മയക്കുമരുന്ന് മാഫിയ നഗരസഭാ ജീവനക്കാരന്റെ കൈ തല്ലിയൊടിച്ചു

Tuesday 4 November 2014 11:31 am IST

പള്ളുരുത്തി: മയക്കുമരുന്ന് വില്‍പ്പനക്കാരെക്കുറിച്ച് പോലീസിനോട് പരാതി പറഞ്ഞ നഗരസഭാ ജീവനക്കാരനേയും അമ്മയേയും മയക്കുമരുന്ന് മാഫിയ ആക്രമിച്ചു. ആക്രമണത്തില്‍ പരിക്കേറ്റ പള്ളുരുത്തി കച്ചേരിപ്പടി പാട്ടപ്പറമ്പില്‍ ആന്റണി (32), അമ്മ ഷേര്‍ളി (54) എന്നിവരെ പെരുമ്പടപ്പ് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രമണത്തില്‍ പരിക്കേറ്റ ആന്റണിയുടെ ഇടതു കൈ ഒടിഞ്ഞ നിലയിലാണ്. ഇന്നലെ വൈകിട്ടാണ് സംഭവം. മയക്കുമരുന്ന് വില്‍പ്പനക്കാരില്‍ ചിലര്‍ പോലീസിനെക്കണ്ട് ഭയന്ന് ഓടുന്നതിനിടയില്‍ ആന്റണിയുടെ വീട്ടുമുറ്റത്തുകൂടി കടന്നുപോയി. പിന്നാലെ വന്ന പോലീസിനോട് ആന്റണി സംസാരിക്കുന്നത് വില്‍പ്പനക്കാര്‍ കണ്ടു. പോലീസ് പോയ ഉടനെ ഇവര്‍ തിരിച്ചെത്തി ആന്റണിയെ ആക്രമിക്കുകയായിരുന്നു. തടയാനെത്തിയ അമ്മയേയും ഇവര്‍ വെറുതെവിട്ടില്ലെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. വീടിന് മുറ്റത്തുകൂടി ഓടിയവരെ അറിയാമോയെന്ന് ചോദിച്ചപ്പോള്‍ ഇവരെ അറിയാമെന്ന് പോലീസിനോട് പറയുകയായിരുന്നുവെന്ന് ആന്റണി പറഞ്ഞു. ഇതില്‍ ക്ഷുഭിതരായ ലഹരിമരുന്ന് സംഘമാണ് തന്നെ ആക്രമിച്ചതെന്ന് ആന്റണി പോലീസിനോട് പറഞ്ഞു. കൊച്ചിന്‍ കോര്‍പ്പറേഷന്‍ ആരോഗ്യവിഭാഗം ജീവനക്കാരനാണ് ആന്റണി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.