സ്‌പെഷ്യല്‍ സ്‌കൂള്‍ കലോത്സവത്തിന് വര്‍ണാഭമായ തുടക്കം

Thursday 6 November 2014 10:05 pm IST

കണ്ണൂരില്‍ നടക്കുന്ന സംസ്ഥാന സ്‌പെഷ്യല്‍ സ്‌കൂള്‍ കലോത്സവത്തില്‍ കോട്ടയം ശാന്തി നിലയം സ്‌പെഷ്യല്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥിനി എസ്.കെ.സഞ്ജിത നാടോടിനൃത്തം
ഫോട്ടോ: രഞ്ചിത്ത് നാരായണന്‍

കണ്ണൂര്‍: സംസ്ഥാന സ്‌പെഷ്യല്‍ സ്‌കൂള്‍ കലോത്സവത്തിന് കണ്ണൂരില്‍ വര്‍ണാഭമായ തുടക്കം. ഇന്നലെ രാവിലെ മുനിസിപ്പല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ അങ്കണത്തില്‍ പൊതുവിദ്യാഭ്യാസ ഡയരക്ടര്‍ ഇന്‍ ചാര്‍ജ്ജ് എല്‍.രാജന്‍ പതാകയുയര്‍ത്തിയതോടെയാണ് കലോത്സവത്തിന് തിരശ്ശീല ഉയര്‍ന്നത്.

വര്‍ണാഭമായ സാംസ്‌കാരിക ഘോഷയാത്രയും നടന്നു. സമ്മേളനത്തില്‍ വിദ്യാഭ്യാസമന്ത്രി പി.കെ.അബ്ദുള്‍റബ്ബ് കലോത്സവത്തിന്റെ ഔപചാരികമായ ഉദ്ഘാടനം നിര്‍വഹിച്ചു. എ.പി.അബ്ദുളളക്കുട്ടി എംഎല്‍എ അധ്യക്ഷത വഹിച്ചു. ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് കെ.എ.സരള മുഖ്യപ്രഭാഷണം നടത്തി. ടി.കെ.നൂറുന്നീസ ടീച്ചര്‍, എം.സി.ശ്രീജ, കെ.എം.സതീഷ്, സി.കെ.മോഹനന്‍, ഡിഇഒ ദിനേശന്‍ മഠത്തില്‍, ടി.വിമ, പ്രകാശന്‍ തുടങ്ങിയവര്‍ സംസാരിച്ചു. എല്‍.രാജന്‍ സ്വാഗതവും ബഷീര്‍ ചെറിയാണ്ടി നന്ദിയും പറഞ്ഞു.

സര്‍ക്കാറിന്റെ കീഴില്‍ നിലവില്‍ തിരുവനന്തപുരത്ത് മാത്രമാണ് ഭിന്നശേഷിയുള്ള വിദ്യാര്‍ത്ഥികള്‍ക്കായി സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നത്. നാല് കേന്ദ്രങ്ങളില്‍ക്കൂടി ഇത്തരം വിദ്യാര്‍ത്ഥികള്‍ക്കായി സര്‍ക്കാര്‍ തലത്തില്‍ സ്‌കൂളുകള്‍ തുറക്കും. അതുപോലെ ഇത്തരം വിദ്യാര്‍ത്ഥികളെ പഠിപ്പിക്കുന്നതിനായി നാല് പ്രത്യേക അധ്യാപക പരിശീലന കേന്ദ്രങ്ങളും ആരംഭിക്കും. ഇതില്‍ രണ്ട് പരിശീലന കേന്ദ്രങ്ങള്‍ മലപ്പുറത്തും കാസര്‍കോടുമായി ആരംഭിച്ചു കഴിഞ്ഞു.

സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നുളള 2500 ഓളം വിദ്യാര്‍ത്ഥികളാണ് മേളയില്‍ മാറ്റുരക്കാനെത്തിയിരിക്കുന്നത്. കണ്ണൂര്‍ വൊക്കേഷണല്‍ സ്‌കൂളിലെ 6 വേദികളിലും സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഹാളിലുമായാണ് 90 ഓളം ഇനങ്ങളില്‍ മത്സരങ്ങള്‍ നടക്കുന്നത്. നാളെ വൈകുന്നേരം നടക്കുന്ന സമാപന സമ്മേളനം മന്ത്രി കെ.സി.ജോസഫ് ഉദ്ഘാടനം ചെയ്യും. നഗരസഭാ ചെയര്‍പേഴ്‌സണ്‍ റോഷ്‌നി ഖാലിദ് അധ്യക്ഷത വഹിക്കും.

രാത്രി വൈകി മത്സരത്തിലെ പത്ത് ഇനങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ ഹൈസ്‌കൂള്‍ വിഭാഗം ശ്രവണശേഷിക്കുറവുള്ള വിദ്യാര്‍ത്ഥികളുടെ ഹൈസ്‌കൂള്‍ വിഭാഗം മത്സരത്തില്‍ അഞ്ച് പോയന്റുകള്‍ വീതം നേടി മലപ്പുറം, കോട്ടയം, കോഴിക്കോട് ജില്ലകള്‍ ഒപ്പത്തിനൊപ്പമാണ്. കാഴ്ചശക്തി വെല്ലുവിളി നേരിടുന്നവരുടെ ഹയര്‍ സെക്കന്ററി വിഭാഗം മത്സരത്തില്‍ 15 പോയന്റുമായി പാലക്കാട് ഒന്നാം സ്ഥാനത്തും 13 പോയന്റുമായി പത്തനംതിട്ട രണ്ടാം സ്ഥാനത്തും 11 പോയന്റോടെ തൃശൂര്‍ മൂന്നാം സ്ഥാനത്തുമാണ്.
മാനസിക വെല്ലുവിളി നേരിടുന്നവരുടെ വിഭാഗം ഹയര്‍ സെക്കന്ററി വിഭാഗത്തില്‍ 25 പോയന്റുമായി തൃശൂര്‍ ഒന്നാം സ്ഥാനത്തും 21 പോയന്റുമായി എറണാകുളവും കോട്ടയവും രണ്ടാം സ്ഥാനത്തും നില്‍ക്കുകയാണ്. മത്സരങ്ങള്‍ രാത്രി വൈകിയും പുരോഗമിക്കുകയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.