ബ്രഹ്മപുരത്ത് പുതിയ ഖരമാലിന്യ പ്ലാന്റ്

Thursday 6 November 2014 9:52 am IST

കൊച്ചി: നഗരസഭയിലെ ഖരമാലിന്യ സംസ്‌കരണത്തിനായി ബ്രഹ്മപുരത്ത് പുതിയ പ്ലാന്റ് തുടങ്ങുന്നതിന് തീരുമാനം. പതിനെട്ട് അംഗങ്ങളുടെ വിയോജിപ്പോടെയാണ് കൗണ്‍സില്‍ യോഗത്തില്‍ തീരുമാനമായത്. പദ്ധതി കാലതാമസം കൂടാതെ നടത്തുന്നതിനണ് ശ്രമിക്കുന്നതെന്നും മേയര്‍ അഭിപ്രായപ്പെട്ടു. ഹെല്‍ത്ത് കമ്മറ്റിയുമായി ചര്‍ച്ച ചെയ്യാതെയും പ്ലാന്റിനെക്കുറിച്ചുള്ള സാങ്കേതിക കാര്യങ്ങളില്‍ വ്യക്തത വരുത്താതെയും പാസ്സാക്കിയതില്‍ പ്രതിപക്ഷം ശക്തമായ എതിര്‍പ്പ് പ്രകടിപ്പിച്ചു. പ്ലാന്റിനെ സംബന്ധിച്ച വിഷയം പ്രത്യേക കൗണ്‍സിലില്‍ ചര്‍ച്ച ചെയ്യേണ്ട ആവശ്യമില്ലെന്നും അജണ്ട മാറ്റിവെച്ച് പ്രത്യേക കൗണ്‍സില്‍ യോഗം ചേരുന്നതോടെ എന്തു മാറ്റം സംഭവിക്കുമെന്നും മേയര്‍ ചോദിച്ചു. വിശദമായ ചര്‍ച്ചയ്ക്ക് വിധേയമാക്കാമെന്നല്ലാതെ വിഷയത്തില്‍ പ്രത്യേക കൗണ്‍സില്‍ യോഗം ചേരേണ്ടതില്ലെന്നും മേയര്‍ അറിയിച്ചു. പുതിയ പ്ലാന്റിന്റെ നിര്‍മ്മാണം പ്രായോഗികമല്ലെന്ന് പ്രതിപക്ഷ നേതാവ് എ. ജെ. ജേക്കബ് പറഞ്ഞു. ജനബാഹുല്യമുള്ള പ്രദേശത്ത് ഇത്തരമൊരു പ്ലാന്റ് വരുന്നതിനോട് യോജിക്കാനാവില്ല. പൊതു സ്വകാര്യ പങ്കാളിത്തത്തിലാണ് പ്ലാന്റ് തുടങ്ങുന്നതിന് തീരുമാനിച്ചിരിക്കുന്നത്. ഇതിന് സാങ്കേതിക സഹായം നല്‍കുന്നതിന് വേണ്ടി ശുചിത്വമിഷനേയും കണ്‍സള്‍ട്ടന്റ് ആയി കിറ്റ്‌കോയെയുമാണ് നിയമിച്ചിരിക്കുന്നത്. ഇത്തരമൊരു പദ്ധതിക്കു മുന്നൊരുക്കം നടത്തുമ്പോള്‍ ഉണ്ടാകുന്ന ചോദ്യങ്ങള്‍ക്ക് ശുചിത്വമിഷന്‍ വ്യക്തമായ മറുപടി നല്‍കേണ്ടതുണ്ട്. പ്ലാന്റ് സന്ദര്‍ശിച്ച വേളയില്‍ കൗണ്‍സിലര്‍മാരുടെ ചോദ്യത്തിന് യുക്തമായ മറുപടി നല്‍കുന്നതിന് ശുചിത്വ മിഷന് കഴിഞ്ഞില്ലെന്നും എ ജെ ജേക്കബ് കുറ്റപ്പെടുത്തി. മൂന്ന് വര്‍ഷം മുമ്പ് മാലിന്യ പ്ലാന്റ് നിര്‍മാണത്തിനായി പൂനയില്‍ നിന്നും എത്തിയ വിദഗ്ദ്ധ സംഘവും ജനബാഹുല്യം നിമിത്തം പ്രദേശത്ത് പ്ലാന്‍് തുടങ്ങുന്ന അസാധ്യമാണെന്നാണ് അറിയിച്ചിരുന്നതെന്നും എ ജെ ജേക്കബ് പറഞ്ഞു. മാത്രമല്ല, മാലിന്യ പ്ലാന്റ് നിര്‍മ്മാണത്തിനായി ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെട്ട വിദേശ കമ്പനികളുടെ ശേഷിയെ കുറിച്ചോ മുമ്പ് പ്ലാന്റ് നടത്തിയെ പ്രവൃത്തി പരിചയത്തെ കുറിച്ചോ വ്യക്തമാക്കത്തതെന്തന്നും പ്രതിപക്ഷം ചോദിച്ചു. ജനങ്ങളുടെ പൊതു വികാരം കണക്കിലെടുത്താണ് പ്ലാന്റിന്റെ നിര്‍മ്മാണവുമായി മുന്നോട്ടു പോകുന്നതെന്ന് മേയര്‍. പ്ലാന്റിന്റെ കാര്യത്തില്‍ നഗരസഭയ്ക്ക് യാതൊരു വിധ സാമ്പത്തിക ഇടപാടുകള്‍ ഇല്ലെന്നും ഇത്തരം കാര്യങ്ങള്‍ പ്ലാന്റ് നിര്‍മ്മാണത്തിനായി എത്തുന്ന വിദേശ കമ്പനിയും ശുചിത്വമിഷനും ചേര്‍ന്നാണ് നടപ്പാക്കുന്നതെന്നും അതിനാല്‍ പ്ലാന്റ് നിര്‍മ്മാണം നഗരസഭയ്ക്ക് നേട്ടമാണെന്നും മേയറുടെ പ്രസ്താവന പ്രതിപക്ഷം അംഗീകരിച്ചില്ല. ആര്‍എഫ്ക്യു സംബന്ധിച്ച് റിപ്പോര്‍ട്ട് കമ്മിറ്റി അംഗീകാരം പ്രതീക്ഷിച്ച് കൗണ്‍സിലില്‍ സമര്‍പ്പിക്കുന്നതിന് മേയര്‍ മുന്‍കൂര്‍ അനുമതി നല്‍കിയെങ്കിലും വിഷയം കൗണ്‍സില്‍ യോഗത്തില്‍ ചര്‍ച്ച ചെയ്യാത്തതും പ്രതിപക്ഷത്തെ ചൊടിപ്പിച്ചു. പ്രേം കുമാര്‍, റനീഷ്, മഹേഷ്‌കുമാര്‍ സി ഐ ഷക്കീര്‍, സുനില്‍ കുമാര്‍, ടി ജെ വിനോദ്, ബെന്നി തുടങ്ങിയവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.