ സെക്രട്ടറി സി.എം.ദിനേശ്മണി ഉള്‍പ്പെടെ ജില്ലാകമ്മറ്റിയില്‍ പകുതിയോളം പേര്‍ പിണറായി പക്ഷക്കാരാണ്. ജില്ലാസമ്മേളനത്തിന്റെ സ്വാഗതസംഘ രൂപീകരണത്തില്‍ വിഎസ് പക്ഷക്കാരെ പാടെ തഴയുകയായിരുന്നു. വിഎസ് പക്ഷത്തെ പ്രമുഖരായ കെ.ചന്ദ്രന്‍പിള്ള, എംസി ജോസഫൈന്‍, വി.പി.ശശീന്ദ്രന്‍ തുടങ്ങിയവര്‍ തഴയപ്പെട്ടു. എസ്.ശര്‍മ്മ മാത്രമാണ് സ്വാഗതസംഘത്തിലുള്ളത്. അതും രണ്ടാമത്തെ ലിസ്റ്റില്‍. സിപിഎം ബ്രാഞ്ച് സമ്മേളനങ്ങള്‍ അവസാനിച്ചതോടെ ലോക്കല്‍ സമ്മേളനങ്ങള്‍ക്ക് തുടക്കമായി. ലോക്കല്‍ സമ്മേളനങ്ങളാണ് പാര്‍ട്ടിക്ക് നിര്‍ണ്ണായകമാകുന്നത്. ലോക്കല്‍ സമ്മേളനത്തില്‍ നിന്നുമാണ് ഏരിയ സമ്മേളനത്തിലേക്കുള്ള പ്രതിനിധികളെ തെരഞ്ഞെടുക്കുന്നത്. അതുകൊണ്ട് തന്നെ ലോക്കല്‍ സമ്മേളനങ്ങളില്‍ ഇരുപക്ഷവും പിടിമുറുക്കും. ഉദയം പേരൂര്‍, മുളന്തുരുത്തി ലോക്കല്‍ സമ്മേളനങ്ങള്‍ക്ക് പ്രത്യേക നിരീക്ഷണം തന്നെ ഏര്‍പ്പെടുത്തിയിട്ടുണ്ട്. വിഭാഗീയത രൂക്ഷമായ ലോക്കല്‍ കമ്മറ്റികളാണ് ഇവരണ്ടും. വിഭാഗീയത രൂക്ഷമായ ലോക്കല്‍ സമ്മേളനങ്ങളില്‍ കരായിമാര്‍ പ്രത്യേക നിരിക്ഷകരായി എത്തുന്നുണ്ടാകും. വിഎസ് പക്ഷത്തെ ജില്ലയില്‍ അറിയുന്ന എറാകുളം നിലനിര്‍ത്താന്‍ വിഎസ് പക്ഷവും, പൂര്‍ണ്ണമായും പിടിച്ചെടുക്കാന്‍ പിണറായി പക്ഷവും ശ്രമം തുടങ്ങി അതുകൊണ്ട് തന്നെ ലോക്കല്‍ സമ്മേളനങ്ങള്‍ വെട്ടിനിരത്തലുകള്‍ക്ക് വേദിയാകുമെന്നാണ് സൂചന.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.