സ്വാമി വിവേകാനന്ദ ആശ്രമം പൊളിക്കാന്‍ നീക്കം: മലേഷ്യന്‍ ഹിന്ദുക്കള്‍ കടുത്ത പ്രതിഷേധത്തില്‍

Wednesday 5 November 2014 9:39 am IST

ക്വാലാലംപൂര്‍: ദേശീയ പൈതൃകസ്ഥാനമായ ബ്രിക്ഫീല്‍ഡ്‌സിലെ സ്വാമി വിവേകാനന്ദ ആശ്രമം സ്വകാര്യ പദ്ധതിക്കുവേണ്ടി പൊളിക്കാനുള്ള നീക്കത്തിനെതിരെ മലേഷ്യയിലെ ഹിന്ദുക്കള്‍ പ്രതിഷേധം ശക്തമാക്കി. ആശ്രമം നിലനിര്‍ത്താന്‍ ഒന്നും ചെയ്യാനാകില്ലെന്നും ഇക്കാര്യത്തില്‍ സംരംഭകരോട് അപേക്ഷിക്കാന്‍ മാത്രമേ കഴിയുകയുള്ളുവെന്ന ഫെഡറല്‍ ടെറിറ്ററി മന്ത്രി തെംഗ അദ്‌നന്റെ പ്രസ്താവനയെ മലേഷ്യന്‍ ഹിന്ദുക്കളുടെ സംഘടനയായ ഹിന്ദ്രാഫ് രൂക്ഷ ഭാഷയില്‍ വിമര്‍ശിച്ചു. രാജ്യത്തെ നിയമങ്ങളെക്കുറിച്ചുള്ള മന്ത്രിയുടെ അജ്ഞതയാണ് ഇതു തെളിയിക്കുന്നത്. അദ്ദേഹത്തിന്റെ പൊള്ളത്തരവും അത് അടിവരയിടുന്നു, ഹിന്ദ്രാഫ് അധ്യക്ഷന്‍ പി. വൈദ്യ മൂര്‍ത്തി പറഞ്ഞു. പൊതുവായുള്ള ആശങ്കയെ അവഗണിക്കുന്ന മന്ത്രിയുടെ പ്രസ്താവനയെ വെള്ളംതൊടാതെ വിഴുങ്ങാന്‍ ജനങ്ങള്‍ മണ്ടന്‍മാരല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മലേഷ്യയിലെ നൂറ്റാണ്ടുകളുടെ പഴക്കമുള്ള ചരിത്രപ്രധാന സ്ഥാനങ്ങളിലൊന്നാണ് സ്വാമി വിവേകാനന്ദ ആശ്രമം. വിവേകാനന്ദന്റെ വെങ്കല പ്രതിമയടക്കമുള്ള വിശിഷ്ടവസ്തുക്കള്‍ ആശ്രമ പരിധിയിലുണ്ട്. എന്നാല്‍ ആശ്രമത്തിനു സമീപം 23 നിലകളുള്ള കെട്ടിടമടക്കുള്ള പദ്ധതികള്‍ക്ക് സ്വകാര്യവ്യക്തികള്‍ ആരംഭം കുറിച്ചുകഴിഞ്ഞു. ആശ്രമത്തിന്റെ ഭൂമി ട്രസ്റ്റികള്‍ പദ്ധതിക്കായി വിറ്റിരുന്നു. പക്ഷേ, ആശ്രമം പൊളിക്കരുതെന്ന നിബന്ധന കരാറില്‍ എഴുതിച്ചേര്‍ത്തശേഷമായിരുന്നത്. ആശ്രമത്തില്‍ നിന്നു ലഭിക്കുന്ന ഫണ്ട് ബ്രിക്ഫീല്‍ഡ്‌സിലെയും  സെന്തുലിലെയും  രണ്ടു സ്ഥാപനങ്ങളുടെ നടത്തിപ്പിന് വിനിയോഗിക്കണമെന്ന ഉപാധിയും വച്ചിരുന്നു. കരാര്‍ ലംഘിച്ച് ആശ്രമം  പൊളിക്കാനുള്ള സ്വകാര്യ സംരംഭകരുടെ നീക്കമാണ് ഹിന്ദുസമൂഹത്തെ പ്രതിഷേധിക്കാന്‍ പ്രേരിപ്പിച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.