പ്രധാനമന്ത്രി നരേന്ദ്രമോദി വാരാണസി സന്ദര്‍ശിക്കും

Thursday 6 November 2014 6:42 pm IST

ന്യൂദല്‍ഹി: പ്രധാനമന്ത്രി തന്റെ ലോക്‌സഭാ മണ്ഡലമായ വാരാണസി സന്ദര്‍ശിക്കുമെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചു. വെള്ളിയാഴ്ചയാണ് മോദി പ്രധാനമന്ത്രിയായ ശേഷം ഇതാദ്യമായി വാരാണസിയിലെത്തുന്നത്. വാരാണസിയില്‍ നടപ്പാക്കാനുദ്ദേശിക്കുന്ന വികസനപദ്ധതികള്‍ ഈ സന്ദര്‍ശനത്തില്‍ അദ്ദേഹം പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിനുള്ള തയ്യാറെടുപ്പുകള്‍ വാരാണസിയില്‍ അതിവേഗം പുരോഗമിക്കുകയാണ്. മാത്രമല്ല പുരാതന ക്ഷേത്രനഗരി കൂടിയായ വാരാണസിയില്‍ കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. സന്ദര്‍ശനത്തോടനുബന്ധിച്ച് പ്രധാനമന്ത്രി നെയ്ത്തുകാര്‍ക്കുവേണ്ടിയുള്ള വ്യാപാരസമുച്ചയത്തിന്റെ ശിലാസ്ഥാപനവും ലോക്‌സഭാംഗമെന്ന നിലയ്ക്ക് ഒരു ഗ്രാമം ദത്തെടുക്കുന്ന പദ്ധതിയായ സന്‍സദ് ആദര്‍ശ് ഗ്രാമ യോജനയുടെ ഉദ്ഘാടനവും നിര്‍വഹിക്കും. യുപി മുഖ്യമന്ത്രി അഖിലേഷ് യാദവ് വാരാണസിയിലെത്തുന്ന പ്രധാനമന്ത്രിയെ സ്വീകരിക്കും. കേന്ദ്ര ടെക്‌സ്റ്റൈല്‍ മന്ത്രി സന്തോഷ് ഗാംഗ്‌വാറും ഒപ്പമുണ്ടാകുമെന്ന് മുഖ്യ പ്രൊട്ടോക്കോള്‍ ഓഫീസര്‍ കൂടിയായ അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് ഒ.പി. ചൗബേ പറഞ്ഞു. ഐജി അശോക് ജെയ്‌നിന്റെ നേതൃത്വത്തില്‍ വന്‍ സുരക്ഷാ സന്നാഹമാണ് വാരാണസിയില്‍ ഒരുക്കിയിരിക്കുന്നത്. ഉത്തര്‍പ്രദേശ് കേഡറിലെ 12 എസ്പിമാര്‍, 18 അഡീഷണല്‍ എസ്പിമാര്‍, 20 ഡെപ്യൂട്ടി എസ്പിമാര്‍, 135 സബ് ഇന്‍സ്‌പെക്ടര്‍മാര്‍ എന്നിവരുടെ നിയന്ത്രണത്തിലാണ് സംസ്ഥാന പോലീസ് സുരക്ഷ ഒരുക്കിയിരിക്കുന്നത്. കൂടാതെ സംസ്ഥാന പോലീസ് സേനയിലെ ആയിരത്തിലധികം ആയുധധാരികളായ കോണ്‍സ്റ്റബിള്‍മാരും ഉണ്ടാകും. പ്രധാനമന്ത്രിയുടെ സുരക്ഷാ ചുമതല വഹിക്കുന്ന സ്‌പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പിന്റെ കീഴിലായിരിക്കും സംസ്ഥാന പോലീസ് പ്രവര്‍ത്തിക്കുക.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.