പ്രതിപക്ഷ ബഹളം: സഭ ഇന്നത്തേയ്ക്ക് പിരിഞ്ഞു

Tuesday 11 October 2011 4:19 pm IST

തിരുവനന്തപുരം: നിര്‍മ്മല്‍ മാധവ്‌ പ്രശ്‌നത്തില്‍ കോഴിക്കോട്ട്‌ ഇന്നലെ നടന്ന പൊലീസ്‌ വെടിവയ്‌പില്‍ പ്രതിഷേധിച്ച പ്രതിപക്ഷം നിയമസഭാ നടപടികള്‍ സ്‌തംഭിപ്പിച്ച്‌ സഭയില്‍ സത്യാഗ്രഹം നടത്തി. പ്രതിപക്ഷം നടുത്തളത്തില്‍ ഇറങ്ങിയതിനെ തുടര്‍ന്ന്‌ സഭ തിടുക്കത്തില്‍ പിരിഞ്ഞെങ്കിലും പ്രതിപക്ഷം സഭ വിട്ടുപോകാതെ 11 മണിവരെ നടുത്തളത്തില്‍ കുത്തിയിരുന്നു. പോലീസ് നടപടിയുടെ വാര്‍ത്തകള്‍ അച്ചടിച്ച പത്രങ്ങളുമായാണ് പ്രതിപക്ഷം സഭയിലെത്തിയത്. അടികൊണ്ട വിദ്യാര്‍ത്ഥികളുടെ ചോരപുരണ്ട മുണ്ടും ഷര്‍ട്ടും സഭയില്‍ ഉയര്‍ത്തിവീശി അതിക്രമിയായ അസി.കമ്മിഷണര്‍ രാധാകൃഷ്‌ണപിള്ളയെ സസ്‌പെന്‍ഡ്‌ ചെയ്യണമെന്ന്‌ പ്രതിപക്ഷം ആവശ്യപ്പെട്ടു. ചോരപുരണ്ട മുണ്ട്‌ ടി.വി രാജേഷ്‌ ഉയര്‍ത്തിക്കാട്ടിയപ്പോള്‍ ഉടുപ്പ്‌ ഉയര്‍ത്തിവീശി നടുത്തളത്തിലേക്ക്‌ ഇറങ്ങിയത്‌ ആര്‍.രാജേഷായിരുന്നു. പ്രതിപക്ഷം ഇന്ന് ചോദിച്ച ചോദ്യങ്ങളിലെല്ലാം കോഴിക്കോട് വെടിവയ്പ്പ് സംഭവം ഉണ്ടായിരുന്നു. ഇതേത്തുടര്‍ന്ന് സ്പീക്കര്‍ക്ക് നിരവധി തവണ ഇടപെടേണ്ടി വന്നു. ശൂന്യവേളയില്‍ അടിയന്തിര പ്രമേയത്തിന് നോട്ടീസ് നല്‍കിയത് കോഴിക്കോട് എം.എല്‍.എ പ്രദീപ് കുമാറാണ്. അതിക്രൂരമായ മര്‍ദ്ദനമാണ് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.ബിജു ഉള്‍പ്പടെയുള്ള നേതാക്കള്‍ക്കെതിരെ ഉണ്ടായത്. വിദ്യാര്‍ത്ഥികള്‍ക്ക് നേരെ വെടിവയ്ക്കാന്‍ വരെ അസിസ്റ്റന്റ് കമ്മിഷണര്‍ തയാറായി. വളരെ ക്രൂരനായ ഈ പോലീസ് ഓഫീസര്‍ക്കെതിരെ ഇതുവരെ ഒരു നടപടിയും സര്‍ക്കാര്‍ എടുത്തിട്ടില്ലെന്നും പ്രദീപ്കുമാര്‍ കുറ്റപ്പെടുത്തി. നിര്‍മ്മല്‍ മാധവിനെ എല്ലാ ചട്ടങ്ങളും ലംഘിച്ചാണ് മുഖ്യമന്ത്രി ഇടപെട്ട് പ്രത്യേക ഉത്തരവിലൂടെ കോഴിക്കോട് എഞ്ചിനീയറിങ് കോളേജില്‍ പ്രവേശിപ്പിച്ചത്. ഉത്തരവിറക്കിയ ഉന്നത വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിക്കെതിരെ വിജിലന്‍സ് അന്വേഷണം നടത്തണം. കൂത്തുപറമ്പ് വെടിവയ്പിന് ശേഷം ഏറ്റവും ക്രൂരമായ സംഭവമാണ് കഴിഞ്ഞ ദിവസം കോഴിക്കോട് ഉണ്ടായതെന്നും പ്രദീപ് കുമാര്‍ ചൂണ്ടിക്കാണിച്ചു. മറുപടി പറഞ്ഞ മുഖ്യമന്ത്രി റാഗിങ് കേസ് കെട്ടിച്ചമച്ചതല്ലെന്നും കഴിഞ്ഞ മന്ത്രിസഭയിലെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന എം.എ ബേബി തന്നെ നിര്‍മ്മല്‍ മാധവിനെ റാഗ് ചെയ്തതായി കണ്ടെത്തി. കഴിഞ്ഞ ദിവസം കോഴിക്കോട് നടന്ന സംഭവങ്ങളെല്ലാം ഖേദകരമാണ്. സംഭവം അന്വേഷിക്കാനെത്തിയ മനുഷ്യാവകാശ കമ്മിഷന്റെ കാര്‍ വരെ സമരക്കാര്‍ എറിഞ്ഞുതകര്‍ത്തുവെന്നും മുഖ്യമന്ത്രി പറഞ്ഞു. എസ്.എഫ്.ഐയുടെ നിരവധി പീഡനങ്ങള്‍ക്ക് ഇരയായ ശേഷമാണ് നിര്‍മ്മല്‍ മാധവ് തന്റെ അടുത്ത് വന്നതെന്നും ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രത്യേക ഉത്തരവിലൂടെ കോഴിക്കോട് എഞ്ചിനീയറിങ് കോളേജില്‍ പ്രവേശിപ്പിച്ചതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അസി.കമ്മിഷണറെ സസ്‌പെന്‍ഡ്‌ ചെയ്യണമെന്ന്‌ പ്രതിപക്ഷനേതാവ്‌ വി.എസ്‌.ആച്യുതാനന്ദന്‍ ആവശ്യപ്പെട്ടു. മുഖ്യമന്ത്രി അതിന്‌ വഴങ്ങാതിരുന്നതിനെ തുടര്‍ന്ന്‌ പ്രതിപക്ഷം സീറ്റ്‌ വിട്ടിറങ്ങിയെങ്കിലും ആദ്യം നടുത്തളത്തില്‍ ഇറങ്ങിയില്ല. പിന്നീട്‌ സ്‌പീക്കര്‍ മറ്റ്‌ നടപടികളിലേക്ക്‌ കടന്നതോടെ അവര്‍ നടുത്തളത്തിലിറങ്ങി. പ്രദീപ്കുമാര്‍ സ്‌പീക്കര്‍ക്ക്‌ മുന്നിലുള്ള അഴികളിലൂടെ പിടിച്ച്‌ ഉള്ളിലേക്ക്‌ കയറാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. മറ്റുള്ളവര്‍ മുദ്രാവാക്യം വിളിച്ചു. തുടര്‍ന്ന്‌ തിടുക്കത്തില്‍ നടപടികള്‍ പൂര്‍ത്തിയാക്കി സഭ ഇന്നത്തേക്ക്‌ പിരിഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.