മുല്ലപ്പെരിയാറില്‍ ജലനിരപ്പ് ഉയരുന്നു; ഷട്ടര്‍ തുറക്കില്ലെന്ന് തമിഴ്‌നാട്

Tuesday 4 November 2014 11:55 am IST

ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 138.2 അടിയായി ഉയര്‍ന്നു. അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് വര്‍ധിച്ചിട്ടുണ്ട്. ഇതിനിടെ തമിഴ്‌നാട് കൊണ്ടു പോകുന്ന ജലത്തിന്റെ അളവ് കുറച്ചതും ജലനിരപ്പ് ഉയരാനിടയാക്കി. ജലനിരപ്പ് 136 അടിയായി നിലനിര്‍ത്തണമെന്ന കേരളത്തിന്റെ ആവശ്യം മേല്‍നോട്ട സമിതി കഴിഞ്ഞദിവസം തള്ളിയിരുന്നു. കനത്ത മഴ പെയ്യുന്ന സാഹചര്യത്തിലും പതിമൂന്നാം ഷട്ടര്‍ പ്രവര്‍ത്തിക്കാതിരിക്കുന്നതിനെയും തുടര്‍ന്നാണ് കേരളം ആവശ്യം ഉന്നയിച്ചത്. 140 അടിയാകുമ്പോള്‍ ഷട്ടര്‍ തുറക്കാമെന്ന തമിഴ്‌നാടിന്റെ നിലപാടാണ് മേല്‍നോട്ട സമിതി അംഗീകരിച്ചത്. സമിതിയുടെ നിലപാടിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് സംസ്ഥാന ജലവിഭവ മന്ത്രി പിജെ ജോസഫ് പ്രതികരിച്ചു. തീരുമാനത്തില്‍ ജനങ്ങളുടെ ആശങ്കയും പ്രതിഷേധവും കേരളം അറിയിച്ചു. നിലവില്‍ സെക്കന്‍ഡില്‍ 3500 ഘനയടി ജലം അണക്കെട്ടിലേക്ക് ഒഴുകിയെത്തുമ്പോള്‍ തമിഴ്‌നാട് സെക്കന്‍ഡില്‍ 1500 ഘനയടി ജലമാണ് കൊണ്ടു പോകുന്നത്. അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്ത് ശക്തമായ മഴ തുടരുകയാണ്. തിങ്കളാഴ്ച 15 മില്ലീമീറ്റര്‍ മഴയാണ് രേഖപ്പെടുത്തിയത്. അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നതില്‍ ആശങ്കയുണ്ടെന്ന് സംസ്ഥാന ചീഫ് സെക്രട്ടറി ഇ.കെ. ഭരത്ഭൂഷന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. നേരത്തെ 136 അടിയെത്തിയാല്‍ സ്പില്‍വേയിലൂടെ വെള്ളം ഇടുക്കി അണക്കെട്ടിലേക്ക് ഒഴുകിയെത്തുമായിരുന്നു. ജലനിരപ്പ് തമിഴ്‌നാട് ഉയര്‍ത്തിയതോടെ സാധാരണഗതിയില്‍ 142 അടി കഴിഞ്ഞാലേ ഇടുക്കിയിലേക്ക് വെള്ളമെത്തൂ.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.