'അശോഭ' വരുന്നൂ; ഭീതിയോടെ ജനങ്ങള്‍

Wednesday 5 November 2014 4:05 pm IST

ന്യൂദല്‍ഹി: ഹുദ് ഹുദിന് പിന്നാലെ ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ചുഴലിക്കാറ്റ് രൂപം കൊള്ളുന്നതായി റിപ്പോര്‍ട്ട്. ചൊവ്വാഴ്ച വൈകുന്നേരത്തോടെയാണ് 'അശോഭ' എന്ന് പേരിട്ട ചുഴലിക്കാറ്റിനെ കുറിച്ചുള്ള സൂചനകള്‍ ഇന്ത്യന്‍ കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന് ലഭിച്ചത്. നവംബറിലെ രണ്ടാമത്തെ ആഴ്ചയോടെ 'അശോഭ' ചുഴലിക്കാറ്റ് ആന്ധ്രാ തീരപ്രദേശമായ വിശാഖപട്ടണത്തിലൂടെ കടന്നു പോകുമെന്നാണ് നിഗമനം. സമാനപാതയിലൂടെയാണ് ഹുദ് ഹുദ് ചുഴലിക്കാറ്റും കടന്നു പോയത്. പുതിയ ചുഴലിക്കാറ്റിന് 'അശോഭ' എന്ന് പേര് നിര്‍ദശിച്ചത് ശ്രീലങ്കയാണ്. ചൊവ്വാഴ്ച രാത്രിയോടെ വിശാഖപട്ടണത്തിന് 1400 മുതല്‍ 1500 വരെ കിലോമീറ്റര്‍ അകലത്തില്‍ കടലില്‍ അന്തരീക്ഷച്ചുഴി ന്യൂനമര്‍ദമായി രൂപപ്പെട്ടിട്ടുണ്ട്. കൂടാതെ കാറ്റിന്റെ ശക്തി വര്‍ധിച്ചു. ചുഴലിപ്പിറവിക്ക് പറ്റിയ ഊഷ്മാവാണ് സമുദ്രോപരിതലത്തിലേത്. ഇതെല്ലാം കൂടി ഒത്തുചേര്‍ന്നാല്‍ ചുഴലിക്കാറ്റിന് വഴിവെക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ നിഗമനം. ബംഗള്‍ ഉള്‍ക്കടലില്‍ നവംബര്‍, 2015 മേയ് മാസങ്ങളില്‍ ചുഴലിക്കാറ്റുകള്‍ രൂപം കൊള്ളാന്‍ സാധ്യതയുണ്ടെന്ന് ഹൈദരാബാദ് ഐ.എം.ഡി ഡയറക്ടര്‍ കെ. സീതാറാം അറിയിച്ചു. ആന്ധ്ര ഉള്‍പ്പെടുന്ന ഒഡീഷ മുതല്‍ തമിഴ്‌നാട് വരെയുള്ള വടക്കന്‍ തീരപ്രദേശങ്ങളില്‍ ചുഴലിക്കാറ്റിനെകുറിച്ച് ജാഗ്രതാ നിര്‍ദേശം നല്‍കും. നവംബര്‍ എട്ട്, ഒമ്പത് തീയതികളില്‍ ചുഴലിക്കാറ്റ് കടന്നുപോകുന്ന ദിശ സ്ഥിരീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ആന്ധ്രാ-ഒഡീഷ തീരങ്ങളില്‍ വീശിയടിച്ച ഹുദ് ഹുദ് ചുഴലിക്കാറ്റ് വലിയ നാശനഷ്ടമാണ് വരുത്തിയത്. ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ അപകടങ്ങളില്‍ 24 പേര്‍ മരണപ്പെട്ടു. നാല് ലക്ഷം പേരെ ദുരന്തം പ്രതികൂലമായി ബാധിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.