പട്ടേലിനെ ആര്‍ക്കാണ് പേടി?

Wednesday 5 November 2014 11:00 pm IST

അവസാനം നരേന്ദ്രമോദി തന്നെ വേണ്ടിവന്നു സോണിയാഗാന്ധിയുടെ കോണ്‍ഗ്രസിനെക്കൊണ്ട് സര്‍ദാര്‍ വല്ലഭഭായ് പട്ടേലിന്റെ മഹത്വം അംഗീകരിപ്പിക്കാന്‍. പാര്‍ട്ടിയുടെ ഔദ്യോഗിക ജിഹ്വയായ 'കോണ്‍ഗ്രസ് സന്ദേശ്' സര്‍ദാര്‍ പട്ടേലിന്റെ നൂറ്റുമുപ്പത്തിയൊമ്പതാം ജയന്തിയോടനുബന്ധിച്ച് പുറത്തിറങ്ങിയത് ആദ്യ ഉള്‍പ്പേജ് നിറഞ്ഞുനില്‍ക്കുന്ന ആ മഹാപുരുഷന്റെ കളര്‍ ചിത്രവുമായാണ്. പട്ടേലിന്റെ ജന്മദിനമായ ഒക്‌ടോബര്‍ 31 ചരമദിനമായി വരുന്ന ഇന്ദിരാഗാന്ധിയുടെ ചിത്രം മാസികയുടെ അവസാന ഉള്‍പ്പേജിലേക്ക് മാറ്റിയിരിക്കുകയാണ്. പട്ടേലിനോളം വരില്ല ഇന്ദിരയെന്ന് പറയാതെ പറയുകയാണ് കോണ്‍ഗ്രസ് ഇതിലൂടെ. സ്വതന്ത്രഭാരതത്തിന്റെ ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും സര്‍വോപരി 500 ലേറെ നാട്ടുരാജ്യങ്ങളെ യോജിപ്പിച്ച് യഥാര്‍ത്ഥ നവഭാരത ശില്‍പ്പിയുമായ സര്‍ദാര്‍ പട്ടേലിന്റെ ജന്മദിനം നരേന്ദ്രമോദി നേതൃത്വം നല്‍കുന്ന കേന്ദ്രസര്‍ക്കാര്‍ ദേശീയ ഏകതാ ദിനമായി ആഘോഷിക്കുന്നതിനെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്തുവന്ന കോണ്‍ഗ്രസിനാണ് ഈ മനംമാറ്റമുണ്ടായിരിക്കുന്നത്. ചരമദിനം ദേശീയ പുനരര്‍പ്പണദിനമായി ആചരിക്കപ്പെടുന്ന ഇന്ദിരാഗാന്ധിയെ പ്രധാനമന്ത്രി നരേന്ദ്രമോദി അവഗണിക്കുന്നു എന്നായിരുന്നു കോണ്‍ഗ്രസിന്റെ പരാതി. ഈ പരാതിക്ക് യാതൊരു അടിസ്ഥാനവുമില്ലെന്നാണ് പട്ടേലിന് കൂടുതല്‍ പരിഗണനനല്‍കി ഔദ്യോഗിക മാസികയില്‍ ചിത്രം പ്രസിദ്ധീകരിച്ച കോണ്‍ഗ്രസിന്റെ നടപടി തെളിയിക്കുന്നത്. പാര്‍ട്ടിയുടെ ഉന്നതനേതാക്കളും മുന്‍ കേന്ദ്രമന്ത്രിമാരുമായ ഗിരിജാ വ്യാസ്, സല്‍മാന്‍ ഖുര്‍ഷിദ്, ജയ്‌റാം രമേശ് എന്നിവരടങ്ങുന്ന പത്രാധിപസമിതിയുടെ തീരുമാനത്തെ ഒരുവിധത്തിലും തള്ളിപ്പറയാന്‍ കോണ്‍ഗ്രസിനാവില്ല. കോണ്‍ഗ്രസിന്റെ ഔദ്യോഗിക വക്താവുതന്നെ പട്ടേലിന്റെ ചിത്രം പ്രാമുഖ്യം നല്‍കി പ്രസിദ്ധീകരിച്ചതിനെ പുകഴ്ത്തുകയുണ്ടായി. സര്‍ദാര്‍ പട്ടേലിന്റെ ജയന്തിയാഘോഷം മോദി സര്‍ക്കാര്‍ ദേശീയ ഏകതാദിനമായി ആചരിക്കുന്നതിനെ ഇന്ദിരാഗാന്ധിയുടെ ചരമദിനവുമായി ബന്ധപ്പെടുത്തി വിവാദമാക്കിയ കോണ്‍ഗ്രസ് പട്ടേലിന്റെ മഹത്വത്തെ ഇകഴ്ത്തിക്കാട്ടുകയാണുണ്ടായത്. കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റുവെന്ന പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ സ്വതന്ത്രഭാരതത്തില്‍ ആദ്യസര്‍ക്കാര്‍ അധികാരമേറ്റതുമുതല്‍ തുടരുന്ന ഒരു നടപടിയാണിത്. ജവഹര്‍ലാല്‍ നെഹ്‌റു, അനന്തരാവകാശിയായ മകള്‍ ഇന്ദിരാഗാന്ധി, മകന്‍ രാജീവ് ഗാന്ധി എന്നിവരൊക്കെ കഴിഞ്ഞേ കുടുംബാധിപത്യത്തിന് ഇന്ധനമായ മാറിയ കോണ്‍ഗ്രസ് നേതാക്കളുടെ മനസ്സില്‍ സര്‍ദാര്‍ പട്ടേലിന് സ്ഥാനമുണ്ടായിരുന്നുളളൂ. ഭാരതത്തിന്റെ 'ഉരുക്കുമനുഷ്യ'നായി അറിയപ്പെടുന്ന പട്ടേലിനെ ബോധപൂര്‍വം അവഗണിക്കാനും അപകീര്‍ത്തിപ്പെടുത്താനുമുള്ള അവസരങ്ങളൊന്നും കോണ്‍ഗ്രസും പാര്‍ട്ടിയുടെ നേതൃത്വത്തില്‍ അധികാരത്തില്‍ വന്ന സര്‍ക്കാരുകളും പാഴാക്കിയിട്ടില്ല. നെഹ്‌റു കുടുംബത്തിന് ഇല്ലാത്ത മഹത്വം കല്‍പ്പിക്കാന്‍ സര്‍ദാര്‍ പട്ടേലിനെ അവഗണിക്കുകയായിരുന്നുവെന്ന വിമര്‍ശനമുയര്‍ന്നപ്പോഴൊക്കെ പട്ടേലിന് തങ്ങളാണ് രാജ്യത്തെ പരമോന്നത ബഹുമതിയായ ഭാരതരത്‌ന നല്‍കിയതെന്ന മറുപടിയാണ് കോണ്‍ഗ്രസില്‍നിന്ന് ഉണ്ടാവാറുള്ളത്. എന്നാല്‍ മരണാനന്തര ബഹുമതിയായാണ് ഇത് നല്‍കിയതെന്നും അത് ഒരര്‍ത്ഥത്തില്‍ പട്ടേലിനെ അനാദരിക്കുന്നതിന് തുല്യമാണെന്നുമുള്ള സത്യം മറച്ചുപിടിക്കപ്പെട്ടു. 1950 ലാണ് സര്‍ദാര്‍ പട്ടേല്‍ അന്തരിച്ചത്. 1954 മുതലാണ് ഭാരതരത്‌ന നല്‍കാന്‍ തുടങ്ങിയത്. എന്നാല്‍ മൂന്നര പതിറ്റാണ്ട് കഴിഞ്ഞ,് ക്യത്യമായി പറഞ്ഞാല്‍ 36 വര്‍ഷം കഴിഞ്ഞാണ് പട്ടേലിന് ഈ ബഹുമതി നല്‍കുന്നത്. 1991 ല്‍ അധികാരത്തിലിരുന്ന രാജീവ് ഗാന്ധി സര്‍ക്കാരാണ് ഇത് ചെയ്തത്. ഭാരതരത്‌ന ലഭിക്കേണ്ട ആദ്യ പേരുകാരനായിരുന്നു പട്ടേല്‍. അഹിംസയുടെ പ്രവാചകനായിരുന്ന മഹാത്മാഗാന്ധി ജീവിച്ചിരിക്കെ അദ്ദേഹത്തെ അവഗണിച്ച് മറ്റ് പലര്‍ക്കും സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം നല്‍കിയ സ്വീഡിഷ് അക്കാദമിയുടെ നടപടിക്ക് തുല്യമാണ് ഭാരതരത്‌ന നല്‍കാതെ പട്ടേലിനെ അവഗണിച്ച കോണ്‍ഗ്രസിന്റെ നടപടി. ഇപ്പോള്‍ ഇന്ദിരയെക്കാള്‍ വലുതാണ് സര്‍ദാര്‍ പട്ടേല്‍ എന്ന ബോധോദയമുണ്ടായിട്ടുള്ള കോണ്‍ഗ്രസ് 1971 ല്‍ ഇന്ദിരാഗാന്ധിക്ക് ഭാരതരത്‌ന സമ്മാനിച്ചു. ഇന്ദിരയെ ആദരിച്ച് 20 വര്‍ഷം കഴിഞ്ഞപ്പോഴാണ് സര്‍ദാര്‍ എന്ന ഇതിഹാസപുരുഷനെ ആദരിക്കണമെന്ന് കോണ്‍ഗ്രസിന് തോന്നിയത്. ഇതിനേക്കാള്‍ രസകരമായ മറ്റൊരു കാര്യമുണ്ട്. 1991 ല്‍ തന്നെ രാജീവ് ഗാന്ധിക്കും മരണാനന്തര ബഹുമതിയായി ഭാരതരത്‌ന നല്‍കി എന്നതാണ്. പട്ടേലിന്റെ സംഭാവനകളെ കണക്കിലെടുത്ത് ഭാരതരത്‌ന നല്‍കി അംഗീകരിക്കാന്‍ അദ്ദേഹം ലോകത്തോട് വിടപറഞ്ഞ് മൂന്നരപതിറ്റാണ്ട് കാത്തിരുന്ന കോണ്‍ഗ്രസ് രാജീവ് ഗാന്ധി മരണപ്പെട്ട വര്‍ഷംതന്നെ ഭാരതരത്‌ന നല്‍കി. സര്‍ദാര്‍ പട്ടേലിനേക്കാള്‍ മികച്ച എന്ത് സംഭാവനകളാണ് ജവഹര്‍ലാല്‍ നെഹ്‌റുവും ഇന്ദിരാഗാന്ധിയും രാജീവ് ഗാന്ധിയും രാജ്യത്തിന് നല്‍കിയിട്ടുള്ളതെന്ന ചോദ്യമിരിക്കട്ടെ. നെഹ്‌റുവിനും ഇന്ദിരയ്ക്കും ഭാരതരത്‌ന നല്‍കിയത് വഴിവിട്ട മാര്‍ഗത്തിലായിരുന്നുവെന്ന് അധികമാളുകള്‍ക്കും അറിയില്ല. ഏതെങ്കിലും മേഖലയില്‍ അസാധാരണമായ സംഭാവനകള്‍ കാഴ്ചവയ്ക്കുന്നവരെയാണ് ഭാരതരത്‌നയ്ക്ക് തെരഞ്ഞെടുക്കുന്നതെന്നാണ് ഔദ്യോഗിക നിബന്ധന. ഇതിനുള്ള ശുപാര്‍ശ പ്രധാനമന്ത്രി തന്നെയാണ് രാഷ്ട്രപതിക്ക് നല്‍കേണ്ടത്. ഇവിടെയാണ് നെഹ്‌റുവിനും ഇന്ദിരയ്ക്കും ഭാരതരത്‌ന ലഭിച്ചതിനെ സംശയത്തോടെ വീക്ഷിക്കേണ്ടിവരുന്നത്. നെഹ്‌റുവും ഇന്ദിരയുമായിരുന്നു 1957 ലും 1971 ലും യഥാക്രമം ഭാരതത്തിന്റെ പ്രധാനമന്ത്രിമാരായിരുന്നത്. ഇരുവര്‍ക്കും ഭാരതരത്‌ന ലഭിച്ചത് ഇതേവര്‍ഷങ്ങളിലും. അപ്പോള്‍ തങ്ങള്‍ക്ക് ഭാരതരത്‌ന നല്‍കണമെന്ന് നെഹ്‌റുവും ഇന്ദിരയും അക്കാലത്തെ രാഷ്ട്രപതിമാരോട് ആവശ്യപ്പെടുകയായിരുന്നില്ലേ? വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷയിലൂടെ ഈ വസ്തുതകളെല്ലാം വെളിപ്പെട്ടിട്ടും കോണ്‍ഗ്രസ് നേതൃത്വം മൗനം പാലിക്കുകയാണുണ്ടായത്. രാഷ്ട്രീയത്തിലും ഭരണത്തിലും കുടുംബാധിപത്യം അരക്കിട്ടുറപ്പിക്കാന്‍ രാജ്യത്തിന്റെ പരമോന്നത ബഹുമതിയെ ദുരുപയോഗിക്കുകയാണ് കോണ്‍ഗ്രസ് ചെയ്തത്. എല്ലാ അര്‍ഹതയുമുണ്ടായിരുന്നിട്ടും സര്‍ദാര്‍ പട്ടേലിനെ അവഗണിച്ചതും ഭാരതരത്‌ന നല്‍കുന്നത് വച്ചുതാമസിപ്പിച്ചതും ഒടുവില്‍ മരണാനന്തര ബഹുമതിയായി മാത്രം അത് നല്‍കി അനാദരിച്ചതും ജനാധിപത്യം വംശാധിപത്യത്തിന് വഴിമാറിയതുകൊണ്ടാണ്. ജീവിച്ചിരുന്ന കാലത്ത് ജവഹര്‍ലാല്‍ നെഹ്‌റു ഭയപ്പെട്ടിരുന്നതുപോലെ മരണശേഷം കോണ്‍ഗ്രസ് സര്‍ദാര്‍ വല്ലഭായ് പട്ടേലിനെ ഭയക്കുകയാണ്. സര്‍ദാറിന്റെ സംഭാവനകള്‍ അംഗീകരിക്കപ്പെട്ടാല്‍, സര്‍ദാര്‍ യഥോചിതം ആദരിക്കപ്പെട്ടാല്‍, എല്ലാറ്റിനുമുപരി ഭാരതത്തിന്റെ ഈ ഉരുക്കുമനുഷ്യന്‍ ആരായിരുന്നുവെന്ന് ജനങ്ങള്‍ അറിയാന്‍ ഇടവന്നാല്‍ ജനാധിപത്യത്തിന്റെ ചെലവില്‍ പടുത്തുയര്‍ത്തപ്പെട്ട കുടുംബാധിപത്യം തകരുമെന്ന് കോണ്‍ഗ്രസിനറിയാം. അമേരിക്കയിലെ 'സ്റ്റാച്യു ഓഫ് ലിബര്‍ട്ടി'യുടെ മാതൃകയില്‍ ഗുജറാത്തില്‍ 'സ്റ്റാച്യു ഓഫ് യൂണിറ്റി' എന്ന പേരില്‍ ഉയരുന്ന പട്ടേലിന്റെ പ്രതിമ അധികാരം നഷ്ടമായ കോണ്‍ഗ്രസിനെ വല്ലാതെ അസ്വസ്ഥമാക്കുകയാണ്. ഗുജറാത്തില്‍ ഉയരുന്നത് വെറുമൊരു പ്രതിമയല്ലെന്നും ആറു പതിറ്റാണ്ടിലേറെക്കാലത്തെ കോണ്‍ഗ്രസ് ഭരണത്തില്‍ ഭാരതത്തിന് നഷ്ടമായ ആത്മാഭിമാനം വീണ്ടെടുക്കുന്നതിന്റെ സൂചനയാണെന്നും കോണ്‍ഗ്രസ് തിരിച്ചറിയുന്നുണ്ട്. നെഹ്‌റു കുടുംബം അനുഷ്ഠിച്ച ത്യാഗത്തിന്റെ ഇല്ലാക്കഥകള്‍ പറഞ്ഞുപരത്തി മഹത്തായ ഒരു ജനതയ്ക്കുമേല്‍ കുടുംബാധിപത്യം അടിച്ചേല്‍പ്പിക്കാനുള്ള കോണ്‍ഗ്രസിന്റെ ശ്രമം ഇനിയൊരിക്കലും വിലപ്പോവില്ലെന്ന് സര്‍ദാര്‍ പട്ടേലിന്റെ പ്രതിമ ലോകത്തോട് മുഴുവന്‍ വിളിച്ചുപറയും. കോണ്‍ഗ്രസ്മുക്ത ഭാരതം ലക്ഷ്യംവയ്ക്കുന്ന നരേന്ദ്രമോദിയില്‍ കോണ്‍ഗ്രസ് പട്ടേലിന്റെ ശരിയായ പിന്‍മുറക്കാരനെ കാണുന്നുണ്ട്. കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുണ്ടായിരുന്ന കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കീഴില്‍ രണ്ടരപതിറ്റാണ്ടിനിടെ നെഹ്‌റു ഗാന്ധിമാരുടെ പേരിട്ട് 450 പദ്ധതികളാണ് കോണ്‍ഗ്രസ് ആവിഷ്‌കരിച്ചത്. രാജീവ്ഗാന്ധി ഗ്രാമീണ്‍ വിദ്യുത്കരണ്‍ യോജന, രാജീവ്ഗാന്ധി ഡ്രിങ്കിംഗ് വാട്ടര്‍ മിഷന്‍, ഇന്ദിര ആവാസ് യോജന, ഇന്ദിരാഗാന്ധി ദേശീയ വയോജന പെന്‍ഷന്‍ പദ്ധതി, ജവഹര്‍ലാല്‍ നെഹ്‌റു റോസ്ഗാര്‍ യോജന, ജവഹര്‍ലാല്‍ നെഹ്‌റു നഗരവികസനപദ്ധതി തുടങ്ങിയവ ഇതില്‍പ്പെടുന്നു. സഹസ്രകോടികള്‍ ചെലവിടുന്ന ഈ പദ്ധതികള്‍ക്ക് യാതൊരു ലജ്ജയുമില്ലാതെ കുടുംബാധിപത്യത്തിന്റെ മുദ്ര ചാര്‍ത്തിക്കൊടുത്തപ്പോള്‍ ഒരു പദ്ധതിക്കുപോലും പട്ടേലിന്റെ പേര് നല്‍കാനുള്ള മാന്യത കോണ്‍ഗ്രസ് കാണിച്ചില്ല. പട്ടേലിന്റെ സ്മരണകള്‍ വീണ്ടെടുക്കുമ്പോള്‍ ഇത്തരം പദ്ധതികള്‍ക്ക് കീഴില്‍ അരക്കിട്ടുറപ്പിച്ച കുടുംബാധിപത്യം തകരുമെന്നതാണ് കോണ്‍ഗ്രസിന്റെ ഭയം. സര്‍ദാര്‍ പട്ടേലിനെ ഭയക്കാതിരിക്കാന്‍ കോണ്‍ഗ്രസിനാവില്ല.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.