വിദ്യാര്‍ത്ഥികള്‍ക്കുനേരെ പോലീസ്‌ വെടിവെപ്പ്‌; കോഴിക്കോട്ട്‌ തെരുവുയുദ്ധം

Monday 10 October 2011 11:08 pm IST

കോഴിക്കോട്‌: കോഴിക്കോട്‌ പോലീസും എസ്‌എഫ്‌ഐ പ്രവര്‍ത്തകരും തമ്മില്‍ തെരുവുയുദ്ധം. വെസ്തില്‍ ഗവ.എഞ്ചിനീയറിംഗ്‌ കോളേജ്‌ ഉപരോധിച്ച എസ്‌എഫ്‌ഐ പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ പോലീസ്‌ ആകാശത്തേക്ക്‌ വെടിവെക്കുകയും കണ്ണീര്‍ വാതകവും ഗ്രനേഡും പ്രയോഗിക്കുകയും ലാത്തിച്ചാര്‍ജ്ജ്‌ നടത്തുകയും ചെയ്തു. എസ്‌എഫ്‌ഐ സംസ്ഥാന സെക്രട്ടറി ബിജു അടക്കം 16 ഓളം എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ക്കും 20 ഓളം പോലീസുകാര്‍ക്കും രണ്ട്‌ രക്ഷിതാക്കള്‍ക്കും ഒരു മാധ്യമപ്രവര്‍ത്തകനും സംഭവത്തില്‍ പരിക്കേറ്റു.
നിര്‍മ്മല്‍മാധവ്‌ എന്ന വിദ്യാര്‍ത്ഥിയുടെ പ്രവേശനവുമായി ബന്ധപ്പെട്ട്‌ എസ്‌എഫ്‌ഐ നടത്തുന്ന സമരത്തിന്റെ ഭാഗമായി ഇന്നലെ രാവിലെ ഒന്‍പത്‌ മുതല്‍ എസ്‌എഫ്‌ഐക്കാര്‍ എഞ്ചിനീയറിംഗ്‌ കോളേജ്‌ ഉപരോധിക്കുകയായിരുന്നു. പി.ബിജു 9.30ഓടെ ഉപരോധം ഉദ്ഘാടനം ചെയ്തു. ഇതിനിടെ നിര്‍മ്മല്‍ മാധവ്‌ നേരത്തെ തന്നെ ക്ലാസില്‍ കയറിയതായി കോളേജിനകത്ത്‌ നിന്ന്‌ വിവരം ലഭിച്ചതോടെ എസ്‌എഫ്‌ഐക്കാര്‍ കോളേജ്‌ ഗേറ്റ്‌ തള്ളിത്തുറന്ന്‌ അകത്തേക്ക്‌ കടക്കാന്‍ ശ്രമിക്കുകയും പോലീസിന്‌ നേരെ അക്രമം നടത്തുകയുമായിരുന്നു. കോളേജിന്‌ നേരെയും പോലീസിന്‌ നേരെയും എസ്‌എഫ്‌ഐക്കാര്‍ കല്ലെറിയുകയും ചെയ്തു. അക്രമികളെ പിരിച്ചുവിടാന്‍ പോലീസ്‌ ലാത്തിച്ചാര്‍ജ്ജ്‌ നടത്തി. ഗ്രനേഡും കണ്ണീര്‍വാതകവും പ്രയോഗിച്ചു. തുടര്‍ന്നാണ്‌ നോര്‍ത്ത്‌ അസി.പോലീസ്‌ കമ്മീഷണര്‍ രാധാകൃഷ്ണപിള്ള ആകാശത്തേക്ക്‌ നാല്‌ തവണ വെടിയുതിര്‍ത്തത്‌. സര്‍വ്വീസ്‌ റിവോള്‍വറുമായി വിദ്യാര്‍ത്ഥികള്‍ക്ക്‌ നേരെ പാഞ്ഞടുക്കുന്ന അസി.കമ്മീഷണറെയാണ്‌ കണ്ടത്‌. വെടിവെക്കാന്‍ അനുമതി വന്നിരുന്നതായി അസി.കമ്മീഷണര്‍ രാധാകൃഷ്ണപിള്ള പിന്നീട്‌ മാധ്യമങ്ങളോട്‌ പ്രതികരിച്ചു.
എസ്‌എഫ്‌ഐ ഉപരോധം സംഘര്‍ഷാവസ്ഥയിലേക്ക്‌ നീങ്ങുമെന്ന സൂചനയുണ്ടായിരുന്നിട്ടും ജലപീരങ്കിപോലും സംഭവസ്ഥലത്ത്‌ പോലീസ്‌ എത്തിച്ചിരുന്നില്ല. വിദ്യാര്‍ത്ഥികള്‍ക്ക്‌ നേരെയാണ്‌ രാധാകൃഷ്ണപിള്ള വെടിയുതിര്‍ത്തതെന്നും ആരോപണമുണ്ട്‌. സംഭവസ്ഥലത്തുണ്ടായിരുന്ന തഹസില്‍ദാര്‍ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമല്ലെന്ന്‌ കമ്മീഷണറെ അറിയിക്കുയായിരുന്നെന്നും വെടിവെയ്ക്കാന്‍ അനുമതി നല്‍കിയതെന്നുമാണ്‌ പോലീസ്‌ അറിയിച്ചത്‌. എന്നാല്‍ വെടിവെക്കാന്‍ മാത്രമുള്ള അക്രമസംഭവങ്ങള്‍ പ്രദേശത്തുണ്ടായില്ലെന്നും എസ്‌എഫ്‌ഐ പറയുന്നു. എസ്‌എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി.ബിജു അടക്കം ഇരുപതോളം പ്രവര്‍ത്തകര്‍ക്കും 16 പോലീസുകാര്‍ക്കും രണ്ട്‌ രക്ഷിതാക്കള്‍ക്കും ഒരു മാധ്യമപ്രവര്‍ത്തകനും പരിക്കേറ്റു. പരിക്കേറ്റവരെ ബീച്ച്‌ ആശുപത്രിയിലും സാരമായി പരിക്കേറ്റവരെ മെഡിക്കല്‍കോളേജ്‌ ആശുപത്രിയിലും പ്രവേശിപ്പിച്ചു. മാതൃഭൂമി ഫോട്ടോഗ്രാഫര്‍ കെ.കെ.പ്രവീണിന്‌ വിദ്യാര്‍ത്ഥികളും പോലീസും തമ്മില്‍ നടന്ന കല്ലേറിലാണ്‌ പരിക്കേറ്റത്‌. സംഭവത്തില്‍ പ്രതിഷേധിച്ച്‌ എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ നഗരത്തില്‍ പ്രകടനം നടത്തി. ഒരു പോലീസ്‌ ജീപ്പ്പ്‌ കല്ലെറിഞ്ഞു തകര്‍ക്കുകയും സ്വകാര്യബസ്സിന്റെ ചില്ല്‌ തകര്‍ക്കുകയും ചെയ്തു. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കമ്മീഷണര്‍ ഓഫീസിലേക്ക്‌ മാര്‍ച്ച്‌ നടത്തുകയും ചെയ്തു. വടകരയില്‍ഡ എസ്‌എഫ്‌ഐക്കാര്‍ നടത്തിയ പ്രതിഷേധ പ്രകടനം അക്രമാസക്തമായി. അതേസമയം വെടിവെപ്പിനെക്കുറിച്ച്‌ വിശദീകരണം നല്‍കാന്‍ മനുഷ്യാവകാശ കമ്മീഷന്‍ കളക്ടറോട്‌ ആവശ്യപ്പെട്ടു. ഡിജിപിയും ഡിഐജിയും കമ്മീഷണറോട്‌ റിപ്പോര്‍ട്ട്‌ ആവശ്യപ്പെട്ടിട്ടുണ്ട്‌. മനുഷ്യാവകാശ കമ്മീഷന്‍ അംഗം കെ.ഇ.ഗംഗാധരന്‍ ഇന്നലെ സംഭവസ്ഥലം സന്ദര്‍ശിച്ചു.
കാലിക്കറ്റ്‌ യൂണിവേഴ്സിറ്റിക്ക്‌ കീഴിലെ സ്വാശ്രയഎഞ്ചിനീയറിംഗ്‌ കോളേജില്‍ വിദ്യാര്‍ത്ഥിയായിരുന്ന നിര്‍മ്മല്‍ മാധവിന്‌ എസ്‌എഫ്‌ഐക്കാരില്‍ നിന്നുള്ള പീഡനം മൂലം പഠനം തുടരാന്‍ വയ്യാത്ത സാഹചര്യമുണ്ടാകുകയും ആലപ്പുഴയിലെ കോളേജില്‍ പ്രവേശനം നേടുകയും ചെയ്തു. എന്നാല്‍ സംസ്ഥാന സര്‍ക്കാരിന്‌ നല്‍കിയ അപേക്ഷയെത്തുടര്‍ന്ന്‌ വെസ്തില്‍ എഞ്ചിനീയറിംഗ്‌ കോളേജില്‍ പ്രവേശനം നല്‍കി. ഉപരോധമടക്കമുള്ള സമരമുറകളുമായി എസ്‌എഫ്‌ഐക്കാര്‍ മുന്നോട്ടുപോവുകയായിരുന്നു. വിദ്യാര്‍ത്ഥിക്കെതിരെയുള്ള എസ്‌എഫ്‌ഐ സമരം മൂലം രണ്ട്മാസത്തോളം കോളേജ്‌ അടച്ചിടുകയും ചെയ്തു.
തുടര്‍ന്ന്‌ കളക്ടര്‍ വിളിച്ചുചേര്‍ത്ത സര്‍വകക്ഷിയോഗ തീരുമാനപ്രകാരം പ്രവേശനത്തെക്കുറിച്ച്‌ വിദഗ്ധസമിതികള്‍ അന്വേഷിക്കാന്‍ ചുമതലപ്പെടുത്തി. എന്നാല്‍ വിദഗ്ദ്ധ സമിതിയുടെ റിപ്പോര്‍ട്ട്‌ അംഗീകരിക്കില്ലെന്ന നിലപാടുമായി എസ്‌എഫ്‌ഐ രംഗത്ത്‌ വരികയായിരുന്നു.
ഒരു വിദ്യാര്‍ത്ഥിയുടെ പ്രവേശനത്തെ ച്ചൊല്ലി എസ്‌എഫ്‌ഐ സമരം കാരണം രണ്ട്‌ മാസമായി ഗവ.എന്‍ജിനീയറിംഗ കോളേജിലെ പഠനം മുടങ്ങിക്കിടക്കുകയുമാണ്‌.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.