നേരിയ ഭൂരിപക്ഷം ഉപയോഗിച്ച് എന്തും ചെയ്യാമെന്ന് വിചാരിച്ചാല്‍ നടക്കില്ല - കോടിയേരി

Tuesday 11 October 2011 12:51 pm IST

തിരുവനന്തപുരം : കോഴിക്കോട്ട് സമരക്കാര്‍ക്ക് നേരെ വെടിവച്ച പോലീസ് ഉദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്ത് ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടു. നേരിയ ഭൂരിപക്ഷം ഉപയോഗിച്ച് എന്തും ചെയ്യാമെന്ന് സര്‍ക്കാര്‍ വിചാരിച്ചാല്‍ നടക്കില്ലെന്നും അദ്ദേഹം പറഞ്ഞു. അസിസ്റ്റന്‍റ് കമ്മിഷണര്‍ രാധാകൃഷ്ണ പിളള വെടിവച്ചതു ചട്ടം ലംഘിച്ചാണ്. എന്നിട്ടും സര്‍ക്കാര്‍ നടപടി സ്വീകരിച്ചില്ല. ഇതു മറ്റു പോലീസുകാര്‍ക്കു പ്രോത്സാഹനം നല്‍കും. നിയമസഭയ്ക്കു പുറത്തു മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. സുധാകരന്റെ ഗണ്‍മാന്‍ അടിച്ചുകൊല്ലുന്നു. അസിസ്റ്റന്റ് കമ്മീഷണര്‍ വെടിവെച്ചുകൊല്ലുന്നു. ഇത് കേരളത്തില്‍ നടക്കില്ല. കേരളത്തില്‍ നിയമവാഴ്ച തകര്‍ന്നിരിക്കുന്നു. പോലീസുകാര്‍ സമരക്കാരുടെ തലയ്ക്കാണ് അടിച്ചത്. തലയ്ക്കടിക്കാന്‍ പാടില്ലെന്ന് വ്യക്തമായ നിര്‍ദേശമുണ്ട്. എന്നിട്ടും പോലീസ് തലനോക്കിതന്നെയാണ് അടിച്ചത്. ഹോം ഗാര്‍ഡും വിദ്യാര്‍ത്ഥികളെ തല്ലിച്ചതച്ചു. ഹോം ഗാര്‍ഡിനെ ആരാണ് ഈ ജോലി ഏല്‍പ്പിച്ചതെന്നും കോടിയേരി ചോദിച്ചു. കെ. സുധാകരന്‍റെ ഗണ്‍മാന്‍ യാത്രക്കാരനെ അടിച്ചു കൊന്നു. അസിസ്റ്റന്‍റ് കമ്മിഷണര്‍ വിദ്യാര്‍ഥികള്‍ക്കു നേരെ വെടിവയ്ക്കുന്നു. പൊലീസിനെ ഉപയോഗിച്ച് എന്തും ചെയ്യാനാണു സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും കോടിയേരി ആരോപിച്ചു. നിര്‍മ്മല്‍ മാധവിന് പ്രവേശനം നല്‍കിയത് എല്ലാ ചട്ടങ്ങളും ലംഘിച്ചാണെന്നും കോടിയേരി പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.