വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റുമാരെ രാത്രി ഡ്യൂട്ടിക്ക് നിയോഗിച്ചതിനെതിരെ പ്രതിഷേധം

Tuesday 4 November 2014 4:09 pm IST

മാവേലിക്കര: താലൂക്ക് ഓഫീസുകളില്‍ രാത്രി ഡ്യൂട്ടിക്കും അവധിക്കാല പകല്‍ ഡ്യൂട്ടിക്കും വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റുമാരെ നിയോഗിച്ചുള്ള ഉത്തരവ് റദ്ദാക്കണമെന്ന് കേരള ലാന്റ് റവന്യു സ്റ്റാഫ് അസോസിയേഷന്‍ ആവശ്യപ്പെട്ടു. പ്രകൃതിക്ഷോഭം മുതലായ അടിയന്തര ഘട്ടങ്ങളില്‍ വില്ലേജ് ഓഫീസുകളിലെ വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റുമാരെ താലൂക്ക് ഓഫിസുകളില്‍ ഡ്യൂട്ടിക്ക് നിയോഗിക്കാമെന്ന് ഉത്തരവ് ദുര്‍വാഖ്യാനം ചെയ്താണ് ഇത്തരത്തില്‍ ഒരു നടപടി സ്വീകരിക്കുന്നത്. ജില്ലാ താലൂക്ക് ഓഫിസുകളില്‍ നൈറ്റ് ഡ്യൂട്ടിക്ക് നൈറ്റ് വാച്ചറെ നിയമിക്കണമെന്ന് സര്‍വ്വീസ് സംഘടനകള്‍ വര്‍ഷങ്ങളായി ആവശ്യപ്പെടുന്നതാണ്. ക്ലാസ് ഫോര്‍ ജീവനക്കാരില്‍ ഭൂരിപക്ഷം വനിതാ ജീവനക്കാരാണ്. ക്ലാസ് ഫോര്‍ ജീവനക്കാരുടെ തസ്തികകളില്‍ രണ്ടെണ്ണം കുറച്ച് രണ്ടു നൈറ്റ് വാച്ചര്‍ തസ്തിക സൃഷ്ടിക്കാമെന്നിരിക്കെ പുരുഷന്മാരായ ക്ലാസ് ഫോര്‍ ജീവനക്കാരെ രാത്രികാല ഡ്യൂട്ടിക്ക് സ്ഥിരമായി നിയമിക്കുന്നതും പ്രതിഷേധാര്‍ഹമാണ്. ഇതു പരിഹരിക്കുവാന്‍ സബ് ക്ലറിക്കല്‍ തസ്തികയായ വില്ലേജ് ഫീല്‍ അസിസ്റ്റുമാരെ നൈറ്റ് ഡ്യൂട്ടിക്ക് സ്ഥിരമായി നിയമിക്കുന്നതിനെതിരെയാണ് ജീവനക്കാര്‍ പ്രതിഷേധമുയര്‍ത്തിയിട്ടുള്ളത്. പ്രകൃതിക്ഷോഭം മുതലായ അടിയന്തര ഘട്ടങ്ങളില്‍ താലൂക്ക് ഓഫിസുകളില്‍ കണ്‍ട്രോള്‍ റൂം തുറക്കുകയും ഡപ്യൂട്ടി തഹസീല്‍ദാര്‍, ക്ലര്‍ക്ക് തുടങ്ങിയ ജീവനക്കാരെ നിയമിക്കുകയുമാണ് പതിവ്. ഇതു ചെയ്യാതെ ഇല്ലാത്ത പ്രകൃതി ക്ഷോഭത്തിന്റെ പേരിലാണ് ഉത്തരവ് ഇറക്കിയിട്ടുള്ളതെന്നും അസോസിയേഷന്‍ ആരോപിച്ചു. രാത്രി ജോലിക്ക് ശേഷം അടുത്ത ദിവസം ഓഫെടുക്കാമെന്നിരിക്കെ നാമമാത്രമായ ജിവനക്കാരുള്ള വില്ലേജ് ഓഫിസിലെ ജോലികളെ ഇതു പ്രതികൂലമായി ബാധിക്കും. സാമ്പത്തികമായി സര്‍ക്കാര്‍ പ്രയാസപ്പെടുമ്പോള്‍, നികുതി പിരിവിനെ തടസപ്പെടുത്തുക എന്ന ഹിഡന്‍ അജന്‍ഡയാണ് ഇതിനു പിന്നിലെന്ന് കേരള ലാന്റ് റവന്യു സ്റ്റാഫ് അസോസിയേഷന്‍ ആരോപിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.