ആലുവ പാലസിലേക്ക് ബിജെപി-യുവമോര്‍ച്ച മാര്‍ച്ച്

Friday 7 November 2014 10:16 am IST

ആലുവ: ബാര്‍ കോഴയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയും മാണിയും ആഭ്യന്തര മന്ത്രിയും തമ്മില്‍ ചര്‍ച്ച നടന്ന ആലുവ പാലസിലേക്ക് ബിജെപി പ്രവര്‍ത്തകരും യുവമോര്‍ച്ച പ്രവര്‍ത്തകരും മാര്‍ച്ച് നടത്തി. അഡ്വക്കേറ്റ് ജനറലും ചര്‍ച്ചക്കെതിയിരുന്നു. പാലസിന് മുന്നില്‍ പോലീസ് ബിജെപി പ്രവര്‍ത്തകരെ തടഞ്ഞു. പാലസിനകത്ത് എത്തിയശേഷം മന്ത്രി പുറത്തേക്കിറങ്ങുമ്പോള്‍ മുദ്രവാക്യം വിളിയുമായി വാഹനത്തിന് മുമ്പില്‍ ചാടി വീഴുകയായിരുന്നു യുവമോര്‍ച്ചപ്രവര്‍ത്തകരുടെ ലക്ഷ്യം. എന്നാല്‍ പാലസിന്റെ കവാടത്തിലെത്തിയപ്പോള്‍ രാജ്യസഭാ ഉപാദ്ധ്യക്ഷന്‍ പ്രൊഫ. പി.ജെ. കുര്യന്റെ വാഹനം വരുന്നത് കണ്ട് മുദ്രാവാക്യം വിളികളുമായി മുന്നോട്ട് ചാടി. ആളുമാറിയെന്നറിഞ്ഞ് പിന്തിരിഞ്ഞതോടെ പ്രതിഷേധക്കാരെ സി.ഐ ടി.ബി. വിജയന്‍, എസ്.ഐ പി.എ. ഫൈസല്‍, ട്രാഫിക്ക് എസ്.ഐ സി.എല്‍. ഡേവിസ് എന്നിവരുടെ നേതൃത്വത്തില്‍ തടഞ്ഞു. തുടര്‍ന്ന് നടന്ന പ്രതിഷേധ യോഗത്തില്‍ ബി.ജെ.പി ജില്ലാ ജനറല്‍ സെക്രട്ടറി എം.എ. ബ്രഹ്മരാജ്, നിയോജക മണ്ഡലം പ്രസിഡന്റ് എം.എന്‍. ഗോപി, യുവമോര്‍ച്ച നിയോജക മണ്ഡലം പ്രസിഡന്റ് ദിനില്‍ ദിനേശ്, കര്‍ഷക മോര്‍ച്ച ജില്ലാ സെക്രട്ടറി രാജീവ് മുതിരക്കാട് രാഗേഷ്, മിഥുന്‍, അയ്യപ്പദാസ് എന്നിവര്‍ പ്രസംഗിച്ചു. പ്രതിഷേധത്തിന് ശേഷം യുവമോര്‍ച്ച പ്രവര്‍ത്തകര്‍ പിരിഞ്ഞുപോയ ഉടനെ മന്ത്രി മാണി പാലസിലെ 105-ാം നമ്പര്‍ മുറിയില്‍ നിന്ന് ക്യാന്റിനിലേക്കുള്ള വഴിയിലൂടെയെത്തി മാദ്ധ്യമങ്ങളെ വെട്ടിച്ച് കടന്നു. ഈ സമയം തത്സമയ റിപ്പോര്‍ട്ടിംഗിനൊരുങ്ങി ദൃശ്യമാദ്ധ്യമങ്ങള്‍ ഉള്‍പ്പെടെ നിരവധി പേര്‍ പാലസിന്റെ സിറ്റൗട്ടില്‍ കാത്തുനില്‍പ്പുണ്ടായിരുന്നു. മാണി കാറില്‍ കയറിയ ശേഷമാണ് ഇളഭ്യരായ വിവരം മാദ്ധ്യമ പ്രവര്‍ത്തകര്‍ അറിഞ്ഞത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.