പുറക്കാട്ട് നെല്ല് കെട്ടിക്കിടക്കുന്നു; കര്‍ഷകര്‍ ദുരിതത്തില്‍

Tuesday 4 November 2014 9:21 pm IST

അമ്പലപ്പുഴ: മില്ലുടമകളുടെ നിസഹകരണം മൂലം പുറക്കാട് കരിനിലങ്ങളില്‍ ലക്ഷകണക്കിന് രൂപയുടെ നെല്ല് പാടശേഖരങ്ങളില്‍ കെട്ടികിടക്കുന്നു. നെല്ല് സംഭരണം നടക്കാത്തതിനാല്‍ കര്‍ഷകര്‍ വന്‍ പ്രതിസന്ധിയില്‍. പുറക്കാട് വിവിധ പാടശേഖരങ്ങളിലായി 992 ഹെക്ടര്‍ നിലത്താണ് കൃഷിയിറക്കിയത്. മണിക്കൂറിന് 2,100 രൂപവരെ വാടക നല്‍കിയാണ് കൊയ്ത് യന്ത്രം ഉപയോഗിച്ച് കൊയ്ത് പൂര്‍ത്തിയാക്കിയത്. ഒരുമാസം പിന്നിട്ടിട്ടും മില്ലുടമകള്‍ സംഭരണം ആരംഭിക്കാത്തത് മൂലം ഒമ്പതോളം പാടശേഖരങ്ങളിലായി ഏകദേശേം 450 ലോഡ് നെല്ലാണ് കെട്ടികിടക്കുന്നത്. കരിനിലങ്ങളിലെ നെല്ല് സംഭരിക്കുന്നതില്‍ മില്ലുടമകള്‍ മടികാണിക്കുകയാണെന്നാണ് കര്‍ഷകരുടെ ആരോപണം. ചില മില്ലുടമകള്‍ എത്തിയെങ്കിലും ഈര്‍പ്പത്തിന്റെ പേരില്‍ 10 കിലോ നെല്ലാണ് കിഴിവായി ആവശ്യപ്പെടുന്നത്. കഴിഞ്ഞ സംഭരണകാലത്ത് നാലു കിലോ നെല്ലാണ് കിഴിവായി നല്‍കിയത്. മിക്ക കര്‍ഷകരും സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും വ്യക്തികളില്‍ നിന്നും പണം പലിശക്കെടുത്താണ് കൃഷി നടത്തിയത്. ഈര്‍പ്പത്തിന്റെ പേരില്‍ മില്ലുടമകള്‍ നെല്ല് സംഭരണം നടത്താത്തതിനെ തുടര്‍ന്ന് കര്‍ഷകര്‍ വന്‍ സാമ്പത്തിക പ്രതിസന്ധിയിലായിരിക്കുകയാണ്. കൊയ്‌തെടുത്ത നെല്ലു മുഴുവന്‍ പാടശേഖരങ്ങളില്‍ കെട്ടി കിടക്കുകയാണ്. തുടര്‍ച്ചയായി ഉണ്ടാകുന്ന മഴ കര്‍ഷകരെ ആശങ്കയിലാക്കിയിട്ടുണ്ട്. നെല്ല് മുഴുവനും കിളിര്‍ക്കുന്ന അവസ്ഥയിലാണ്. നെല്ല് സംഭരണം അടിയന്തരമായി പൂര്‍ത്തിയാക്കണമെന്ന ജില്ലാ കളക്ടറുടെ നിര്‍ദ്ദേശം പാലിക്കാത്തത് കര്‍ഷകരെ ആശങ്കയിലാക്കിയിരിക്കുകയാണ്. പത്ത് വര്‍ഷത്തിനിടെ ഏറ്റവും നല്ല വിളവാണ് ഇത്തവണ കിട്ടിയിരിക്കുന്നത്. എന്നിട്ടും ഗുണനിലവാരം കുറവാണെന്ന പേരില്‍ മില്ലുടമകള്‍ നെല്ലെടുക്കാന്‍ മടി കാണിക്കുകയാണ്. മുന്‍ വര്‍ഷങ്ങളില്‍ 20 ശതമാനം വരെ ഈര്‍പ്പമുണ്ടായിരുന്ന നെല്ല് മില്ലുടമകള്‍ ശേഖരിച്ചിരുന്നതായി കര്‍ഷകര്‍ പറയുന്നു. ഇത്തവണ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും യാതൊരുവിധ ഇടപെടലുകളും നെല്ലെടുക്കുന്ന കാര്യത്തില്‍ ഉണ്ടായിട്ടില്ലന്നാണ് കര്‍ഷകരുടെ ആരോപണം. നെല്ല് സംഭരിക്കാത്തതില്‍ പ്രതിഷേധിച്ച് കരിനില കര്‍ഷകര്‍ ചൊവ്വാഴ്ച പുറക്കാട് കൃഷിഭവന്‍ ഉപരോധിച്ചു. തുടര്‍ന്ന് കൃഷി ഓഫീസര്‍ അജിത്, സപ്ലൈക്കോ പാഡി മാര്‍ക്കറ്റിങ് ഓഫീസര്‍ രാജേഷ് എന്നിവര്‍ കര്‍ഷകരുമായി ചര്‍ച്ച നടത്തി. കരിനിലങ്ങളിലെ നെല്ല് പരിശോധന നടത്തിയതിന് ശേഷം റിപ്പോര്‍ട്ട് കളക്ടര്‍ക്ക് നല്‍കുമെന്നും ഇതിനുശേഷം നെല്ല് സംഭരിക്കാമെന്ന് കര്‍ഷകര്‍ക്ക് ഉറപ്പ് നല്‍കിയ ശേഷമാണ് ഉപരോധ സമരം അവസാനിപ്പിച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.