അന്താരാഷ്ട്ര കേരളചരിത്ര സമ്മേളനം കോഴിക്കോട്ട്

Friday 7 November 2014 7:52 pm IST

കോഴിക്കോട്: രണ്ടാം അന്താരാഷ്ട്ര കേരള ചരിത്ര സമ്മേളനം നവംബര്‍ 14 മുതല്‍16 വരെ കോഴിക്കോട് പ്രോവിഡന്‍സ് കോളജില്‍ നടക്കും. കേരള ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ ഇന്ത്യന്‍ ചരിത്ര ഗവേഷണ കൗണ്‍സില്‍, പ്രോവിഡന്‍സ് കോളജ് എന്നിവയുടെ സഹകരണത്തോടെയാണ് സമ്മേളനം സംഘടിപ്പിക്കുന്നത്. 14 ന് രാവിലെ പത്തിന് ഡോ. ഹെര്‍മന്‍ ഗുണ്ടര്‍ട്ടിന്റെ നാലാം തലമുറയില്‍പ്പെട്ട ഡോ. മാര്‍ഗരറ്റ് ഫ്രന്‍സ് സമ്മേളനം ഉദ്ഘാടനം ചെയ്യുമെന്ന് പ്രസിഡന്റ് ഡോ. എം ജിഎസ് നാരായണന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. 15 ന് ''പ്രാചീന ഇന്ത്യ പുതിയ ചരിത്രങ്ങളുടെ ആവശ്യകത'' എന്ന വിഷയത്തില്‍ ദില്ലി സര്‍വകലാശാലയിലെ ചരിത്ര വിഭാഗം പ്രൊഫസറായ ഡോ. ഉപീന്ദര്‍സിംഗ് പ്രഭാഷണം നടത്തും. പ്രൊഫ. എം.ജി.എസ്. നാരായണന്‍, പ്രൊഫ. എം.ആര്‍. രാഘവവാരിയര്‍, പ്രൊഫ. കെ. കെ. എന്‍. കുറുപ്പ്, പ്രൊഫ. രാജന്‍ഗുരുക്കള്‍, പ്രൊഫ. കേശവന്‍ വെളുത്താട്ട്, പ്രൊഫ. സ്‌കറിയ സക്കറിയ, പ്രൊഫ. കെ. ഗോപാലന്‍കുട്ടി, പ്രൊഫ. കെ.എന്‍. ഗണേഷ്, പ്രൊഫ. വില്‍മജോണ്‍, കെ. കെ. മുഹമ്മദ്, ഡോ. കെ. എം. ഷീബ, ഡോ. സൂസന്‍ തോമസ്, രതീദേവി, രേഷ്മ ഭരദ്വാജ്, ഡോ. നീത എ.സി. എന്നിവര്‍ വിവിധ സെഷനുകളില്‍ പങ്കെടുക്കും. പ്രാചീന കേരളം, പുരാവിജ്ഞാനീയം, നാണയവിജ്ഞാനീയം, മധ്യകാല കേരളം, ആധുനിക കേരളം, കേരളചരിത്രത്തിലെ പുതുപ്രവണതകള്‍ എന്നീ നാലു സെഷനുകളിലായി 152 പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. ഗുണ്ടര്‍ട്ടിന്റെ മലയാള വ്യാകരണം, കേരളപ്പഴമ, കേരളോല്‍പ്പത്തി, പഴഞ്ചൊല്ലുകള്‍, കെ.എന്‍. പണിക്കരുടെ സാംസ്‌കാരിക ഭൗതികവാദം, എം.ആര്‍. രാഘവവാരിയരുടെ മദ്ധ്യകാല കേരളം-സ്വരൂപനീതിയുടെ ചരിത്രപാഠങ്ങള്‍, കെ. രാജന്റെ ഭൂതകാലത്തിന്റെ കൈയൊപ്പുകള്‍, ഡോ. എം.പി. മുജീബ് റഹ്മാനും, കെ.എസ്. മാധവനും എഡിറ്റ് ചെയ്ത എക്‌സ്‌പ്ലൊറേഷന്‍സ് ഇന്‍ സൗത്ത് ഇന്ത്യന്‍ ഹിസ്റ്ററി, ഡോ. പി. ജെ. വിന്‍സന്റും, എ.എം. ഷിനാസും, എഡിറ്റ് ചെയ്ത ലോക്കല്‍ ഹിസ്റ്ററി, ക്വെസ്റ്റ് ഫോര്‍ എ തിയറി ആന്റ് മെത്തേഡ് എന്നീ ഗ്രന്ഥങ്ങളുടെയും കഴിഞ്ഞ വര്‍ഷം നടന്ന കോണ്‍ഫറന്‍സിലെ പ്രബന്ധ സമാഹാരത്തിന്റെയും പ്രകാശനവും ഇതോടനുബന്ധിച്ചു നടക്കും. പത്രസമ്മേളനത്തില്‍ പ്രൊഫ. കെ. ഗോപാലന്‍കുട്ടി, ഡോ. നീത എ.സി, ഡോ. പ്രിയദര്‍ശിനി പി എന്നിവരും പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.