ജില്ലയില്‍ റേഷന്‍ വിതരണം പൂര്‍ണമായി നിലച്ചു

Friday 7 November 2014 10:21 am IST

കാക്കനാട്: ജില്ലയില്‍ റേഷന്‍ വിതരണം പൂര്‍ണമായി നിലച്ചു. റേഷന്‍ വ്യാപാരികളുടെ കമ്മീഷന്‍ വര്‍ദ്ധിപ്പിക്കണമെന്നും പഞ്ചസാര, ആട്ട തുടങ്ങിയ സാധനങ്ങള്‍ റേഷന്‍ കടകളില്‍ നേരിട്ട് എത്തിക്കണമെന്നും ആവശ്യപ്പെട്ടു റേഷന്‍കട ഉടമകള്‍ കഴിഞ്ഞ ഒന്നു മുതല്‍ സ്‌റ്റോക്കെടുക്കുന്നതു ബഹിഷ്‌കരിച്ചതോടെയാണ് ഇന്നലെ മുതല്‍ റേഷന്‍ വിതരണം പൂര്‍ണമായി മുടങ്ങിയത്. ജില്ലയിലെ എല്ലാ റേഷന്‍ കടകളിലും നിലവിലുണ്ടായിരുന്ന സ്‌റ്റോക്ക് മുഴുവന്‍ വിറ്റുതീര്‍ന്നതായി റേഷന്‍ വ്യാപാരികളുടെ സംഘടനാ ഭാരവാഹികള്‍ പറഞ്ഞു. ഭക്ഷ്യസാധനങ്ങള്‍ എടുക്കാതിരിക്കുന്നതിന് ഒരാഴ്ചയ്ക്കുള്ളില്‍ കാരണം കാണിക്കണമെന്നാവശ്യപ്പെട്ടു വ്യാപാരികള്‍ക്കു ജില്ലാ സപ്ലൈ ഓഫിസര്‍ നോട്ടിസ് നല്‍കിത്തുടങ്ങിയെങ്കിലും നോട്ടിസ് കൈപ്പറ്റില്ലെന്നാണു വ്യാപാരികളുടെ നിലപാട്. സ്‌റ്റോക്ക് ബഹിഷ്‌കരണം ആറുദിവസം പിന്നിട്ടതോടെ മൊത്തവിതരണ കേന്ദ്രങ്ങളിലും സപ്ലൈകോ സബ് ഡിപ്പോയിലുമുള്‍പ്പെടെ സാധനങ്ങള്‍ സൂക്ഷിക്കാന്‍ സ്ഥലമില്ലാത്ത അവസ്ഥയുണ്ട്. മന്ത്രിയും സംഘടനാ നേതാക്കളുമായി നടന്ന ചര്‍ച്ചകളിലും പ്രതിസന്ധി പരിഹരിക്കുന്നതിനുതകുന്ന തീരുമാനങ്ങള്‍ ഉണ്ടായിട്ടില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.