സിപിഎമ്മിനെ തള്ളി സിപിഐ

Thursday 6 November 2014 11:12 pm IST

തിരുവനന്തപുരം: ബാര്‍കോഴ, ആര്‍എസ്പി, സോഷ്യലിസ്റ്റ് ജനതാപാര്‍ട്ടികളുടെ പ്രവേശനം എന്നീ കാര്യങ്ങളില്‍ സിപിഎം നിലപാടിനെ പാടെ എതിര്‍ത്ത് സിപിഐ. ബാര്‍ വിഷയത്തില്‍ ജുഡീഷ്യല്‍ അന്വേഷണമാണ് വേണ്ടതെന്ന നിലപാട് സിപിഐ ആവര്‍ത്തിച്ചു. ആര്‍എസ്പിക്കും സോഷ്യലിസ്റ്റ് ജനതയ്ക്കുമെതിരെ സിപിഎം സെക്രട്ടറി പിണറായി വിജയന്‍ സ്വീകരിച്ച നിലപാടിന് കടകവിരുദ്ധമായി ആര്‍എസ്പിയും സോഷ്യലിസ്റ്റ് ജനതയും ഇടതുപക്ഷത്തിനൊപ്പം വരണമെന്നുതന്നെയാണ് സിപിഐ നിലപാടെന്ന് എക്‌സിക്യൂട്ടീവ് യോഗതീരുമാനങ്ങള്‍ വിശദീകരിച്ച്‌സിപിഐ സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു. സിപിഎമ്മിന്റെ ധാര്‍ഷ്ട്യം ബാര്‍ വിഷയത്തിലും യുഡിഎഫിന് അനുകൂലമാകുന്നുവെന്നാണ് സിപിഐ നേതാക്കളുടെ വിലയിരുത്തല്‍. കോടതിയുടെ മേല്‍നോട്ടത്തില്‍ പ്രത്യേക അന്വേഷണസംഘം വേണമെന്ന സിപിഎമ്മിന്റെ നിലപാട് ഇരട്ടത്താപ്പാണെന്നും അപ്രായോഗികമാണെന്നുമാണ് സിപിഐയുടെ നിലപാട്. നിലപാടുകള്‍ പ്രതിപക്ഷത്തെ ദുര്‍ബലപ്പെടുത്തുന്നുണ്ടെന്ന് പന്ന്യന്‍ രവീന്ദ്രന്‍ തുറന്നുപറഞ്ഞു. ഇത്രയും ഗൗരവമുള്ള വിഷയത്തില്‍ എല്‍ഡിഎഫ് യോഗം വിളിക്കാനാവാത്തത് വീഴ്ചയാണെന്ന് പന്ന്യന്‍ പറഞ്ഞു.ബാര്‍വിഷയത്തില്‍ ഒറ്റക്കെട്ടായി സമരംചെയ്ത് യുഡിഎഫിനെ പ്രതിരോധത്തിലാക്കാനുള്ള അവസരം സിപിഎം കളഞ്ഞു. കെ.എം. മാണിയോടുള്ള സിപിഎമ്മിന്റെ മൃദുസമീപനത്തോട് തങ്ങള്‍ക്ക് യോജിപ്പില്ലെന്നും സിപിഐ വ്യക്തമാക്കി. മാണിയും കോണിയും വേണ്ട എന്ന നിലപാട് സിപിഐ സെക്രട്ടറി വീണ്ടും ആവര്‍ത്തിച്ചത് സിപിഎം ഔദ്യോഗിക നേതൃത്വത്തോടുള്ള വെല്ലുവിളി കൂടിയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.