ഭാഗ്യക്കുറി തട്ടിയെടുത്ത രണ്ടുപേര്‍ അറസ്റ്റില്‍

Wednesday 5 November 2014 9:46 pm IST

ചാരുംമൂട്: കാരുണ്യ ലോട്ടറിയുടെ 25 ലക്ഷം രൂപ സമ്മാനം ലഭിച്ച ഭാഗ്യക്കുറി തട്ടിയെടുത്ത രണ്ടുപേര്‍ അറസ്റ്റില്‍. പന്തളം മങ്ങാരം മുത്തുണിയില്‍ ഷാന്‍ (ഷാനവാസ്-38), റെഫീക്ക് എന്നിവരാണ് ടിക്കറ്റ് തട്ടിയെടുക്കാന്‍ ശ്രമിച്ചത്. ആദിക്കാട്ടുകുളങ്ങര ചാമാക്കാലവിള തെക്കേതില്‍ സലാമി (34)നാണ് കാരുണ്യ ലോട്ടറിയുടെ 25 ലക്ഷം രൂപ സമ്മാനം ലഭിച്ചത്. ഇത് അറിഞ്ഞ് സുഹൃത്തായ ഷാനും ബന്ധുവായ റെഫീക്കും എത്തുകയും പെട്ടന്ന് പണമാക്കി നല്‍കാമെന്ന് അറിയിക്കുകയുമായിരുന്നു. ലോട്ടറി ടിക്കറ്റ് ബാങ്കില്‍ നല്‍കിയാല്‍ ഒന്‍പത് മാസം കഴിഞ്ഞ് മാത്രമെ പണം ലഭിക്കുകയുള്ളുവെന്നും ചാരുംമൂട്ടിലൂള്ള ഏജന്റിന് നല്‍കിയാല്‍ മൂന്ന് ശതമാനം കമ്മീഷന്‍ കഴിഞ്ഞുള്ള തുക ഉടന്‍ തരുമെന്നുമാണ് ഷാനവാസ് സലാമിനോട് പറഞ്ഞത്. തുടര്‍ന്ന് നൂറനാട് സ്വകാര്യ ആശുപത്രിയ്ക്ക് മുന്‍പില്‍ കാറിലെത്തി ഷാനവാസും റെഫീക്കും ചേര്‍ന്ന് സലാമിന്റെ പക്കല്‍ ഉണ്ടായിരുന്ന ലോട്ടറി ടിക്കറ്റിന്റെ കോഡ് നമ്പര്‍ പരിശോധിക്കാനെന്നു പറഞ്ഞ് സലാമിന്റെ കൈയില്‍ നിന്നും ലോട്ടറി വാങ്ങുകയായിരുന്നു. പിന്നീട് ഷാനവാസ് സലാമിന്റെ കാറില്‍ കയറുകയും റഫീക്കിനോട് സമീപത്തുള്ള ബാറിനു മുന്‍പില്‍ നില്‍ക്കണമെന്നു പറയുകയും ചെയ്തു. ബാറിനു മുന്നില്‍ കാര്‍ എത്തിയപ്പോള്‍ സമ്മാനം ലഭിച്ച ടിക്കറ്റിന്റെ സീരിയലിലുള്ള മറ്റൊരു ടിക്കറ്റ് പ്ലാസ്റ്റിക്കില്‍ പൊതിഞ്ഞ് സലാമിന് നല്‍കാന്‍ ശ്രമച്ചെങ്കിലും സാധിച്ചില്ല. തുടര്‍ന്ന് കാര്‍ നിര്‍ത്തിച്ച് പിന്നാലെ റെഫീക്കിന്റെ കാറില്‍ കയറി. സംഭവം അറിഞ്ഞ് നാട്ടുകാര്‍ ഓടികൂടിയപ്പോഴേക്കും ഷാനവാസും സംഘവും രക്ഷപെട്ടു. നൂറനാട് പോലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പ്രതികളെ അറസ്റ്റ് ചെയ്തു. ചെങ്ങന്നൂര്‍ എഎസ്പി: ഡോ. അരുള്‍ ആര്‍.ബി. കൃഷ്ണ, എസ്‌ഐ: പി.കെ. അശോക് കുമാര്‍, ഡി. അരുണോദയം എന്നിവര്‍ അന്വേഷണത്തിന് നേതൃത്വം നല്‍കി. പ്രതികള്‍ എസ്ഡിപിഐക്കാരാണെന്ന് പറയപ്പെടുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.