ബാര്‍ കോഴ: വിഎസിനെ വീണ്ടും തള്ളി സിപിഎം കേന്ദ്രനേതൃത്വം

Wednesday 5 November 2014 2:49 am IST

ന്യൂദല്‍ഹി: ബാര്‍കോഴ വിവാദത്തില്‍ പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദനെ പൂര്‍ണ്ണമായും തള്ളി സിപിഎം കേന്ദ്രനേതൃത്വം രംഗത്ത്. സീതാറാം യെച്ചൂരി വിട്ടുനിന്ന അവൈലബിള്‍ പൊളിറ്റ് ബ്യൂറോ യോഗത്തിലാണ് ബാര്‍കോഴയെപ്പറ്റി സിബിഐ അന്വേഷണം വേണമെന്ന വി.എസ്. അച്യുതാനന്ദന്റെ നിലപാട് തള്ളിക്കളയാന്‍ തീരുമാനം. കോടതിയുടെ മേല്‍നോട്ടത്തിലുള്ള അന്വേഷണമാണ് ആവശ്യമെന്നാണ് ഇന്നലെ എകെജി ഭവനില്‍ചേര്‍ന്ന പൊളിറ്റ്ബ്യൂറോയുടെ നിലപാട്. കോടതി മേല്‍നോട്ടം വഹിക്കുന്ന അന്വേഷണമാണ് ബാര്‍കോഴ വിവാദത്തില്‍ മന്ത്രിമാരുടെ പങ്കിനെപ്പറ്റി അന്വേഷിക്കാന്‍ ഉചിതമെന്ന് പിബി വിലയിരുത്തി. കേന്ദ്രനേതൃത്വത്തിന്റെ തീരുമാനം  സംസ്ഥാനഘടകത്തെ അറിയിച്ചിട്ടുണ്ട്. ഇന്ന് നടക്കുന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ അവൈലബിള്‍ പിബിയോഗത്തിന്റെ തീരുമാനം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ അറിയിക്കും. എസ്എന്‍സി ലാവ്‌ലിന്‍ കേസ് മുതല്‍ കതിരൂര്‍ മനോജ് വധക്കേസ് വരെ സിബിഐ അന്വേഷണത്തെ എതിര്‍ത്ത് നിലപാട് സ്വീകരിച്ചതിനാലാണ് ബാര്‍കോഴ വിവാദത്തില്‍ സിബിഐ വേണ്ടെന്ന നിലപാടിലെത്താന്‍ കേന്ദ്രനേതൃത്വം നിര്‍ബന്ധിതമായത്. ബാര്‍ കോഴയേപ്പറ്റി അന്വേഷിക്കാന്‍ ഫലപ്രദമായ ഏജന്‍സി സിബിഐ ആണെങ്കിലും നിലവിലെ പാര്‍ട്ടി നിലപാട് സിബിഐക്കെതിരായതിനാല്‍ കോടതിയുടെ മേല്‍നോട്ടത്തിലുള്ള അന്വേഷണം വേണമെന്നാവശ്യപ്പെടാനാണ് കേന്ദ്രതീരുമാനം. ജുഡീഷ്യല്‍ അന്വേഷണ കമ്മീഷന്‍ വേണമെന്ന ആവശ്യം സിപിഎം ഇന്ന് സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ ഉന്നയിച്ചേക്കാം. പാര്‍ട്ടി സിബിഐക്കെതിരായ നിലപാടുമായി മുന്നോട്ടുപോകുമ്പോള്‍ പതിവുപോലെ വി.എസ്. അച്യുതാനന്ദന്‍ സിബിഐയെ അനുകൂലിച്ച് രംഗത്തെത്തിയത് തലവേദനയായി. സിബിഐ എന്നതുകൊണ്ട് വിഎസ് ഉദ്ദേശിക്കുന്നത് സംസ്ഥാന സര്‍ക്കാരിന്റെ സ്വാധീനത്തിലല്ലാത്ത ഏജന്‍സി എന്നതാണെന്ന് കേന്ദ്രനേതൃത്വം വിശദീകരിക്കുന്നു. സംസ്ഥാന സെക്രട്ടറി പിണറായി വിജയനേയും പോളിറ്റ് ബ്യൂറോ അംഗം എസ്. രാമചന്ദ്രന്‍ പിള്ളയേയും പരസ്യമായി തള്ളിപ്പറഞ്ഞുകൊണ്ട് വി.എസ്. അച്യുതാനന്ദന്‍ സിബിഐ അന്വേഷണത്തിനുവേണ്ടി രംഗത്തെത്തിയത് കേന്ദ്രനേതൃത്വത്തെ വെട്ടിലാക്കിയിട്ടുണ്ട്. രാഷ്ട്രീയ അടവുനയരേഖയുടെ പേരില്‍ പൊളിറ്റ്ബ്യൂറോയിലും കേന്ദ്രകമ്മറ്റിയിലും ഉടലെടുത്ത ഭിന്നിപ്പിന്റെ സാഹചര്യം മുതലാക്കി വി.എസ്. വീണ്ടും പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിനെതിരായി രംഗത്തെത്തിയെന്നാണ് കേന്ദ്രനേതൃത്വത്തിന്റെ വിലയിരുത്തല്‍. സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്നുചേര്‍ന്ന് പ്രഖ്യാപിക്കുന്ന കോടതിയുടെ മേല്‍നോട്ടത്തിലുള്ള അന്വേഷണമെന്ന ആവശ്യത്തെ പ്രതിപക്ഷനേതാവ് വീണ്ടും തള്ളിപ്പറഞ്ഞാല്‍ പാര്‍ട്ടി നാണക്കേടിലാകും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.