വേമ്പനാട് കായലില്‍ മത്സ്യലഭ്യത കുറയുന്നു

Thursday 6 November 2014 9:26 pm IST

മുഹമ്മ: വേമ്പനാട്ട് കായലില്‍ മത്സ്യലഭ്യത കുറഞ്ഞു; മത്സ്യത്തൊഴിലാളികള്‍ വറുതിയിലേക്ക്. മത്സ്യലഭ്യത ക്രമാതീതമായി കുറഞ്ഞതോടെ മത്സ്യത്തൊഴിലാളികള്‍ ആശങ്കയിലായി. ഒരുദിവസം 100 രൂപയ്ക്ക് പോലും മത്സ്യം ലഭിക്കുന്നില്ലെന്ന് മത്സ്യത്തൊഴിലാളികള്‍ പറയുന്നു. എന്നാല്‍ ചില ദിവസങ്ങളില്‍ മത്സ്യ ലഭ്യത കൂടുന്നുമുണ്ടെന്ന് അവര്‍ പറഞ്ഞു. ഗുരുവായൂര്‍ നഗരവികസനത്തോടെ അവിടുത്തെ ചെറിയ കായലായ ചക്കുംകണ്ടത്തിനുണ്ടായ അനുഭവം വേമ്പനാട്ട് കായലിനും സംഭവിക്കുമെന്ന് മത്സ്യ മേഖലയുമായി ബന്ധപ്പെട്ട് കഴിയുന്ന കായല്‍ സംരക്ഷണ സമിതി സെക്രട്ടറി കെ.എം. പൂവ് പറഞ്ഞു. തണ്ണീര്‍മുക്കം ബണ്ടിന്റെ വരവിന് മുമ്പ് 429 ടണ്‍ ആറ്റു കൊഞ്ച് ലഭിച്ചിരുന്നുവെന്ന് സര്‍ക്കാരിന്റെ കണക്ക് തന്നെ വ്യക്തമാക്കുന്നു. എന്നാല്‍ തണ്ണീര്‍മുക്കം ബണ്ട് വന്നതിന് ശേഷം അത് 27 ടണ്ണായി കുറഞ്ഞു. ഓരുജലത്തിന്റെ വരവ് കുറഞ്ഞതോടെ കായലില്‍ നിന്നും പലവിധ മത്സ്യ ഇനങ്ങളും അപ്രത്യക്ഷമായി. മത്സ്യലഭ്യത കുറയുന്നതിന് പറയുന്ന കാരണങ്ങളില്‍ ഒന്ന് കായലിന്റെ വിസ്തൃതി കുറഞ്ഞുവെന്നതാണ്. 35,500 ഹെക്ടര്‍ വിസ്തൃതിയുണ്ടായിരുന്ന വേമ്പനാട്ട് കായല്‍ 12,675 ഹെക്ടറായി കുറഞ്ഞു. കൃഷിക്കും മറ്റാവശ്യങ്ങള്‍ക്കും കായല്‍ നികത്തി. കൂടാടെ കുട്ടനാടന്‍ പാടശേഖരങ്ങളില്‍ തളിക്കുന്ന കീടനാശിനികളും മത്സ്യങ്ങളുടെ നാശത്തിന് കാരണമായി. നഗരമാലിന്യങ്ങളുടെ ഫാക്ടറി മാലിന്യങ്ങളും കായലിനെ വിഷമയമാക്കി. കായലിന്റെ ജൈവവൈവിധ്യവും ആവാസവ്യവസ്ഥയും മത്സ്യങ്ങളെ മാത്രമല്ല കായലുമായി ബന്ധപ്പെട്ട് കഴിയുന്ന പക്ഷികളെയും നശിപ്പിച്ചു. കായല്‍ മലിനപ്പെട്ടതോടെ കാര ചെമ്മീന്‍, നാരന്‍ ചെമ്മീന്‍, ഞണ്ട് തുടങ്ങിയ പലവിധ മത്സ്യങ്ങളുടെയും ലഭ്യത കുറഞ്ഞു. കക്കാ ഉത്പാദനവും ഗണ്യമായി കുറഞ്ഞു. കൊഞ്ചില്‍ നിന്ന് മാത്രം 40 കോടി രൂപയാണ് പണ്ട് പ്രതിവര്‍ഷം ലഭിച്ചിരുന്നത്. ഇന്നത്തെ അവസ്ഥ ഏറെ പരിതാപകരമാണ്. അപകടകരമായ സ്ഥിതിയിലേക്ക് വേമ്പനാട്ട് കായലും പരിസരങ്ങളും മാറിയിട്ടും അധികൃതരുടെ ഭാഗത്ത് നിന്നും നടപടികളുണ്ടാകുന്നില്ലെന്ന് കായല്‍ കൊണ്ട് ഉപജീവനം കഴിക്കുന്നവര്‍ പറയുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.