ഈ തീര്‍ഥാടന കാലത്ത്

Wednesday 5 November 2014 10:38 pm IST

വൃശ്ചികം ഒന്നായ നവംബര്‍ 17 ന് ശബരിമല തീര്‍ത്ഥാടനം തുടങ്ങാനിരിക്കെ, ഖജനാവിലേക്ക് 10,000 കോടി രൂപ പ്രതിവര്‍ഷം ലഭ്യമാക്കുന്ന ദക്ഷിണ ഭാരതത്തില്‍നിന്ന് മാത്രമല്ല ഉത്തരഭാരതത്തില്‍ നിന്നുപോലും ഭക്തരെത്തുന്ന ഈ തീര്‍ത്ഥാടനം അട്ടിമറിക്കാനാണോ യുഡിഎഫ് സര്‍ക്കാര്‍ ശ്രമിക്കുന്നത് എന്ന ധാരണ ശക്തിപ്പെടുകയാണ്. മൂന്നുകോടി തീര്‍ത്ഥാടകരാണ് ഇക്കാലത്ത് ശബരിമലയില്‍ എത്തുന്നത്. ശബരിമല മാസ്റ്റര്‍ പ്ലാനില്‍ സമഗ്രവികസനമാണ് ലക്ഷ്യമിടുന്നത്. സമഗ്രവികസനം ലക്ഷ്യമിട്ട് സര്‍ക്കാര്‍ മാസ്റ്റര്‍ പ്ലാനില്‍ 54 കോടി രൂപ വകയിരുത്തി. അന്നദാനത്തിന് 40 കോടിയും ഇടത്താവളമായ എരുമേലി വികസനത്തിന് 800 കോടിയും നീക്കിവെച്ചു. പക്ഷേ ഇതെല്ലാം പ്ലാനില്‍ മാത്രം ഒതുങ്ങിയതല്ലാതെ മറ്റൊരു നടപടിയും സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ല. തീര്‍ത്ഥാടകര്‍ക്ക് കുടിവെള്ളത്തിന് നിലയ്ക്കലില്‍ നിര്‍മിച്ച ചെക്ക് ഡാം ചെളിനിറഞ്ഞു കിടക്കുന്നു. ശബരിമല ദേശീയ തീര്‍ത്ഥാടന കേന്ദ്രമായി പ്രഖ്യാപിക്കണമെന്ന ആവശ്യം ഈ വര്‍ഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശബരിമല സന്ദര്‍ശനത്തോടുകൂടി സാധ്യമായേക്കാം എന്ന ശുഭവിശ്വാസത്തിലാണ് കേരളം. ശബരിമല സമഗ്രവികസനത്തിന് കൂടുതല്‍ ഭൂമിയും ലഭിക്കേണ്ടതുണ്ട്. മറുനാടന്‍ തീര്‍ത്ഥാടകര്‍ക്ക് കൂടുതല്‍ സൗകര്യങ്ങളും ലഭ്യമാക്കേണ്ടതുണ്ട്. തിരുപ്പതി കഴിഞ്ഞാല്‍ ഏറ്റവും അധികം തീര്‍ത്ഥാടകരെത്തുന്നത് ശബരിമലയിലാണ്. കുടിക്കാനും കുളിക്കാനുമുള്ള ശുദ്ധജലം പ്രാഥമിക ആവശ്യങ്ങള്‍ നിറവേറ്റാനുള്ള സൗകര്യം, വിരിവയ്ക്കാന്‍ സ്ഥലം, യാത്രാസൗകര്യം, സാധനങ്ങള്‍ വാങ്ങാനുള്ള സൗകര്യം, സുഖദര്‍ശനം മുതലായ തീര്‍ത്ഥാടകരുടെ ലളിതവും ന്യായവുമായ ആവശ്യങ്ങള്‍ നിറവേറ്റാനുള്ള പ്രതിബദ്ധത ഹിന്ദുക്കള്‍ക്കൂടി ഉള്‍പ്പെട്ട ജനങ്ങള്‍ തെരഞ്ഞെടുത്ത ഈ സര്‍ക്കാരിനില്ല. മാസ്റ്റര്‍പ്ലാന്‍ അനുസരിച്ചുള്ള വികസന പ്രവര്‍ത്തനങ്ങളില്‍ ഒരെണ്ണംപോലും സര്‍ക്കാര്‍ പൂര്‍ത്തിയാക്കിയിട്ടില്ലാത്ത സാഹചര്യത്തില്‍ തീര്‍ത്ഥാടകര്‍ അഭിമുഖീകരിക്കുന്നത് നിരവധി പ്രശ്‌നങ്ങളാണ്. എരുമേലിയിലുള്ളത് 400 പൊതുകക്കൂസുകള്‍ മാത്രം. നിലയ്ക്കലില്‍ കക്കൂസുകള്‍ കാട് മൂടിയ അസ്ഥയിലാണ്. സോപാനത്തിന് മുന്നില്‍ ചലിയ്ക്കുന്ന പ്ലാറ്റ്‌ഫോം, നിലയ്ക്കല്‍ ടൗണ്‍ഷിപ്പ് മുതലായവയാണ് ഭക്തരുടെ സ്വപ്‌നങ്ങള്‍. ശബരിമല റോഡുകളുടെ അറ്റകുറ്റപ്പണിയില്‍ അഴിമതി അരങ്ങേറുന്നുവെന്നും റോഡുകള്‍ കുണ്ടും കുഴിയുമായി തുടരുന്നുവെന്നും ഇതില്‍ വന്‍അഴിമതി നടക്കുന്നുവെന്നും മറ്റും മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ നിറയുന്നു. അങ്കമാലി-എരുമേലി-പുനലൂര്‍-തിരുവനന്തപുരം റെയില്‍വേ തകരാര്‍ പരിഹരിക്കാന്‍ നടപടി സ്വീകരിച്ചുവെന്ന് പൊതുമരാമത്ത് മന്ത്രി. പക്ഷേ ഇവയുടെ ആയുസ്സ് 41 ദിവസം നില്‍ക്കുമോ! വര്‍ഷങ്ങളുടെ പഴക്കമുള്ള എരുമേലി- പമ്പ ഹൈവേയില്‍ പമ്പാനദിയ്ക്ക് കുറുകെ 7.79 കോടി രൂപയുടെ പാലം പണി ആരംഭിച്ചിട്ട് വര്‍ഷങ്ങളായി. മാലിന്യസംസ്‌കരണത്തിന് ഭൂമിയില്ലെന്നും വനംവകുപ്പില്‍ നിന്നും ആയിരം ഏക്കര്‍ വിട്ടുനല്‍കണമെന്നും ദേവസ്വം ബോര്‍ഡ് ആവശ്യപ്പെട്ടിട്ടും വര്‍ഷങ്ങളായി. നിലയ്ക്കല്‍ കേന്ദ്രീകരിച്ച വികസനമാണ് ഭക്തരുടെ ആവശ്യം. നിലയ്ക്കലില്‍നിന്നും പമ്പയിലേക്ക് പ്രൈവറ്റ് വാഹനങ്ങള്‍ നിരോധിക്കുക, നിലയ്ക്കല്‍-പമ്പ മോണോ റെയില്‍ സ്ഥാപിക്കുക എന്നിങ്ങനെ ഭക്തരുടെ ആവശ്യങ്ങള്‍ പെരുകുമ്പോഴും ഇത്രയധികം ലാഭം ഉണ്ടാക്കുന്ന ദേവസ്വം ബോര്‍ഡും സംസ്ഥാന സര്‍ക്കാരും ശ്രദ്ധിക്കുന്നത് തീര്‍ത്ഥാടകരുടെ സൗകര്യമോ സുഗമദര്‍ശനമോ അല്ല, അവരില്‍നിന്നും ലഭിക്കുന്ന ആദായം മാത്രമാണ്. ശബരിമലയില്‍ ഒരു യൂണിറ്റ് വൈദ്യുതിക്ക് 16.40 രൂപ ഈടാക്കുന്ന കെഎസ്ഇബി വരുമാനം വര്‍ധിക്കുന്നു. ആഭ്യന്തര വകുപ്പ് ആയുധം വാങ്ങിച്ചതും ശബരിമലയുടെ പേരില്‍. 2011 മുതല്‍ തീര്‍ത്ഥാടന കാലത്ത് പൊതുമരാമത്ത് വകുപ്പിന് അനുവദിക്കുന്ന തുക പോലും ഈ സര്‍ക്കാര്‍ വെട്ടിക്കുറച്ചിരിക്കുകയാണ്. ഇവിടെ കാര്‍ഡിയോളജിസ്റ്റിനെ നിയമിക്കണമെന്ന ആവശ്യവും അവഗണിച്ചിരിക്കുകയാണ്. തീര്‍ത്ഥാടനം അട്ടിമറിക്കാനുള്ള ആസൂത്രിത നീക്കമാണ് സര്‍ക്കാര്‍ നടത്തുന്നത്. കെഎസ്ആര്‍ടിസിയും നല്ല ബസ്സുകളോ കൂടുതല്‍ ബസ്സുകളോ അനുവദിക്കാതെ സര്‍ക്കാരിന്റെ അവഗണനക്ക് കൂട്ടുനില്‍ക്കുന്നു. പമ്പാനദിയിലെ മാലിന്യങ്ങള്‍ നീക്കാനും നടപടി ഉണ്ടാകുന്നില്ല. ഇതൊന്നും സര്‍ക്കാര്‍ ശ്രദ്ധയില്‍പ്പെടുത്തി കൂടുതല്‍ സൗകര്യങ്ങള്‍ നേടിയെടുക്കുന്നതില്‍ ദേവസ്വം ബോര്‍ഡും പരാജയമാണ്. എല്ലാവര്‍ക്കും തീര്‍ത്ഥാടകരില്‍ നിന്നുള്ള പണം വേണം, പക്ഷേ സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ ശുഷ്‌ക്കാന്തി കാണിക്കുന്നില്ല. ദേശീയ തീര്‍ത്ഥാടന കേന്ദ്രം എന്ന പദവി കിട്ടിയാല്‍ സൗകര്യങ്ങള്‍ ഒരുക്കാമെന്നാണ് മന്ത്രി അടൂര്‍ പ്രകാശ് പറയുന്നത്. ദേശീയപദവി ലഭിച്ചാല്‍ കോടിക്കണക്കിന് രൂപ വികസന ഫണ്ടായി ലഭിക്കും എന്നാണ് പ്രതീക്ഷ. മറ്റൊരു വസ്തുത തീര്‍ത്ഥാടകര്‍ പ്ലാസ്റ്റിക് ബാഗുകള്‍ കൊണ്ടുവന്ന് പ്ലാസ്റ്റിക് മലിനീകരണവും വര്‍ധിപ്പിക്കുന്നു എന്നതാണ്. ഇത് തടയാന്‍ തീര്‍ത്ഥാടകരെ ബോധവല്‍ക്കരിക്കേണ്ടതുണ്ട്. ഇപ്പോള്‍ എല്ലാ പ്രതീക്ഷകളും പ്രധാനമന്ത്രി നരേന്ദ്ര മോദിയിലാണ്. ശബരിമല സന്ദര്‍ശനത്തിനിടെ തീര്‍ത്ഥാടനത്തിലെ അസൗകര്യങ്ങള്‍ തിരിച്ചറിയുന്ന, പരിഹാര നടപടികള്‍ തല്‍ക്ഷണം സ്വീകരിക്കുന്ന പ്രധാനമന്ത്രിയുടെ സന്ദര്‍ശനം തീര്‍ത്ഥാടകരുള്‍പ്പെടെ ഏവര്‍ക്കും പ്രതീക്ഷ നല്‍കുകയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.